റെനോ സിറ്റി കെ-ഇസഡ്ഇ; ഇലക്ട്രിക് വാഹനങ്ങള്‍ക്കിടയിലെ പുതിയ കുഞ്ഞന്‍

റെനോ സിറ്റി കെ-ഇസഡ്ഇ; ഇലക്ട്രിക് വാഹനങ്ങള്‍ക്കിടയിലെ പുതിയ കുഞ്ഞന്‍

റെനോ ക്വിഡ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഇലക്ട്രിക് കാര്‍

ഷാങ്ഹായ് : റെനോ സിറ്റി കെ-ഇസഡ്ഇ ഹാച്ച്ബാക്ക് ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. റെനോ ക്വിഡ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഇലക്ട്രിക് കാറാണ് സിറ്റി കെ-ഇസഡ്ഇ. ചൈനയില്‍ ഈ വര്‍ഷം വില്‍പ്പന ആരംഭിക്കും. ഹാച്ച്ബാക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാം. ഫാസ്റ്റ് ചാര്‍ജ് ഉപയോഗിച്ചാല്‍ അമ്പത് മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. കഴിഞ്ഞ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയിലാണ് റെനോ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യയില്‍ റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ എന്നിവ ഉപയോഗിക്കുന്ന റെനോ-നിസാന്‍ സഖ്യത്തിന്റെ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമാണ് സിറ്റി കെ-ഇസഡ്ഇ അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഉള്‍ക്കൊള്ളിക്കുന്നതിനും വിവിധ വിപണികള്‍ മനസ്സില്‍ക്കണ്ടും പ്ലാറ്റ്‌ഫോം കാര്യമായി പരിഷ്‌കരിച്ചു. റെനോയുടെ ഏറ്റവും ചെറിയ വൈദ്യുത വാഹനമാണ് കെ-ഇസഡ്ഇ. 2,423 മില്ലി മീറ്ററാണ് വീല്‍ബേസ്. ബൂട്ട് ശേഷി 300 ലിറ്റര്‍. അന്തര്‍ദേശീയ വിപണികളില്‍ റെനോ സോഇ ഇലക്ട്രിക് കാറിന് താഴെയായിരിക്കും റെനോ സിറ്റി കെ-ഇസഡ്ഇ മോഡലിന് സ്ഥാനം.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, റെനോ ക്വിഡ് കാര്യമായി പരിഷ്‌കരിച്ചതാണ് സിറ്റി കെ-ഇസഡ്ഇ എന്ന് തോന്നും. ക്വിഡ് ഹാച്ച്ബാക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈന്‍, റീസ്റ്റൈല്‍ ചെയ്ത മുന്‍, പിന്‍ ബംപറുകള്‍, പുതിയ അലോയ് വീലുകള്‍, പിന്നില്‍ സ്‌കിഡ് പ്ലേറ്റ്, പുതിയ ടെയ്ല്‍ലൈറ്റ് ഡിസൈന്‍ എന്നിവ കാണാം. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോടെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് കാമറ എന്നിവ സവിശേഷതകളാണ്.

ഇ-ജിടി ന്യൂ എനര്‍ജി ഓട്ടോമോട്ടീവായിരിക്കും ചൈനയില്‍ റെനോ സിറ്റി കെ-ഇസഡ്ഇ നിര്‍മ്മിക്കുന്നത് റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യത്തിന്റെയും ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഡോങ്‌ഫെങിന്റെയും സംയുക്ത സംരംഭമാണ് ഇ-ജിടി ന്യൂ എനര്‍ജി ഓട്ടോമോട്ടീവ്. തുടക്കത്തില്‍ ചൈനയില്‍ മാത്രമായിരിക്കും വില്‍പ്പന. ഇന്ത്യന്‍ വിപണിയില്‍ വരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു വിവരവുമില്ല.

Comments

comments

Categories: Auto