യുഎഇയിലെ സ്വകാര്യമേഖലയിലേക്ക് ഇറ്റാലിയന്‍ കമ്പനികള്‍ക്ക് ക്ഷണം

യുഎഇയിലെ സ്വകാര്യമേഖലയിലേക്ക് ഇറ്റാലിയന്‍ കമ്പനികള്‍ക്ക് ക്ഷണം

അറബ് മേഖലയില്‍ ഇറ്റലിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ

ദുബായ്: നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ (എഫ്ഡിഐ) ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനായി ഇറ്റാലിയന്‍ എണ്ണ, വാതക, പുനരുപയോഗ ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന കമ്പനികളെ രാജ്യത്തെ സ്വകാര്യമേഖലയില്‍ വിവിധ പങ്കാളിത്ത പദ്ധതികള്‍ക്കായി ക്ഷണിക്കുകയാണെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂറി. വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുമ്പോള്‍ എഫ്ഡിഐ നിക്ഷേപങ്ങള്‍ക്ക് യുഎഇ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ എഫ്ഡിഐ നിയമങ്ങള്‍ വിദേശ കമ്പനികള്‍ക്ക് നിരവധി അവസരങ്ങളാണ് ഒരുക്കുന്നതെന്ന് ദുബായില്‍ നടന്ന ഇറ്റലി-യുഎഇ ബിസിനസ് ഫോറത്തില്‍ മന്ത്രി പറഞ്ഞു. യുഎഇ സര്‍ക്കാറും സ്വാകാര്യ മേഖലയും വളരെ പ്രാധാന്യം നല്‍കുന്ന മേഖലകളാണിത്. പരസ്പര നിക്ഷേപങ്ങള്‍ക്ക് അനവധി അവസരങ്ങള്‍ ഉള്ളതിനാല്‍ നിക്ഷേപങ്ങളുടെ പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇറ്റാലിയന്‍ കമ്പനികളെ ക്ഷണിക്കുകയാണ്. സുല്‍ത്താന്‍ അല്‍ മന്‍സൂറി പറഞ്ഞു.

അറബ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുഎഇയ്ക്ക് എഫ്ഡിഐ ഒഴുക്കില്‍ മേഖലയില്‍ ഒന്നാംസ്ഥാനമാണുള്ളത്. 2018ല്‍ 38.17 ബില്യണ്‍ ദിര്‍ഹം നേരിട്ടുള്ള വിദേശനിക്ഷേപമാണ് യുഎഇയിലേക്ക് ഒഴുകിയതെന്ന് കേന്ദ്രബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലകളിലേക്കുള്ള എഫ്ഡിഐയില്‍ 22 ശതമാനവും യുഎഇയിലാണ് നടക്കുന്നതെന്ന് യുഎഇ മന്ത്രിയായ അഹമ്മദ് അല്‍ സയെഗ് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. എണ്ണ, വാതക മേഖലകളിലാണ് യുഎഇയില്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങളും നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ 21 ബില്യണ്‍ ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപമാണ് മേഖല സ്വന്തമാക്കിയത്.

എണ്ണ മേഖലയിലുള്ള ആശ്രയത്വം കുറയ്ക്കാന്‍ വിവിധ വരുമാന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന യുഎഇ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ മികവുറ്റ എഫ്ഡിഐ നിയമത്തിലൂടെ ഈ വര്‍ഷം കൂടുതല്‍ എഫ്ഡിഐ രാജ്യത്തേക്ക് ഒഴുകുമെന്നാണ് യുഎഇയുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏഷ്യയില്‍ നിന്നുള്ള വ്യാപാര പങ്കാളികളെയാണ് യുഎഇ കൂടുതലായും അന്വേഷിക്കുന്നതെങ്കിലും ഇറ്റലി പോലുള്ള നിലവിലുള്ള യൂറോപ്യന്‍ വ്യാപാര പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും യുഎഇ കൂടുതല്‍ ജാഗ്രത കാണിക്കുന്നുണ്ട്.

ഇറ്റലിയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളില്‍ ഉണ്ടായത്. ഇരുരാഷ്ട്രങ്ങളും തമ്മില്‍ 2017ല്‍ ഏകദേശം 7.8 ബില്യണ്‍ ഡോളറിന്റെ എണ്ണേതര വ്യാപാരം നടന്നിട്ടുണ്ട്. 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ യുഎഇയിലേക്കുള്ള എണ്ണേതര കയറ്റുമതിയില്‍ 7.7 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഉണ്ടായതായി മന്ത്രി പറഞ്ഞു.

ഇറ്റലിയുടെ ഏറ്റവും വലിയ അറബ് വ്യാപാര പങ്കാളിയാണ് യുഎഇ. യുഎഇയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ യുഎഇയിലേക്ക് ഏറ്റവുമധികം കയറ്റുമതി നടത്തുന്ന രണ്ടാമത്തെ വലിയ രാഷ്ട്രവുമാണ് ഇറ്റലി.

Comments

comments

Categories: Arabia