സല്‍മാന്‍ രാജാവും എംബിഎസും സെന്റ്‌കോം കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി

സല്‍മാന്‍ രാജാവും എംബിഎസും സെന്റ്‌കോം കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി

ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിലവിലുള്ള ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയങ്ങളായി

റിയാദ്: യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്(സെന്റ്‌കോം) കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മെക്കന്‍സി സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും റിയാദില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സൈനിക രംഗത്ത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ നടന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിലവിലുള്ള ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയങ്ങളായി. സുപ്രധാനമായ നിരവധി സൈനിക നീക്കങ്ങളില്‍ അമേരിക്കയുടെ മുഖ്യ സഖ്യരാഷ്ട്രമാണ് സൗദി അറേബ്യ. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആസൂത്രണം ചെയ്ത മിഡില്‍ ഈസ്റ്റ് സ്ട്രാറ്റെജിക് അലിയന്‍സ് (മെസ) എന്ന പേരിലുള്ള അറബ് നേറ്റോയ്ക്ക് രൂപം നല്‍കുന്നതിലും സൗദിയാണ് മുന്‍പന്തിയിലുള്ളത്. എന്നാല്‍ മെസയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ മൂലം അമേരിക്കയ്ക്ക് അറബ് നേറ്റോയ്ക്ക് രൂപം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

മെസയില്‍ നിന്നും ഈജിപ്ത് കഴിഞ്ഞ ആഴ്ച പിന്മാറിയിരുന്നു. ഈജിപ്ത് പിന്മാറിയെങ്കിലും മേഖലയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇറാന്‍ സ്വാധീനത്തിനെതിരെ പോരാടാനും അറബ് വിഷയങ്ങളില്‍ ഇടപെടുത്താതെ ഇറാനെ ഒറ്റപ്പെടുത്താനുമുള്ള തീരുമാനത്തില്‍ നിന്നും അമേരിക്കയും സൗദിയും പിന്മാറിയിരുന്നില്ല. യുഎസ് സെന്റ്‌കോമില്‍ ദീര്‍ഘകാല കമാന്‍ഡര്‍ ആയി സേവനമനുഷ്ഠിച്ച ജോണ്‍ അബിസെയ്ദിനെ സൗദി അറേബ്യയിലെ യുഎസ് അംബാസഡറായി നിയമിച്ചതും ഇരുരാഷ്ട്രങ്ങളുടെയും ശക്തമായ സൈനിക താല്‍പര്യങ്ങള്‍ക്ക് തെളിവാണ്. രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടന്നിരുന്ന വളരെ പ്രധാനപ്പെട്ട നയതന്ത്ര പദവിയിലേക്ക് അമേരിക്കന്‍ സെനറ്റിലെ അംഗങ്ങളുടെ വ്യക്തമായ പിന്തുണയോടെയാണ് എബിസെയിദ് തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയില്‍ നിന്നുള്ള ആയുധങ്ങള്‍ക്ക് വേണ്ടിയും അമേരിക്കയിലെ നിക്ഷേപങ്ങള്‍ക്ക് വേണ്ടിയും സൗദി അറേബ്യ കോടിക്കണക്കിന് ഡോളറുകളാണ് ചിലവിടുന്നത്.

Comments

comments

Categories: Arabia