ഡബ്ല്യുപിഐ പണപ്പെരുപ്പം 3.18 ശതമാനം

ഡബ്ല്യുപിഐ പണപ്പെരുപ്പം 3.18 ശതമാനം
  • തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത്
  • ഫൈബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു പണപ്പെരുപ്പം

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഉയരുന്നത്.

ഫൈബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലിത് 2.74 ശതമാനമായിരുന്നു. പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നതിനൊപ്പം ഭക്ഷ്യവിലക്കയറ്റം രൂക്ഷമായതാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയത്.

പച്ചക്കറികളുടെ വിലയില്‍ 28.13 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. ഫെബ്രുവരിയില്‍ വെറും 6.82 ശതമാനം മാത്രം വില വര്‍ധന അനുഭവപ്പെട്ട സ്ഥാനത്താണിത്. അതേസമയം, ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റം ഫെബ്രുവരിയിലെ 23.40 ശതമാനത്തില്‍ നിന്നും 1.30 ശതമാനമായി ചുരുങ്ങി. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയില്‍ 5.68 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്.

ഇന്ധന-ഊര്‍ജ വിഭാഗത്തില്‍ കഴിഞ്ഞ മാസം 5.41 ശതമാനം വില വര്‍ധന അനുഭവപ്പെട്ടു. ഫെബ്രുവരിയില്‍ 2.23 ശതമാനം വിലക്കയറ്റം നേരിട്ട സ്ഥാനത്താണിത്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 2.86 ശതമാനമായി വര്‍ധിച്ചിരുന്നു. ഫെബ്രുവരിയില്‍ 2.57 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം. എന്നാല്‍, 2018 മാര്‍ച്ചിലെ 4.28 ശതമാനം പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്.

ധനനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് റീട്ടെയ്ല്‍ പണപ്പെരുപ്പമാണ്. ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി ഇപ്പോഴും റീട്ടെയ്ല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ഈ മാസം ആദ്യം നടന്ന ധനനയ അവോലോകന യോഗത്തിലും അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്.

2018 ജൂലൈ മുതലാണ് റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ ഇടിവ് നിരീക്ഷിച്ച് തുടങ്ങിയത്. അന്ന് 4.17 ശതമാനമായിരുന്നു പണപ്പെരുപ്പം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.9-3 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ നിഗമനം. ഭക്ഷ്യ, ഇന്ധന വിലക്കുറവുണ്ടാകുമെന്നും കാലവര്‍ഷം സാധാരണ നിലയില്‍ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്.

Comments

comments

Categories: Business & Economy
Tags: inflation, WPI