2019 ആദ്യ പാദത്തില്‍ മാറ്റമില്ലാതെ ചൈനയുടെ ജിഡിപി വളര്‍ച്ച

2019 ആദ്യ പാദത്തില്‍ മാറ്റമില്ലാതെ ചൈനയുടെ ജിഡിപി വളര്‍ച്ച

നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് 6.4 ശതമാനം ജിഡിപി വളര്‍ച്ച. വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വളര്‍ച്ചാ വേഗം മാറ്റമില്ലാതെ തുടരുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് സുസ്ഥിരമായ തിരിച്ചുവരവാകുമെന്നോ സ്ഥിരത കൈവരിക്കുമെന്നോ ഉടന്‍ പറയാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചെറുകിട വില്‍പ്പനയിലും നിക്ഷേപത്തിലും മികച്ച വേഗത്തിലുള്ള വളര്‍ച്ച നിരീക്ഷിക്കാനായിട്ടുണ്ട്. ആഗോള തലത്തില്‍ ആവശ്യകതയില്‍ ഉണ്ടാകുന്ന വര്‍ധനയും ചൈനയെ സംബന്ധിച്ച് ശുഭ സൂചകമാണ്. 27 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലമായ 6.3 ശതമാനത്തിലേക്ക് എങ്കിലും ജിഡിപി വളര്‍ച്ച താഴാനിടയുണ്ടെന്നാണ് റോയ്‌ട്ടേര്‍സ് സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ സര്‍വെയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്നത്.
ബാഹ്യമായ നിരവധി അനിശ്ചിതത്വങ്ങളെ ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും ചൈനീസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിരവധി ഗുണപരമായ ഘടകങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാസ്റ്റിക്‌സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ 8.5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Business & Economy