വിഷാദരോഗമകറ്റാന്‍ ടീം സ്‌പോര്‍ട്‌സ്

വിഷാദരോഗമകറ്റാന്‍ ടീം സ്‌പോര്‍ട്‌സ്

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവുമകറ്റാന്‍ സംഘടിത കായിക വിനോദങ്ങള്‍ക്കാകുമെന്ന് പഠനം

കൗമാരത്തിലേക്കടുക്കുന്ന ബാല്യവും കൗമാരവും പല കുട്ടികള്‍ക്കും ജീവിതത്തിലെ ഏറ്റവും പരുക്കന്‍ കാലഘട്ടമായിരിക്കും. ശരീരത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും അവരില്‍ പല വിധ ഉല്‍ക്കണ്ഠയും വിഷാദവും വരുത്തും. അതവരുടെ അസ്ഥിത്വത്തെ തന്നെ വലിയ അളവില്‍ ബാധിക്കും.

കഴിഞ്ഞ ദശാബ്ദത്തിനുള്ളില്‍ വിഷാദരോഗം അനുഭവിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ 37 ശതമാനംവര്‍ധനവുണ്ടായതായി പീഡിയാട്രിക്‌സ് എന്ന ജേണലില്‍ 2016ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ പലര്‍ക്കും ആവശ്യമായ ചികില്‍സയോ കൗണ്‍സിലിംഗോ ലഭിക്കുന്നില്ലെന്നാണു മനസിലാക്കാനായത്. വിഷാദരോഗത്തിന് അടിമകളായ കുട്ടികളില്‍ 60 ശതമാനത്തിനും ചികില്‍സ ലഭ്യമായിട്ടില്ലെന്ന് ചൈല്‍ഡ് മൈന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷിതാക്കള്‍ കാര്യമായി പരിഗണിക്കേണ്ട വിഷയമാണിത്.

കൂട്ടം കൂടി കളിക്കുന്ന കായിക വിനോദങ്ങള്‍ക്ക് മനുഷ്യരിലെ ഓര്‍മ്മയെയും വൈകാരിക പ്രതികരണങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പല്‍ എന്ന മേഖലയെ വ്യാപൃതമാക്കാന്‍ സവിശേഷമായ കഴിവുണ്ടെന്നാണ് സമീപകാലഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഇത് ഏറെക്കുറെ ഒരേ നിലയിലാണ് സംഭവിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായി. ഇത് എന്തുകൊണ്ടാണ് പ്രധാന്യം നേടുന്നതെന്നു വെച്ചാല്‍, മുതിര്‍ന്നവരിലെ വിഷാദരോഗത്തിന് ഹിപ്പോകാമ്പലിന്റെ സങ്കോചവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന മറ്റു പഠനവിവരങ്ങള്‍ കൂടി ലഭ്യമായതിനാലാണ്. സംഘടിത കായിക വിനോദങ്ങളില്‍ പങ്കെടുത്ത 9 മുതല്‍ 11 വരെ പ്രായമുള്ള ആണ്‍കുട്ടികളില്‍ വിഷാദരോഗം കുറഞ്ഞതായി ഏറ്റവും പുതിയ ഗവേഷണം കാണിക്കുന്നു.

ടീം സ്‌പോര്‍ട്‌സ്, ശ്വാസഗതി നിയന്ത്രിക്കുന്ന വ്യായാമത്തില്‍ ഒരു സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതായി അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ചെയര്‍പേഴ്‌സണ്‍ ഡോ. സിന്തിയ ലാലാബെല ചൂണ്ടിക്കാട്ടുന്നു. ഇത് ഓര്‍മ്മശക്തി, ബോധം, മനോഭാവം എന്നിവയെ സ്വാധീനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ടീം സ്പിരിറ്റ് കുട്ടികളെ സമാനപ്രായക്കാരുടെ സാമൂഹ്യശൃംഖലയില്‍ കൂടുതല്‍ ഭാഗഭാക്കാകാന്‍ സഹായിക്കും, കൂടാതെ ഇത് അവരില്‍ ഒരു ലക്ഷ്യബോധവും പരസ്പരവിശ്വാസവും ഉദ്ദേശ്യശുദ്ധിയും സൃഷ്ടിക്കുന്നു. ഈ സ്വഭാവവിശേഷങ്ങളെല്ലാം വിഷാദത്തെ പ്രതിരോധിക്കുമെന്നും ഡോ. സിന്തിയ വിശദീകരിക്കുന്നു. പഠനത്തില്‍ 4,191 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മാതാപിതാക്കളെയും ആശ്രയിച്ചിട്ടുണ്ട്. കായികവിനോദങ്ങള്‍ക്കു മാത്രമേ ഗുണകരമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് സര്‍വേയില്‍ നിന്നു കണ്ടെത്തി.

സംഘടിത കായിക വിനോദങ്ങളിലെ പങ്കാളിത്തം ഹിപ്പോകാമ്പസ് വളര്‍ച്ചയെ സഹായിക്കുകയും വിഷാദരോഗം കുറയ്ക്കുകയും ചെയ്തു. ഇതു തന്നെ തിരിച്ചും സംഭവിക്കാം, അതായത് വിഷാദരോഗം ബാധിച്ച കൗമാരക്കാര്‍ കായികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരായി കാണപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു. കായിക വിനോദങ്ങള്‍ സാമൂഹിക, വൈകാരിക പ്രതിരോധ നിയന്ത്രണവും ആത്മനിയന്ത്രണ വികസനശേഷിയും വളര്‍ത്തുന്നു. കളിക്കാര്‍ നിയമങ്ങള്‍ പിന്തുടരാന്‍ സന്നദ്ധരാകുകയും ഊഴമനുസരിക്കാന്‍ തയാറാകുകയും സഹകളിക്കാരോട് സഹകരിക്കുകയും, പരസ്പരവിശ്വാസമര്‍പ്പിക്കുകയും സഹാനുഭൂതി പ്രദര്‍ശിപ്പിക്കുകയും വിജയപരാജയങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കുകയും ചെയ്യുന്നു.

പഠനത്തില്‍ നിന്നു മനസിലാക്കാനായത്, ഹിപ്പോകാമ്പിന്റെ വളര്‍ച്ച ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരേ പോലെയായിരുന്നെങ്കിലും വിഷാദരോഗങ്ങള്‍ ആണ്‍കുട്ടികളില്‍ കുറവാണെന്നാണ്. ഇതിനു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടിയത് ഇരു വിഭാഗങ്ങളിലും വ്യത്യസ്തമായ സമ്മര്‍ദ്ദങ്ങളാകണം വിഷാദകാരണമെന്നാണ്. അല്ലെങ്കില്‍ പെണ്‍കുട്ടികളില്‍ കൗമാരകാലത്ത് വിഷാദരോഗം കൂടുതല്‍ വ്യക്തമായി പ്രകടമാകുന്നതായിരിക്കാം. ഡിജിറ്റല്‍ യുഗത്തില്‍, വളരെയധികം കുട്ടികള്‍ സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ ഗെയിമുകളും ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് വ്യക്തിപരമായ കഴിവു നേടുന്നതിനും സഹകരണത്തിനുമുള്ള അവസരങ്ങള്‍ അവര്‍ അവ നഷ്ടപ്പെടുത്തുകയാണ്. ആവശ്യമായ വൈകാരികത തിരിച്ചറിയാന്‍ അവര്‍ പഠിക്കുന്നില്ല. ടീം സ്‌പോര്‍ട്‌സിന് അവരുടെ സ്വഭാവം, സാമൂഹ്യവിനിമയം, സഹകരണം, സമഗ്രത, ലക്ഷ്യങ്ങള്‍ എന്നിവയോടുള്ള ആദരവ് വര്‍ധിപ്പിക്കാന്‍ കഴിയും.

Comments

comments

Categories: Health
Tags: Tennage