റിലയന്‍സിന്റെ 25% ഓഹരികള്‍ വാങ്ങാന്‍ സൗദി അരാംകോ

റിലയന്‍സിന്റെ 25% ഓഹരികള്‍ വാങ്ങാന്‍ സൗദി അരാംകോ
  • ലോകത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയും ഇന്ത്യയിലെ ലാഭമുണ്ടാക്കുന്ന കമ്പനിയും കൈകോര്‍ക്കുന്നു
  • റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ, പെട്രോ കെമിക്കല്‍ ബിസിനസിലാണ് സൗദി അരാംകോയുടെ കണ്ണ്
  • റിലയന്‍സിന്റെ കാല്‍ ശതമാനം ഓഹരികള്‍ കൈവശപ്പെടുത്താന്‍ അരാംകോ 10-15 ബില്യണ്‍ ഡോളര്‍ മുടക്കിയേക്കും

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഉല്‍പ്പാദക കമ്പനിയായ സൗദി അരാംകോ, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍ ബിസിനസിന്റെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുന്നു. സൗദി ഭരണകൂടത്തിന്റെ ഉടസ്ഥതയിലുള്ള അരാംകോയും റിലയന്‍സ് പെട്രോ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ എണ്ണ വ്യാപാര കമ്പനിക്ക് 55-60 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇത് പ്രകാരം 10-15 ബില്യണ്‍ ഡോളറോളം തുകയാവും കാല്‍ ശതമാനം ഓഹരികള്‍ വാങ്ങാന്‍ സൗദി കമ്പനി ചെലവഴിക്കുക.

ജൂണ്‍ മാസത്തോടെ കരാര്‍ സംബന്ധിച്ച് ധാരണയാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഗോള്‍ഡ്മാന്‍ സാക്‌സായിരിക്കും നിര്‍ദിഷ്ട ഇടപാടിലെ ഉപദേശകര്‍. ഓഹരി കൈമാറ്റം സംബന്ധിച്ച വാര്‍ത്തകളോട് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് പെട്രോ കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള പദ്ധതി വ്യക്തമാക്കിയിരുന്നു. കൂടാതെ, സൗദി അരാംകോയുടെ സിഇഒ ആയ അമിന്‍ നാസ്സര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുകയും തങ്ങളുടെ അസംസ്‌കൃത എണ്ണ, കെമിക്കല്‍സ്, നോണ്‍ മെറ്റാലിക്‌സ് ബിസിനസുകളെപ്പറ്റി ചര്‍ച്ച നടത്തുകയുമുണ്ടായി. മുഹമ്മദ് ബിന്‍ സല്‍മാന്റെ കൂടി പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് ഇടപാട് അതിവേഗം പുരോഗമിക്കുന്നത്. ഡിസംബറില്‍ അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഉദയ്പൂരില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്ത സൗദി എണ്ണ മന്ത്രി, നിക്ഷേപ താല്‍പ്പര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യുഎസിനും ചൈനക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ നിക്ഷേപം ശക്തമാക്കാന്‍ അടുത്തിടെ സൗദി കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നാല് ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഉപയോഗിക്കുന്നത്. 2040 ഓടെ ആഭ്യന്തര ക്രൂഡ് ഓയില്‍ ഉപഭോഗം പ്രതിദിനം 10 ദശലക്ഷം ബാരലിലേക്ക് ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ ഉല്‍പ്പാദനം, പ്രതിദിനം 4.6 ദശലക്ഷം ബാരല്‍ എണ്ണയാണ്. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരണ ശേഷിയുള്ള റിഫൈനറി, ഇന്ത്യന്‍ കമ്പനികളുമായി സഹകരിച്ച് നിര്‍മിക്കാനുള്ള പദ്ധതി സൗദി അരാംകോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് വെളിയില്‍ ലാഭകരമായ മേഖലകളില്‍, പ്രത്യേകിച്ച് പെട്രോകെമിക്കല്‍ ബിസിനസില്‍ നിക്ഷേപം നടത്താനാണ് അരാംകോയ്ക്ക് എംബിഎസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ മാസമാദ്യം 360 ബില്യണ്‍ ഡോളര്‍ വരുമാനവും 111 ബില്യണ്‍ ഡോളര്‍ ലാഭവും കരസ്ഥമാക്കിയ അരാംകോ, ആപ്പിൡനെ പിന്തള്ളി ലോകത്തെ ഏറഅറവും ലാഭമുണ്ടാക്കുന്ന കമ്പനിയായ ഉയര്‍ന്നിരുന്നു.

വമ്പന്‍മാരുടെ കൈകോര്‍ക്കല്‍

സൗദി അരാംകോ

  • ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകര്‍. 13.6 ദശലക്ഷം ബാരല്‍ പ്രതിദിന ഉല്‍പ്പാദനം
  • ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി. 2018 ല്‍ ലാഭം 111 ബില്യണ്‍ ഡോളര്‍
  • വാര്‍ഷിക വരുമാനം 360 ബില്യണ്‍ ഡോളര്‍. ഇന്ത്യയുടെ ആകെ വിപണി മൂലധനത്തിന്റെ അഞ്ചിലൊന്ന്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനി. 1.4 ദശലക്ഷം ബാരല്‍ പ്രതിദിന ഉല്‍പ്പാദനം
  • ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനി. ലാഭം 6.6 ബില്യണ്‍ ഡോളര്‍
  • വാര്‍ഷിക വരുമാനം 54.8 ബില്യണ്‍ ഡോളര്‍. എണ്ണ ശുദ്ധീകരണത്തില്‍ നിന്ന് 2,56,361 കോടി രൂപ നേട്ടം
Categories: Business & Economy, Slider