വിമാനത്തിനകത്തെ കണക്റ്റിവിറ്റിക്ക് ലൈസന്‍സ് തേടി ജിയോ

വിമാനത്തിനകത്തെ കണക്റ്റിവിറ്റിക്ക് ലൈസന്‍സ് തേടി ജിയോ

ഭാരതി എയര്‍ടെലിന്റെ ഉപകമ്പനിയായ ഇന്‍ഡോ ടെലിപോര്‍ട്‌സ് ലിമിറ്റഡിന് അടുത്തിടെയാണ് ലൈസന്‍സ് ലഭിച്ചത്

ന്യൂഡെല്‍ഹി: വിമാനത്തിനകത്ത് ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇന്‍ഫ്‌ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി റിലയന്‍സ് ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു. ഇന്ത്യന്‍ വ്യോമപരിധിക്കുള്ളില്‍ ആഭ്യന്തര, വിദേശ എയര്‍ലൈനുകളില്‍ കണക്റ്റിവിറ്റിയും ഡാറ്റാ സേവനവും നല്‍കാന്‍ ഈ ലൈസന്‍സ് സ്വന്തമാക്കുന്നതിലൂടെ സാധിക്കും. ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍, സ്‌റ്റേഷന്‍ സാറ്റ്‌കോം, ക്ലൗഡ് കാസ്റ്റ് ഡിജിറ്റല്‍ തുടങ്ങിയ കമ്പനികളും ഇന്‍ഫ്‌ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പടെയുള്ളവ നല്‍കിയ അപേക്ഷകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ടെലികോം വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലാണ് വിമാനത്തിനകത്തും കപ്പലിനകത്തും മൊബീല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ഇതു പ്രകാരം ലൈസന്‍സ് സ്വന്തമാക്കാന്‍ ആദ്യമെത്തിയ കമ്പനികളില്‍ ഹുഖ്‌സ് കമ്മ്യൂണിക്കേഷന്‍സും ഭാരതി എയര്‍ടെലും ഉള്‍പ്പെടുന്നു.

ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യ ഇന്‍ഫ്‌ളൈറ്റ്- മാരിടൈം കണക്റ്റിവിറ്റി ലൈസന്‍സ് നേടുന്ന ആദ്യ കമ്പനിയായി ഹുഖ്‌സ് കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ ലിമിറ്റഡ് മാറി. നെല്‍കോയുടെ ഉപകമ്പനിയായ ടാറ്റാനെറ്റ് സര്‍വീസിനും കഴിഞ്ഞമാസം ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെലിന്റെ ഉപകമ്പനിയായ ഇന്‍ഡോ ടെലിപോര്‍ട്‌സ് ലിമിറ്റഡിന് അടുത്തിടെയാണ് ടെലികോം വകുപ്പ് 10 വര്‍ഷത്തേക്കുള്ള ലൈസന്‍സ് നല്‍കിയിട്ടുള്ളത്.

യൂറോ കണ്‍സള്‍ട്ടിന്റെ വിലയിരുത്തല്‍ പ്രകാരം 2027ഓടെ 23,000ഓളം വാണിജ്യ എയര്‍ക്രാഫ്റ്റുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി കണക്റ്റിവിറ്റി സേവനങ്ങള്‍ നല്‍കും. 2017ലെ കണക്ക് പ്രകാരം 7400ഓളം എയര്‍ക്രാഫ്റ്റുകളിലാണ് ഈ സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്. 2019ന്റെ അവസാനത്തോടെ മൂന്നില്‍ ഒന്ന് എയര്‍ക്രാഫ്റ്റില്‍ ബ്രോഡ്ബാന്‍ഡ് വിസാറ്റ് കണക്റ്റിവിറ്റി ലഭ്യമായിരിക്കുമെന്നാണ് നോര്‍ത്തേണ്‍ സ്‌കൈ റിസര്‍ച്ചിന്റെ എയ്‌റനോട്ടിക്കല്‍ സാറ്റ്‌കോം റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയില്‍ നിന്നുള്ള വരുമാനത്തില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 32 ബില്യണ്‍ ഡോളറിന്റെ അധിക നേട്ടം സ്വന്തമാക്കാന്‍ ഇന്‍ഫൈളൈറ്റ്-മാരിടൈം കണക്റ്റിവിറ്റിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News