അസാന്‍ജിന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അസാന്‍ജിന്റെ അറസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ ഏഴ് വര്‍ഷത്തെ രാഷ്ട്രീയ അഭയ ജീവിതത്തിന് വിരാമമിട്ട് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഈ മാസം 11 ന് അറസ്റ്റിലായി. അസാന്‍ജിനെ കൊണ്ട് മടുത്തെന്നും അഭയം നല്‍കിയ നടപടി പിന്‍വലിക്കുന്നെന്നുമാണ് ഇക്വഡോര്‍ വ്യക്തമാക്കിയത്. എംബസിയെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോ ആരോപിച്ചു. ലണ്ടന്‍ പൊലീസിന്റെ കൈവശമുള്ള അസാന്‍ജിനെ യുഎസിന് കൈമാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതിന് നോട്ടപ്പുള്ളിയായ വിക്കിലീക്‌സ് സ്ഥാപകന്റെ ഭാവി, ബലം കുറഞ്ഞ ചരടില്‍ തൂങ്ങിയാടുകയാണെന്ന് വ്യക്തം.

2012 ഓഗസ്റ്റ് മുതല്‍ ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ, ഇക്വഡോര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. 2010 നവംബറില്‍ സ്വീഡനില്‍ വെച്ച് നടന്നു എന്നാരോപിക്കപ്പെടുന്ന രണ്ട് ലൈംഗിക പീഡന കേസുകളുടെ പേരിലാണ് നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ എക്കാലത്തെയും മികച്ച മാതൃകകളിലൊന്നായ ജൂലിയന്‍ അസാന്‍ജിനെ ആറു വര്‍ഷമായി അമേരിക്കയും സാമന്തരാജ്യങ്ങളായ ബ്രിട്ടനും സ്വീഡനും ചേര്‍ന്ന് വേട്ടയാടുന്നത്. 2012 ഓഗസ്റ്റ് മുതല്‍ ഇക്വഡോര്‍ എംബസിയില്‍ സൂര്യപ്രകാശമോ ശുദ്ധവായുവോ മതിയായ സഞ്ചാര സ്വാതന്ത്രമോ പോലുമില്ലാതെ രോഗഗ്രസ്തനായി കഴിയുകയായിരുന്നു 44 കാരനായ അസാന്‍ജ്.

അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നതിന്റെ പേരില്‍ അന്യായമായി തടങ്കലിലായ അസാന്‍ജ് അനുഭവിച്ചത് കടുത്ത അന്തര്‍ദേശീയ മനുഷ്യാവകാശ പ്രശ്‌നമാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ ഏജന്‍സിയായി യുഎന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്ററി ഡിറ്റെക്ഷന്റെ (ഡബ്ല്യൂജിഎഡി) നിരീക്ഷണത്തില്‍ അസാന്‍ജിന്റെ കരുതല്‍ തടങ്കല്‍ ആധുനിക മനുഷ്യാവകാശ സങ്കല്‍പ്പങ്ങളുടെ എല്ലാ സീമകളും ലംഘിക്കുന്നത് തന്നെയാണ്.

അമേരിക്കന്‍ പ്രതിരോധ, വിദേശനയങ്ങളേയും മറ്റും സംബന്ധിച്ചുള്ള ലക്ഷക്കണക്കിന് രഹസ്യ രേഖകള്‍, 2006 ല്‍ സ്ഥാപിതമായ വിക്കിലീക്‌സ് എന്ന ലാഭേതര വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതാണ് അസാന്‍ജിനെതിരെയുള്ള ലോക പൊലീസുകാരുടെ അമര്‍ഷത്തിന്റെ പ്രധാന കാരണം. 1971 കാലഘട്ടത്തില്‍ വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട് രഹസ്യ ഫയലുകള്‍ ഡാനിയല്‍ എല്‍സാബര്‍ഗ് എന്ന ന്യൂയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തകന്‍ ‘പെന്റഗണ്‍ പേപ്പേഴ്‌സ്’ എന്ന പേരില്‍ പുറത്തുവിട്ടതിനുശേഷം ഇത്യാദ്യമായാണ് വലിയൊരളവില്‍ അമേരിക്കന്‍ രഹസ്യങ്ങള്‍ പുറത്തുവരുന്നത്. അതിന് നിമിത്തമായതാകട്ടെ 1971 ല്‍ ഓസ്‌ട്രേലിയയില്‍ ജനിച്ച അസാന്‍ജും.

ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി അസ്സാന്‍ജിന് നല്‍കിയിരുന്ന രാഷ്ട്രീയാഭയം അന്തര്‍ദേശീയ തലത്തില്‍ നയതന്ത്ര പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞിരുന്നു. എംബസിയില്‍ നിന്ന് പുറത്ത് വരികയാണെങ്കില്‍ അസാന്‍ജ്, അറസ്റ്റ് ചെയ്യപ്പെടാനും ഒരുപക്ഷേ കൊല്ലപ്പെടാന്‍ പോലുമുള്ള സാധ്യതകളുണ്ടായിരുന്നു. ഇക്വഡോറിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അമേരിക്കന്‍ പദ്ധതി സംബന്ധിച്ച രഹസ്യരേഖകള്‍ വിക്കിലീക്‌സിലൂടെ കൈമാറിയതാണ് അസാന്‍ജിനെ ആ രാജ്യത്തിന് പ്രിയങ്കരനാക്കിയത്.

‘വീ ഓപ്പണ്‍ ഗവണ്‍മെന്റ്‌സ്’ അഥവാ ‘ഞങ്ങള്‍ സര്‍ക്കാരുകളെ തുറന്നു കാണിക്കുന്നു’ എന്ന ആപ്തവാക്യത്തിലൂന്നിയാണ് വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍. 12 ലക്ഷത്തിലേറെ രഹസ്യരേഖകളാണ് വിക്കിലീക്‌സിലൂടെ പുറത്തുവന്നു കഴിഞ്ഞിരിക്കുന്നത്. വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകളിലൂടെയാണ് വിക്കിലീക്‌സിന്റെ ദൈനംദിന ചെലവുകള്‍ നടന്നുപോകുന്നത്. ഗ്വാണ്ടനാമോ ബേയില്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള സൈനിക താവളത്തില്‍ ഭീകരതക്കെതിരെയുള്ള യുദ്ധം (വാര്‍ ഓണ്‍ ടെറര്‍) എന്ന പേരില്‍ അല്‍ക്വെയ്ദ ബന്ധം ആരോപിക്കപ്പെടുന്നവര്‍ക്ക് നേരെ നടക്കുന്ന പൈശാചികമായ അക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 2011 ല്‍ പുറത്തുവിട്ടതോടു കൂടി അമേരിക്കയുടെ കണ്ണിലെ കരടായി വിക്കിലീക്‌സും അസാന്‍ജും മാറി. ഇതു സംബന്ധിച്ച് 779 സ്വകാര്യ ഫയലുകളാണ് അസാന്‍ജും കൂട്ടരും പുറത്തുവിട്ടത്. ‘അമേരിക്ക കേബിള്‍ വയര്‍ സീക്രട്ട്‌സ്’ എന്ന പേരില്‍ പുറത്തുവിട്ട ഇത്തരം രേഖകളിലൂടെ ലക്ഷക്കണത്തിന് വായനക്കാരെയാണ് വിക്കിലീക്‌സിന് ലഭിച്ചത്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ അസാന്‍ജിന്റെ വിവരകൈമാറ്റത്തിന് മല്‍സരിച്ചു. പ്രമുഖ ലോകമാധ്യമങ്ങളായ ‘ ദ ഗാര്‍ഡിയന്‍’ പാക്കിസ്ഥാനില്‍ നിന്നുള്ള ‘ ദ ഡോണ്‍’, ഇന്ത്യയില്‍ നിന്നുള്ള ‘ ദ ഹിന്ദു’ ഉള്‍പ്പെടയുള്ളവര്‍ വിക്കിലീക്‌സിന്റെ വിവരവിനിമയത്തിന്റെ പങ്കാളികളാണ് ഇപ്പോള്‍.

ഏതാലായും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഏറെ സന്തോഷവാനായി കാണപ്പെട്ട അസാന്‍ജ്, എംബസിയുടെ ബാല്‍ക്കണിയില്‍വെച്ച് ലോകമാധ്യമങ്ങളെയും ആരാധകരെയും അഭിസംബോധന ചെയ്യുകയുണ്ടായി. എങ്കിലും സ്വീഡനും ബ്രിട്ടനും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും യുഎന്‍ പാനലിന്റെ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്ത്വവുമില്ലെന്ന നിലപാടിലുമാണ്. ലോകമാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിലെയും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെയും ഒരു പാഠപുസ്തകമായി മാറിയിരിക്കുകയാണ് വിക്കിലീക്‌സും അസാന്‍ജയും. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് സാധ്യതകള്‍ വിജയകരമായി അസാന്‍ജ് ഉപയോഗപ്പെടുത്തിയെങ്കിലും അതിനുള്ള വിലയായി കൊടുക്കേണ്ടി വന്നത് വ്യക്തിജീവിതം തന്നെയാണ്.

നിരവധി അന്തര്‍ദേശീയ ബഹുമതികളും അസ്സാന്‍ജെയെ തേടിയെത്തുകയുണ്ടായി. 2008ല്‍ ഇക്കണോമിസ്റ്റ് വാരികയുടെ പുരസ്‌കാരം, 2009 ല്‍ ആംനെസ്റ്റി അവാര്‍ഡ് എന്നിവയോടൊപ്പം 2010 ല്‍ പ്രശസ്തമായ ടൈംസ് വാരികയുടെ വായനക്കാരില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ടത് അസ്സാന്‍ജെ ആയിരുന്നു. അസ്സാന്‍ജെ തന്റെ വിക്കിലീക്‌സ്് അനുഭവങ്ങള്‍ ‘ വിക്കിലീക്‌സ് ഫയല്‍സ്: ദ വേള്‍ഡ് എക്കോഡിംഗ് ടു ദ യുഎസ് എംബയര്‍ ‘ എന്ന പേരില്‍ 2015 പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

2016 നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അസാന്‍ജും അദ്ദേഹം പുറത്തുവിട്ട രേഖകളും ഒരു വിഷയമായി മാറിയിരുന്നു. പ്രത്യേകിച്ചും അമേരിക്കന്‍ നേതൃത്വത്തിലുള്ള വ്യാപര ഉടമ്പടിയായി ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) എന്ന 12 അംഗരാജ്യങ്ങളുള്ള കൂട്ടായ്മ നിലവില്‍ വരികയാണെങ്കില്‍ വ്യാപക കൂട്ട പിരിച്ചുവിടലുകള്‍ യുഎസില്‍ ഉണ്ടാകുമെന്ന് 2013 ല്‍ അസാന്‍ജ് പുറത്തുവിട്ട രേഖകളില്‍ പറഞ്ഞിരുന്നു. 2013 ല്‍ തന്നെ, 1970 കളില്‍ അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തിയ ഇടപെടലുകളെ സംബന്ധിച്ച 17 ലക്ഷം രഹസ്യരേഖകളും വിക്കിലീക്‌സ് പുറത്തുവിടുകയുണ്ടായി.

അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ കരാര്‍ ജീവനക്കാരനായ എഡ്വേര്‍ഡ് സ്‌നോഡനെ കൂട്ടാളിയായി ലഭിച്ചത് അതീവരഹസങ്ങള്‍ എളുപ്പത്തില്‍ കരഗതമാക്കാന്‍ അസാന്‍ജിനെ സഹായിച്ചു. അമേരിക്കന്‍ ചാരവൃത്തിയും നിരീക്ഷണവും സംബന്ധിച്ചുള്ള അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് 32 കാരനായ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ടത്. ഗവണ്‍മെന്റ് രേഖകള്‍ മോഷ്ടിക്കുകയും പുറത്തുവിടുകയും ചെയ്തതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്‌നോഡന് റഷ്യയില്‍ രാഷ്ട്രീയാഭയം നല്‍കിയിരിക്കുകയാണ് റഷ്യന്‍ ഭരണാധിപന്‍ വഌഡിമിര്‍ പുട്ടിന്‍. റഷ്യ-അമേരിക്ക ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനും സ്‌നോഡന്‍ സംഭവ വികാസങ്ങള്‍ ഒരു നിമിത്തമാകുകയുണ്ടായി. റഷ്യന്‍ ഭരണാധികാരി പുട്ടിന്റെ സഹായം സ്‌നോഡന് തുടര്‍ന്നും ലഭിക്കും എന്നു തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ലോക പൊലീസുകാരന്റെ ഭാവത്തില്‍ മറ്റുരാഷ്ട്രങ്ങളെ നിരീക്ഷിക്കുകയും അതുവഴി നിയന്ത്രിക്കുകയും ചെയ്യുന്ന പശ്ചാത്യ ശക്തികള്‍ക്ക് തുടര്‍ന്നും കണ്ണിലെ കരടായി അസാന്‍ജും വിക്കിലീക്‌സും തുടരുന്നത് തന്നെയാണ് പുതുലോകക്രമത്തിന് ഏറ്റവും ഉചിതം. യുഎന്‍ മനുഷ്യാവകാശ പാനലിന്റെ അന്തസത്ത അമേരിക്ക, ബ്രിട്ടണ്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ വൈകാതെ ഉള്‍ക്കൊള്ളുമെന്ന് നമുക്ക് കരുതാം. അല്ലെങ്കില്‍ അങ്കിള്‍ സാമിന്റെ (അമേരിക്കന്‍ വിദേശനയത്തിന്റെ ചെല്ലപേര്) മാത്രമല്ല, സര്‍ക്കാരുകളുടെ രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവരുന്ന ആരുതന്നെയായാലും അവര്‍ക്ക് നിര്‍ലോഭ പിന്തുണ നല്‍കേണ്ടതുണ്ട്.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Categories: FK Special, Slider