ലണ്ടന്‍ വിപണിയില്‍ ഫിനെബ്ലര്‍; വ്യാപാരം അടുത്ത മാസം ആരംഭിച്ചേക്കും

ലണ്ടന്‍ വിപണിയില്‍ ഫിനെബ്ലര്‍; വ്യാപാരം അടുത്ത മാസം ആരംഭിച്ചേക്കും

ലക്ഷ്യമിടുന്നത് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം

ദുബായ്: യുഎഇ എക്‌സ്‌ചേഞ്ച്, എക്‌സ്പ്രസ് മണി, ട്രാവെലക്‌സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹോള്‍ഡിംഗ് കമ്പനി ‘ഫിനെബ്ലര്‍’ ലണ്ടന്‍ ഓഹരി വിപണിയില്‍ അടുത്ത മാസം വ്യാപാരം ആരംഭിച്ചേക്കും. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 200 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്.

മെയ് ഒന്നോടുകൂടി ഓഹരി വിപണി പ്രവേശനം സംബന്ധിച്ച ലഘുലേഖ പുറത്തിറക്കുമെന്ന് ലണ്ടന്‍ ഓഹരി വിപണിക്ക് അയച്ച പ്രസ്താവനയില്‍ ഫിനെബ്ലര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് കമ്പനി പ്രഥമ ഓഹരി വില്‍പ്പന നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഓഹരികള്‍ക്ക് എത്രമാത്രം ആവശ്യകതയുണ്ടെന്ന ഏകദേശ ധാരണ കിട്ടിയ ശേഷമേ അന്തിമ വില നിശ്ചയിക്കൂ.

മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് മെയ് പകുതിയോടെ ഓഹരി വിപണിയില്‍ പ്രവേശനാനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഫിനെബ്ലര്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ബിനെയ് ഷെട്ടി പറഞ്ഞു.പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ ഏകദേശം 734 മില്യണ്‍ ദിര്‍ഹം(200 മില്യണ്‍ ഡോളര്‍) നിക്ഷേപം സമാഹരിക്കാനാണ് ഫിനെബ്ലര്‍ പദ്ധതിയിടുന്നത്. ഇഷ്യു ചെയ്യുന്ന ഓഹരി മൂലധനത്തിന്റെ 25 ശതമാനം ഓഹരി വിപണിയില്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് വ്യാപാരത്തിനായി ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എഫ്ടിഎസ്ഇ യുകെ സൂചികകളില്‍ ഉള്‍പ്പെടാന്‍ സാധിക്കുമെന്നും ഫിനേബ്ലര്‍ പ്രതീക്ഷിക്കുന്നു

ധനകാര്യ, ടെക്‌നോളജി ബിസിനസുകളെ മനസിലാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഹരി വിപണികളില്‍ ഒന്നാണ് ലണ്ടന്‍ വിപണിയെന്നും അതിനാലാണ് ഫിനെബ്ലര്‍ ലണ്ടന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതെന്നും ബിനെയ് ഷെട്ടി വ്യക്തമാക്കി. പ്രഥമ ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന നിക്ഷേപം ഉപയോഗിച്ച് വായ്പകള്‍ കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുമാണ് കമ്പനി ആലോചിക്കുന്നത്.

പശ്ചിമേഷ്യ, ഏഷ്യ, ആഫ്രിക്ക തുടങ്ങി വളരെ വേഗത്തില്‍ വളരുന്ന വിപണികളിലെയും യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ വിപണികളിലെയും പെയ്‌മെന്റ് സേവന അവസരങ്ങളാണ് കമ്പനി പ്രധാനമായും നോട്ടമിടുന്നതെന്ന് ഫിനെബ്ലറിലെ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ആയ പ്രമോദ് മന്‍ഗത് പറഞ്ഞു.നിലവിലെ അവസ്ഥയില്‍ നിന്നും നിക്ഷേപങ്ങr

ളില്ലാതെ മൂന്നിരട്ടി വളര്‍ച്ചയിലേക്ക് പോകാനും ചെറിയ നിക്ഷേപങ്ങളിലൂടെ ഏഴിരട്ടി വരെ വളര്‍ച്ച കൈവരിക്കാനുമുള്ള ശേഷി ഫിനെബ്ലറിന് ഉണ്ടെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് ചെയിന്‍ വഴി അതിര്‍ത്തിപ്പുറത്തുള്ള വിദേശ കറന്‍സി വിനിമയ സേവനങ്ങള്‍ സാധ്യമാക്കുന്നതിനായി ഇന്ത്യ, പാക്കിസ്ഥാന്‍, യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളിലെ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കമ്പനി അറിയിച്ചു.ബ്ലോക്ക് ചെയിന്‍ വഴി തായ്‌ലന്റിലേക്കുള്ള വിദേശ പണമിടപാട് സാധ്യമാക്കുന്നതിനായി ഫിനെബ്ലര്‍ അനുബന്ധ സ്ഥാപനങ്ങളായ യുഎഇ എക്‌സ്‌ചേഞ്ചും ഉനിമോനിയും അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ റിപ്പിളുമായി കൈകോര്‍ത്തിരുന്നു.

അതേസമയം അടുത്തമാസം നടക്കാനിരിക്കുന്ന ഐപിഒയിലെ അന്തിമ വിലനിലവാരം സംബന്ധിച്ചോ ബിസിനസിന്റെ മൂല്യം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പേയ്‌മെന്റ് കമ്പനിയായ നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ കഴിഞ്ഞ ആഴ്ച ലണ്ടന്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചിരുന്നു. വിപണിയിലെ മുഖ്യ എതിരാളികളില്‍ നിന്നും ലണ്ടന്‍ വിപണിയില്‍ നേരിടാന്‍ പോകുന്ന മത്സരം സംബന്ധിച്ച പ്രതികരിക്കാന്‍ പ്രമോദ് തയ്യാറായില്ല.നിരവധി ആകര്‍ഷകങ്ങളായ അവസരങ്ങളുള്ള പുതിയൊരു യാത്രയുടെ തുടക്കമായാണ് ഞങ്ങള്‍ ഐപിഒ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെപി മോര്‍ഗന്‍, ബര്‍ക്ലെയ്‌സ്, ഗോള്‍ഡ്മാന്‍ സാക്ക്‌സ് തുടങ്ങിയ ആഗോള കമ്പനികളാണ് ഐപിഒ നടപടിക്രമങ്ങളില്‍ ഫിനെബ്ലറിനെ സഹായിക്കുന്നത്.

ഇന്ത്യക്കാരനായ ശതകോടീശ്വരന്‍ ഡോ.ബി ആര്‍ ഷെട്ടി സ്ഥാപിച്ച ഫിനെബ്ലര്‍ 2018 ഡിസംബര്‍ വരെ 114.5 ബില്യണ്‍ ഡോളറിന്റെ (150 ബില്യണിലധികം) ധനമിടപാടുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 170 രാജ്യങ്ങളിലായി 23 മില്യണ്‍ റീറ്റെയ്ല്‍ ഉപഭോക്താക്കളും 500 കോര്‍പ്പറേറ്റ് ഉപഭോക്താക്കളും ഫിനെബ്ലര്‍ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഫിനെബ്ലറിലെ 91 ശതമാനം ഓഹരികളും ഷെട്ടി കുടുംബത്തിന്റേതാണ്. 2012ല്‍ ലണ്ടന്‍ വിപണിയിലെ ഐപിഒയിലൂടെ 562 മില്യണ്‍ ദിര്‍ഹം നിക്ഷേപം സമാഹരിച്ച എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ബി ആര്‍ ഷെട്ടി.

ഫിനേബ്ലര്‍

2018 ഏപ്രില്‍ 23നാണ് ട്രാവലെക്‌സ്, യുഎഇ എക്‌സ്്‌ചേഞ്ച് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ തമ്മില്‍ ലയിപ്പിച്ച് ബി.ആര്‍ ഷെട്ടി ഫിനേബ്ലര്‍ എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് രൂപം നല്‍കിയത്. യുഎഇയ്ക്ക് പുറത്തുള്ള ഫിനേബ്ലര്‍ ബിസിനസ് യൂണിമോണി എന്ന പേരിലാണ് ബ്രാന്‍ഡ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 114.5 ബില്യണ്‍ ഡോളറിന്റെ ധനമിടപാടുകള്‍ ഫിനേബ്ലര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Finablr