വിറ്റാര ബ്രെസ്സയില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും

വിറ്റാര ബ്രെസ്സയില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും

നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് കോംപാക്റ്റ് എസ്‌യുവി ലഭിക്കുന്നത്

ന്യൂഡെല്‍ഹി : മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് വിപണിയിലെത്തിക്കും. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് കോംപാക്റ്റ് എസ്‌യുവി ലഭിക്കുന്നത്. സുസുകിയുടെ പുതിയ കെ15ബി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ബ്രെസ്സയില്‍ നല്‍കുന്നത്. സിയാസില്‍ അരങ്ങേറിയ ഈ മോട്ടോര്‍ പിന്നീട് രണ്ടാം തലമുറ എര്‍ട്ടിഗയിലും നല്‍കിയിരുന്നു. 1462 സിസി എന്‍ജിന്‍ മാരുതി സുസുകി സിയാസില്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെ വിറ്റാര ബ്രെസ്സയില്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്നീട് നല്‍കാനാണ് മാരുതി സുസുകിയുടെ പദ്ധതി. പെട്രോള്‍ എന്‍ജിന്‍ കൂടാതെ, സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം കൂടി വിറ്റാര ബ്രെസ്സയില്‍ നല്‍കും. പെട്രോള്‍ എന്‍ജിന്‍ ബ്രെസ്സയില്‍ മാരുതി ചില സൗന്ദര്യവര്‍ധക പൊടിക്കൈകള്‍ നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 പെട്രോള്‍ (123 എച്ച്പി, 150 എന്‍എം), ടാറ്റ നെക്‌സോണ്‍ 1.2 ടര്‍ബോ-പെട്രോള്‍ (110 എച്ച്പി, 170 എന്‍എം), മഹീന്ദ്ര എക്‌സ്‌യുവി 300 1.2 ടര്‍ബോ-പെട്രോള്‍ (110 എച്ച്പി, 200 എന്‍എം) എന്നിവയായിരിക്കും വിറ്റാര ബ്രെസ്സ 1.5 പെട്രോള്‍ പതിപ്പിന്റെ പ്രധാന എതിരാളികള്‍. വിപണിയിലെത്തുന്ന ഹ്യുണ്ടായ് വെന്യൂ എസ്‌യുവി മറ്റൊരു എതിരാളിയായിരിക്കും. 100 എച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനിലാണ് ഹ്യുണ്ടായ് വെന്യൂ വരുന്നത്.

ഇവയെല്ലാം കൂടാതെ, മാരുതി സുസുകി വിറ്റാര ബ്രെസ്സയില്‍ ഈ വര്‍ഷം പുതിയ ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ നല്‍കും. സിയാസ് സെഡാനില്‍ അരങ്ങേറിയ മാരുതി സുസുകിയുടെ 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറാണ് (ഡിഡിഐഎസ് 225) നല്‍കുന്നത്. ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് (ഡിഡിഐഎസ് 200) നിലവില്‍ വിറ്റാര ബ്രെസ്സ ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto