യുഎഇയെ കാത്തിരിക്കുന്ന എക്‌സ്‌പോ വസന്തം; പ്രതീക്ഷിക്കുന്നത് 122.6 ബില്യണ്‍ ദിര്‍ഹം നിക്ഷേപം

യുഎഇയെ കാത്തിരിക്കുന്ന എക്‌സ്‌പോ വസന്തം; പ്രതീക്ഷിക്കുന്നത് 122.6 ബില്യണ്‍ ദിര്‍ഹം നിക്ഷേപം

ദുബായ് എക്‌സ്‌പോ 2020യുടെ ഭാഗമായി യുഎഇയില്‍ ആകെ 905,200 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും

ദുബായ്: ദുബായ് നഗരം ആവേശത്തോടെ കാത്തിരിക്കുന്ന ഷോപ്പിംഗ് മാമാങ്കം ദുബായ് എക്‌സ്‌പോ 2020 യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കാന്‍ പോകുന്നത് 122.6 ബില്യണ്‍ ദിര്‍ഹത്തിന്റെ ഊര്‍ജം. 2013-2031 കാലത്തിനിടയ്ക്ക് എക്‌സ്‌പോ 2020യുടെ ഭാഗമായി 905,200 തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സിയായ ഇവൈയുടെ സ്വതന്ത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് മാസക്കാലം നീളുന്ന അറബ് ലോകത്തെ ഏറ്റവും വലിയ ആഗോള പ്രദര്‍ശന മേള യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എക്‌സ്‌പോ 2020 യാഥാര്‍ത്ഥ്യമാക്കുന്നതിനും അതിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ദുബായിലേക്ക് ഒഴുകുന്ന നിക്ഷേപങ്ങള്‍, പരിപാടിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ സേവനങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി ചിലവഴിക്കുന്ന തുക, എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ബിസിനസ് സംരംഭങ്ങള്‍ എന്നിവ വരും വര്‍ഷങ്ങളില്‍ പ്രധാനമായും ബിസിനസ് മേഖലയ്ക്കും ചെറിയ തോതില്‍ മറ്റ് മേഖലകള്‍ക്കും ഊര്‍ജം പകരുമെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.

എക്‌സ്‌പോ നടത്തുന്നതിനുള്ള അവസരം സ്വന്തമാക്കിയ 2013 നവംബര്‍ മുതല്‍ എക്‌സ്‌പോ ആരംഭിക്കുന്ന 2020 ഒക്‌റ്റോബര്‍ വരെ വേദി നിര്‍മാണം, അനുബന്ധ അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നിര്‍മാണ മേഖല ദുബായുടെ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയെന്നും ഇവൈ പറയുന്നു.

യുഎഇയുടെ ഭാവിക്ക് വളരെ നിര്‍ണായകമായ ദീര്‍ഘകാല നിക്ഷേപമാണ് ദുബായ് എക്‌സ്‌പോ 2020യിലൂടെ കൈവരികയെന്ന വ്യക്തമായ റിപ്പോര്‍ട്ടാണ് ഇവൈ പങ്കുവെക്കുന്നതെന്ന് എക്‌സ്‌പോയുടെ എക്‌സിക്യുട്ടീവ് ഡയറക്റ്ററായ നജീബ് മുഹമ്മദ് അല്‍ അലി പറഞ്ഞു. എക്‌സ്‌പോയുടെ ഭാഗമായി യുഎഇ സന്ദര്‍ശിക്കാന്‍ ലോകത്തിലുള്ള ആളുകള്‍ക്ക് പ്രചോദനമാകുക മാത്രമല്ല, എമിറേറ്റിലെ യാത്ര, വിനോദ സഞ്ചാരമേഖലകളെ ഉത്തേജിപ്പിക്കുകയും എക്‌സോപ്‌യ്ക്ക് ശേഷവും യുഎഇയിലെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തിക പാരമ്പര്യം എമിറേറ്റിന് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന പരിപാടിയായി ഇത് മാറുമെന്നും അേേദ്ദഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, പരിപാടിയോടെ ബിസിനസ് നടത്തുന്നതിനും നിക്ഷേപത്തിനും വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച ഇടമായി ദുബായ് ലോകത്തിന് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ സമ്പദ് വ്യവസ്ഥയുടെ കാതലായ ചെറുകിട, ഇടത്തരം ബിസിനസ് മേഖലയ്ക്ക് എക്‌സ്‌പോ 2020യുടെ ഭാഗമായി 4.7 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ലഭിക്കുമെന്നും പരിപാടി 12,600 തൊഴില്‍-വര്‍ഷങ്ങള്‍ക്ക് അവസരമൊരുക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നു. ഒരു വര്‍ഷം ഒരാള്‍ക്ക് ഉണ്ടായിരിക്കുന്ന മുഴുവന്‍ സമയ തൊഴിലാണ് തൊഴില്‍ വര്‍ഷമായി നിര്‍വ്വചിക്കപ്പെടുന്നത്.

എക്‌സ്‌പോ നടക്കുന്ന ആറ് മാസക്കാലത്തില്‍ ടിക്കറ്റുകള്‍, സാധനങ്ങള്‍, ഭക്ഷണ പാനീയങ്ങള്‍, ഹോട്ടലുകള്‍, വിമാനം, പ്രാദേശിക ഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്കായി സന്ദര്‍ശകര്‍ ചിലവഴിക്കുന്ന പണം യുഎഇ സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകും. ഏകദേശം 250 ലക്ഷം ആളുകളെയാണ് ദുബായ് എക്‌സ്‌പോയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 70 ശതമാനം ആളുകളും യുഎഇയ്ക്ക് പുറത്ത് നിന്നുള്ളവരായിരിക്കും.അതിനാല്‍ തന്നെ ദുബായിലെ ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് ലോകത്തിന് മുമ്പില്‍ കഴിവ് തെളിയിക്കുന്നതിനുള്ള മികച്ച അവസരമാണ് എക്‌സ്‌പോ 2020.

2021 ഏപ്രിലില്‍ എക്‌സ്‌പോ അവസാനിക്കുമെങ്കിലും അതിന്റെ സ്വാധീനം ആ ദശാബ്ദത്തിലുടനീളം ദൃശ്യമാകുമെന്നും ഇവൈ റിപ്പോര്‍ട്ട് പറയുന്നു. ദുബായ് എക്‌സിബിഷന്‍ സെന്റര്‍ ഉള്‍പ്പെടുന്ന അനുബന്ധ നഗരവികസന പദ്ധതിയായ ഡിസ്്ട്രിക്റ്റ് 2020 ഇതില്‍ നിര്‍ണായകമാകും. ‘യുഎഇയ്ക്ക് ആവേശകരമായ ഒരു ദീര്‍ഘകാല നിക്ഷേപമാണ് എക്‌സ്‌പോ 2020. സമ്പദ് വ്യവസ്ഥയിലും തൊഴില്‍ മേഖലയിലും അത് നിര്‍ണായക സ്വാധീനം ഉണ്ടാക്കും’ മേന മേഖലയിലെ ഇവൈ ട്രാന്‍സാക്ഷന്‍ അഡൈ്വസറി സര്‍വ്വീസ് പാര്‍ടണറായ മാത്യൂ ബെന്‍സണ്‍ അഭിപ്രായപ്പെട്ടു.

ആതിഥേയരെന്ന നിലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തുന്നതിനുള്ള അവസരമായിട്ടാണ് ദുബായ് എക്‌സ്‌പോ 2020യെ യുഎഇ കരുതുന്നത്.

എക്‌സ്‌പോ വര്‍ണ്ണത്തില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍

എക്‌സ്‌പോയ്ക്ക് ഒരു വര്‍ഷം മാത്രം ശേഷിക്കെ, പരിപാടിക്ക് വേണ്ടിയുള്ള പ്രചാരണം ഊര്‍ജിതപ്പെടുത്തുകയാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി നാല്‍പതോളം എമിറേറ്റ്‌സ് വിമാനങ്ങളാണ് എക്‌സ്‌പോ 2020 മെയ്ക്ക് ഓവര്‍ നടത്തിയിരിക്കുന്നത് . ഓറഞ്ച്, പച്ച, നീല വര്‍ണ്ണങ്ങളിലുള്ള എക്‌സ്‌പോ 2020യുടെ ലോഗോയാണ് വിമാനങ്ങള്‍ക്ക് പുതിയ പുറംമോടി നല്‍കിയിരിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ക്രാഫ്റ്റ് അപ്പിയറന്‍സ് സെന്ററില്‍ ഇത്രയും കാലത്തിനിടയ്ക്ക് നടന്ന ഏറ്റവും വലിയ പെയിന്റിംഗ് ജോലിയാണിത്. 14 മാസങ്ങളിലായി 15,000 മണിക്കൂറുകളാണ് ഈ ജോലി പൂര്‍ത്തിയാകാന്‍ വേണ്ടി വന്നത്. 2017ല്‍ ബോയിംഗ് 777-300ഇആര്‍ എമിറേറ്റ് വിമാനമാണ് ആദ്യമായി എക്‌സ്‌പോ വര്‍ണത്തില്‍ പറന്നുയര്‍ന്നത്. ഓറഞ്ച് വര്‍ണ്ണത്തിലുള്ള എക്‌പോ ലോഗോയുമായി ഈ വിഭാഗത്തിലുള്ള അവസാന എ30 വിമാനം അണിയറയില്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ഓരോ നിറവും എക്‌സോപിയിലെ വിവിധ തീമുകളെയാണ് അര്‍ത്ഥമാക്കുന്നത്.

Comments

comments

Categories: Arabia