ജീവിതശൈലീരോഗങ്ങള്‍ക്ക് ഒറ്റമൂലി

ജീവിതശൈലീരോഗങ്ങള്‍ക്ക് ഒറ്റമൂലി

പ്രമേഹ മരുന്ന് വൃക്കയ്ക്കും ഹൃദയത്തിനും ഗുണപ്രദം

പ്രമേഹം നിയന്ത്രിക്കാനായി ആഗോളതലത്തില്‍ ഉപയോഗിക്കുന്ന മരുന്ന്, വൃക്കരോഗത്തിനും ഫലപ്രദമെന്നു കണ്ടെത്തിയിരിക്കുന്നു. നാലു വര്‍ഷത്തിലേറെക്കാലമായി ഇന്ത്യയിലടക്കം ഉപയോഗിക്കുന്ന കനഗ്ലിഫ്‌ളോസിന്‍ എന്ന മരുന്നിലാണ് ഈ ഗുണം കണ്ടെത്തിയത്. പ്രമേഹം, വൃക്കരോഗത്തെ ബാധിക്കുന്നത് 30% ത്തിലധികം കുറയ്ക്കുമെന്നാണു കണ്ടെത്തല്‍. ഇത് പ്രമേഹനിയന്ത്രണത്തില്‍ വലിയ സ്വാധീനമുണ്ടാക്കും. ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ കുറയ്ക്കാനും ഈ മരുന്നു സഹായിക്കും.

സോഡിയം ഗ്ലൂക്കോസ് ട്രാന്‍സ്‌പോര്‍ട്ടര്‍ 2 ഇന്‍ഹിബിറ്ററായ മരുന്നാണിത്. ഇന്ത്യയില്‍ നിന്നുള്ള 144 പേര്‍ ഉള്‍പ്പെടെ 13000 പ്രമേഹ, വൃക്ക രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഇവരെ രണ്ടു കൂട്ടമാായി തിരിച്ചു. ഒരു വിഭാഗത്തിനു പ്രമേഹ- വൃക്കരോഗത്തിനുള്ള അംഗീകൃത ചികില്‍സയ്ക്കു പുറമേ കനഗ്ലിഫ്‌ളോസിന്‍ നല്‍കിയപ്പോള്‍ മറ്റേ വിഭാഗത്തിന് ചികില്‍സയ്‌ക്കൊപ്പം ഈ മരുന്ന് അനുവദിച്ചില്ല. രണ്ടര വര്‍ഷക്കാലം 4,400 പേരെ കനഗ്ലിഫ്‌ളോസിന്‍ ചികില്‍സയ്ക്കു വിധേയരാക്കി.

വൃക്ക, ഹൃദ്രോഗങ്ങള്‍ക്ക് മരുന്ന് ഫലപ്രദമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വതന്ത്ര നിരീക്ഷകര്‍ പഠനം അവസാനിപ്പിച്ചു. 2014ലാണ് പഠനമാരംഭിച്ചത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് കനഗ്ലിഫ്‌ളോസിന്റെ മറ്റു രോഗങ്ങളിലെ കാര്യക്ഷമത സംബന്ധിച്ച പഠനം നടത്തിയത്. പ്രമേഹരോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഈ പുതിയ ചികില്‍സാ പരീക്ഷണം അടിയന്തരാവശ്യമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ വഌഡോ പെര്‍ക്കോവിക്ക് ചൂണ്ടിക്കാട്ടുന്നു.

വൃക്ക തകരാറുകള്‍ക്ക് പ്രധാന കാരണം പ്രമേഹമാണ്. എന്നാല്‍ രണ്ട് പതിറ്റാണ്ടുകളായി വൃക്കകളുടെ സംരക്ഷണത്തിനായി പുതിയ ചികില്‍സരീതികള്‍ വികസിപ്പിക്കാനായിട്ടില്ല. എന്നാല്‍ ഈ പുതിയ പരീക്ഷണം മെഡിക്കല്‍ രംഗത്ത് പുതിയൊരു മുന്നേറ്റമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. പ്രമേഹത്തിനൊപ്പം വൃക്കരോഗം കൂടി വരുന്നതോടെ വൃക്കസ്തംഭനം, ഹൃദയാഘാതം, പക്ഷാഘാതം മരണം എന്നിവയ്ക്ക് സാധ്യത ഏറുകയാണ്. ഇതിന്റ് പ്രത്യാഘാതം കുറയ്ക്കാന്‍ ദിവസേന ഒരു കനഗ്ലിഫ്‌ളോസിന്‍ ഗുളിക മതിയാകുമെന്ന് പെര്‍ക്കോവിക്ക് പറഞ്ഞു.

കനഗ്ലിഫ്‌ളോസിന്റെ ഉപയോഗത്തോടെ വൃക്ക തകരാറോ ഹൃദ്രോഗമോ മൂലം മരണമടഞ്ഞവരുടെ എണ്ണത്തില്‍ 30% കുറവു വന്നതായി കണ്ടെത്തി. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ ചികില്‍സയ്ക്കു പ്രവേശിപ്പിച്ച രോഗികള്‍ക്കും ഈ മരുന്ന് നല്‍കിയതോടെ രോഗം 39% കുറഞ്ഞതായി കണ്ടെത്തി. മരുന്നിന് കാര്യമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും പഠനം തെളിയിച്ചു. നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സുപ്രധാന മുന്നേറ്റമാണിതെന്ന് ഇന്ത്യയിലെ പ്രമേഹവിദഗ്ധരും പറയുന്നു.

പ്രമേഹബാധിതരില്‍ 40% വൃക്കരോഗങ്ങളാല്‍ വലയുന്നുണ്ടെന്ന് മാക്‌സ് ഹെല്‍ത്ത്‌കെയറിലെ വൃക്കരോഗവിഭാഗം ചെയര്‍മാന്‍ ഡോ. ദിനേശ് ഖുല്ലാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോഗികളില്‍ വൃക്കകള്‍ സംരക്ഷിക്കുന്നതിനു നിലവിലുള്ള അംഗീകൃതചികില്‍സ മാത്രമാണ് എസിഇ ഇന്‍ഹിബിറ്ററുകളുടെ ഉപയോഗം മാത്രമാണ്. ഇതാകട്ടെ, 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫലപ്രദമാണെന്ന് തെളിഞ്ഞതുമാണ്.

പ്രമേഹ രോഗബാധ തടയുന്നതില്‍ പുതിയ മരുന്ന് കൂടുതല്‍ ഫലപ്രദമാകുമെന്ന് കണ്ടെത്തിയതായും ഡോക്റ്റര്‍മാര്‍ പറഞ്ഞു. വൃക്ക തകരാറിലായ അത്തരം രോഗികളില്‍ അപകടസാധ്യത കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് ഡോ. ഖുല്ലാര്‍ കൂട്ടിച്ചേര്‍ത്തു. വൃക്കരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതിജീവിക്കാന്‍ ഡയാലിസിസ് നടത്തുകയോ വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുകയോ ആണ് പോംവഴി. ഇതു രണ്ടും കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണു താനും-അദ്ദേഹം പറഞ്ഞു.

കനഗ്ലിഫ്‌ളോസിന്‍ രക്തചംക്രമണം വഴി വൃക്കകളെ സംരക്ഷിക്കുകയും കോശങ്ങള്‍ നശിക്കുന്നതു തടയുകയും ചെയ്തതായി ഫോര്‍ട്ടിസ് സി-ഡോക് ചെയര്‍മാന്‍ ഡോ. അനൂപ് മിശ്ര പറഞ്ഞു. കുറഞ്ഞ അളവില്‍ മറ്റൊരു മരുന്നായ അട്രാസെന്റാന്‍ ഉപയോഗിക്കുന്നതും പ്രമേഹം മൂലം ഉണ്ടാകുന്ന വൃക്കക്ഷതം കുറയ്ക്കാന്‍ ഫലപ്രദമാണെന്നു കാണിക്കുന്നു. എങ്കിലും വിപണിയില്‍ സുലഭമായതിനാല്‍ കനഗ്ലിഫ്‌ളോസിനെക്കുറിച്ചുള്ള പഠനത്തിനു കൂടുതല്‍ പ്രാധാന്യമുണ്ട്. ഇത് സാധാരണ അംഗീകൃത ചികില്‍സയ്ക്ക് പുറമേ ഉപയോഗിക്കാനും സാധിക്കും.

Comments

comments

Categories: Health