‘ജ്യോമെട്രി’ ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി ഗീലി

‘ജ്യോമെട്രി’ ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി ഗീലി

ആദ്യ ഉല്‍പ്പന്നമായ ‘ജ്യോമെട്രി എ’ അനാവരണം ചെയ്തു

ഷാങ്ഹായ് : ചൈനയിലെ ഗീലി ഓട്ടോ ഗ്രൂപ്പ് ‘ജ്യോമെട്രി’ എന്ന പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പ്രഖ്യാപിച്ചു. ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് കാറായ ‘ജ്യോമെട്രി എ’ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. വോള്‍വോ, ലോട്ടസ് എന്നിവയാണ് ഗീലിയുടെ കീഴിലുള്ള മറ്റ് ബ്രാന്‍ഡുകള്‍. ജ്യോമെട്രി എ കൂടാതെ, 2025 നുമുമ്പ് പത്ത് ഓള്‍ ഇലക്ട്രിക് മോഡലുകള്‍ കൂടി പുതിയ ഇവി ബ്രാന്‍ഡ് വിപണിയിലെത്തിക്കും. ഹാച്ച്ബാക്ക്, സെഡാന്‍, എസ്‌യുവി എന്നീ സെഗ്‌മെന്റുകളിലായിരിക്കും പുതിയ ലോഞ്ചുകള്‍.

യൂറോപ്യന്‍ സ്റ്റൈലിംഗ് സ്വീകരിച്ചാണ് ജ്യോമെട്രിയുടെ ആദ്യ ഉല്‍പ്പന്നമായ ജ്യോമെട്രി എ അരങ്ങേറ്റം നടത്തിയത്. മുന്നില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ കാണാം. ഇലക്ട്രിക് വാഹനമായതിനാല്‍ റേഡിയേറ്റര്‍ ഗ്രില്ലിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ ബംപര്‍ കൂടുതല്‍ വലുതാണ്. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍, പ്രീമിയം സലൂണിന്റെ രൂപകല്‍പ്പനയാണ് ദൃശ്യമാകുന്നത്. കറുപ്പിലും ഇളം തവിട്ടുനിറത്തിലുമുള്ളതാണ് ഡുവല്‍ ടോണ്‍ കാബിന്‍. വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റിയറിംഗില്‍ കണ്‍ട്രോള്‍ നല്‍കിയിരിക്കുന്നു. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ സവിശേഷതയാണ്.

രണ്ട് വേരിയന്റുകളില്‍ ജ്യോമെട്രി എ ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റ് 51.9 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുമ്പോള്‍ 61.9 കിലോവാട്ട്അവര്‍ ലിഥിയം ബാറ്ററി പാക്കോടുകൂടിയാണ് ലോംഗ് റേഞ്ച് വേരിയന്റ് വരുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 410 കിലോമീറ്ററാണ് റേഞ്ച് എങ്കില്‍ ലോംഗ് റേഞ്ച് വേരിയന്റിലെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. 161 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പെര്‍മനന്റ് മാഗ്നറ്റ് സിങ്ക്രണസ് മോട്ടോര്‍ പുറപ്പെടുവിക്കുന്നത്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 8.8 സെക്കന്‍ഡ് മതി. അതിവേഗ ചാര്‍ജിംഗ് നടത്താന്‍ കഴിയുന്നതാണ് ബാറ്ററി. 30 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മതി.

Comments

comments

Categories: Auto
Tags: Geometry