മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ വികസിപ്പിക്കും

മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ വികസിപ്പിക്കും

2020 രണ്ടാം പകുതിക്കുശേഷം മൂന്നാ തലമുറ ഡസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2023 ല്‍ നിരത്തുകളിലെത്തും

ന്യൂഡെല്‍ഹി : ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ 2012 ലാണ് ഇന്ത്യയില്‍ ഡസ്റ്റര്‍ എസ്‌യുവി അവതരിപ്പിച്ചത്. 2017 ല്‍ രണ്ടാം തലമുറ ഡസ്റ്റര്‍ യൂറോപ്പില്‍ വിറ്റുതുടങ്ങിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. എന്നാല്‍ രണ്ടാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറക്കില്ലെന്നും എസ്‌യുവിയുടെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയില്‍ വികസിപ്പിക്കുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 2020 രണ്ടാം പകുതിക്കുശേഷമായിരിക്കും മൂന്നാ തലമുറ ഡസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 2023 ല്‍ നിരത്തുകളിലെത്തും.

യൂറോപ്യന്‍ വിപണികള്‍ക്കുവേണ്ട മാറ്റങ്ങളോടെയാണ് രണ്ടാം തലമുറ റെനോ ഡസ്റ്റര്‍ വികസിപ്പിച്ചത്. അതുകൊണ്ടുതന്നെ എസ്‌യുവി ഇന്ത്യയിലെത്തിച്ചില്ല. ബി0 പ്ലാറ്റ്‌ഫോമാണ് ആദ്യ തലമുറ ഡസ്റ്റര്‍ അടിസ്ഥാനമാക്കിയിരുന്നത്. രണ്ടാം തലമുറ ഡസ്റ്റര്‍ നിര്‍മ്മിച്ചതാകട്ടെ ഈ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലും. ആദ്യ തലമുറ റെനോ ഡസ്റ്ററാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്നു.

എന്നാല്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ഡസ്റ്റര്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തിക്കും. എസ്‌യുവിയുടെ സ്റ്റൈലിംഗ് റെനോ ഇന്ത്യ പരിഷ്‌കരിക്കും. അതോടെ വിദേശങ്ങളില്‍ വില്‍ക്കുന്ന ഡസ്റ്ററും ഇന്ത്യന്‍ ഡസ്റ്ററും കൂടുതല്‍ സമാനത പുലര്‍ത്തും. വാഹനത്തിന്റെ ഉള്‍വശവും പരിഷ്‌കരിക്കും. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. എന്നാല്‍ എസ്‌യുവിയില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വരാനിരിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും.

കൂടാതെ, 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകും. ബിഎസ് 6 പാലിക്കുന്നതിന് ഡസ്റ്റര്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ എന്‍ജിനുകള്‍ റെനോ ഇന്ത്യ പരിഷ്‌കരിക്കും.

Comments

comments

Categories: Auto