ബാലപീഡനം കടുത്ത വിഷാദരോഗത്തിലേക്കു നയിക്കും

ബാലപീഡനം കടുത്ത വിഷാദരോഗത്തിലേക്കു നയിക്കും

കുട്ടിക്കാലത്തെ ലൈംഗികപീഡനങ്ങള്‍ മാനസികാരോഗ്യത്തെ ബാധിക്കുമെന്നു പഠനം

ബാല്യകാലത്തു നേരിടുന്ന പീഡനങ്ങളുടെ ഫലമായുണ്ടാകുന്ന ആഘാതം ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ശാരീരികമായി നേരിടുന്ന കടന്നാക്രമണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും സ്ഥിരമായ വിഷാദരോഗത്തിനു കാരണമായി തീരുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കടുത്ത വിഷാദരോഗം ബാധിച്ചവരെക്കുറിച്ചുള്ള പഠനത്തില്‍, രോഗികളുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത ഘടകങ്ങള്‍ തലച്ചോറിലെ ഘടനയില്‍ മാറ്റം വരുത്തുന്നതായി കണ്ടെത്തി, ബല്യകാലപീഡനവും ആവര്‍ത്തിച്ചുള്ള വിഷാദരോഗവും.

വിഷാദരോഗത്തിന്റെ വികസനത്തിന് കുട്ടിക്കാലത്തെ മാനസികാഘാതം ഒരു പ്രധാന കാരണമാണ്, കൂടാതെ ഇത് തലച്ചോറിലെ മാറ്റങ്ങള്‍ക്കും കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ജര്‍മ്മനിയിലെ മ്യുണ്‍സ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോ. നില്‍സ് ഓപ്പെല്‍ വ്യക്തമാക്കുന്നു. മസ്തിഷ്‌കത്തിലെ തിരുത്തലുകള്‍ക്കും പരീക്ഷണ ഫലവുമായി നേരിട്ട് ബന്ധമുണ്ടെന്നു ഗവേഷണത്തില്‍ മനസിലായി. രണ്ടു വര്‍ഷത്തെ നിരീക്ഷണ പഠനങ്ങളില്‍ 18 മുതല്‍ 60 വയസുവരെയുള്ള 110 വിഷാദരോഗികളെയാണ് വിധേയരാക്കിയത്. എല്ലാവര്‍ക്കും കുട്ടിക്കാലത്ത് പീഡിപ്പിക്കപ്പെട്ട അനുഭവങ്ങള്‍ സംബന്ധിച്ച് ഒരു ചോദ്യാവലി നല്‍കുകയും എല്ലാവരുടെയും തലച്ചോറിന്റെ എംആര്‍ഐ എടുക്കുകയും ചെയ്തു.

തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍, പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും രോഗം മൂര്‍ച്ഛിച്ചതായി കാണാനായി. ഇതിനും കാരണം കുട്ടിക്കാലത്ത് ആവര്‍ത്തിച്ചനുഭവിച്ച പീഡനം മാനസികാവസ്ഥയെ താറുമാറാക്കുകയും തുടര്‍ച്ചയായ വിഷാദത്തിലേക്കു തള്ളിവിടുകയും ചെയ്തതതാണ്. വികാരനിയന്ത്രണവും ആത്മാവബോധവും സാധ്യമാക്കാന്‍ തലച്ചോറിനെ സഹായിക്കുന്ന ഇന്‍സുലാര്‍ കോര്‍ട്ടക്‌സിന്റെ ഉപരിതലത്തില്‍ ഇത് സമാനമായ കുറവുണ്ടാക്കുന്നതായി മസ്തിഷ്‌ക സ്‌കാനുകള്‍ തെളിയിച്ചു.

കടുത്ത മാനസികാഘാതത്തിലൂടെ കടന്നു പോയിട്ടുള്ള രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നാണു പഠനത്തില്‍ നിന്നു മനസിലാക്കാനായ പ്രധാന കാര്യമെന്ന് ഓപ്പെല്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ മസ്തിഷ്‌ക ഘടനയും നാഡീവ്യൂഹ തന്മാത്ര ഘടനയുമെല്ലാം വിഭിന്നമായിരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നിരുന്നാലും, ഈ കണ്ടെത്തലുകള്‍ ഒടുവില്‍ പുതിയ ചികില്‍സാ സമീപനത്തിലേക്ക് നയിക്കുമോ എന്നത് വ്യക്തമല്ല. പഠനഫലങ്ങള്‍ നല്‍കുന്ന മസ്തിഷ്‌കഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച അറിവ് പുതിയ പല ഗവേഷണങ്ങള്‍ക്കും തുടക്കമിടുമെന്ന് കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികരോഗ വിദഗ്ധ ഡോ. മോറിസ് സ്വി പറയുന്നു.

നിലവില്‍ തലച്ചോറിന്റെ വഴക്കം സംബന്ധിച്ച് പല രസകരങ്ങളായ കാര്യങ്ങളും വെളിവാക്കപ്പെട്ടിട്ടുണ്ട്. മസ്തിഷ്‌ക കോശങ്ങളുടെ പുനരുജ്ജീവിപ്പിക്കാനുള്ള ശേഷി, അല്ലെങ്കില്‍ പ്രശ്‌നം ബാധിച്ച മസ്തിഷ്‌കത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവയ്ക്ക് സ്വയം മാറ്റം വരുത്തുന്നതിനുള്ള ശേഷി തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതില്‍പ്പെടുന്നു. മാനസികാഘാതവും വിഷാദരോഗവും പോലുള്ള മാറ്റങ്ങള്‍ സുതാര്യമോ ശാശ്വതമോ ആയതാണോ എന്നറിയാന്‍ ഈ പഠനത്തിന് സാധിക്കുന്നില്ല എന്നതാണ് ഗവേഷണത്തിന്റെ പ്രധാന പോരായ്മ.

സ്മൃതി ചികില്‍സയോ മസ്തിഷ്‌ക ഘടനയില്‍ മാറ്റം വരുത്താനുള്ള മരുന്നുകളോ ഇത്തരം രോഗികള്‍ക്ക് പ്രതീക്ഷകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. എംആര്‍ഐ സ്‌കാനുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി രോഗികള്‍ക്ക് അനുയോജ്യമായ വ്യക്തിഗത ചികില്‍സ നല്‍കുകയുമാകാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ രോഗികള്‍ക്ക് മതിയായ ചികില്‍സ നിശ്ചയിക്കാന്‍ കഴിയുമെന്നതാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഏതു രോഗിക്കാണ് തീവ്രപരിചരണം വേണ്ടതെന്നും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രോഗിയേതാണെന്നും മറ്റും മനസിലാക്കി വ്യക്തിഗത ചികില്‍സാരീതികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി സ്വി പറയുന്നു.

Comments

comments

Categories: Health