ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ചൈനയില്‍ അവതരിച്ചു

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ചൈനയില്‍ അവതരിച്ചു

603 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന ഓള്‍ ഇലക്ട്രിക് 4 ഡോര്‍ സൂപ്പര്‍ സെഡാന്‍

ഷാങ്ഹായ് : ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് പ്രൊഡക്ഷന്‍ കാര്‍ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ എന്ന പൂര്‍ണ്ണ വൈദ്യുത കാറാണ് അനാവരണം ചെയ്തത്. ആകെ 155 എണ്ണം റാപ്പിഡ് ഇ മാത്രമായിരിക്കും ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്നത്. 6.0 ലിറ്റര്‍, വി12 എന്‍ജിന്‍ കരുത്തേകുന്ന നിലവിലെ റാപ്പിഡ് എസ് അടിസ്ഥാനമാക്കിയാണ് റാപ്പിഡ് ഇ നിര്‍മ്മിച്ചിരിക്കുന്നത്.

വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗുമായി സഹകരിച്ചാണ് റാപ്പിഡ് ഇ യില്‍ നല്‍കിയിരിക്കുന്ന ഇലക്ട്രിക് പവര്‍ട്രെയ്ന്‍ വികസിപ്പിച്ചിരിക്കുന്നത്. 800 വോള്‍ട്ട് ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ച്ചര്‍ ബാറ്ററി ഉപയോഗിക്കുന്നു. 65 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് കരുത്തേകുന്ന രണ്ട് റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് ആകെ 602 ബിഎച്ച്പിയില്‍ കൂടുതല്‍ കരുത്തും 950 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ വൈദ്യുത കാറില്‍ 322 കിലോമീറ്റര്‍ സഞ്ചരിക്കാം. അതിവേഗ ചാര്‍ജിംഗ് സവിശേഷതയാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് നാല് സെക്കന്‍ഡില്‍ താഴെ സമയം മതി. 80-133 കിമീ/മണിക്കൂര്‍ വേഗമാര്‍ജ്ജിക്കാന്‍ 1.5 സെക്കന്‍ഡ് മാത്രം. ജിടി, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍.

നിലവിലെ റാപ്പിഡ് എസ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതിനാല്‍, ഒറ്റ നോട്ടത്തില്‍ റാപ്പിഡ് എസ് തന്നെയാണെന്ന് തോന്നിപ്പോകും. എന്നാല്‍ പുറമേ മോടി വര്‍ധിപ്പിക്കുന്ന നടപടികള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്വീകരിച്ചിട്ടുണ്ട്. എയ്‌റോഡൈനാമിക്‌സ് എട്ട് ശതമാനം മെച്ചപ്പെടുത്തിയിരിക്കുന്നു. കാബിനില്‍ ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാം.-

Comments

comments

Categories: Auto