ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച അഞ്ച് മാസത്തെ ഉയരത്തില്‍

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച അഞ്ച് മാസത്തെ ഉയരത്തില്‍
  • മാര്‍ച്ചില്‍ ചരക്ക് വിഭാഗത്തിലെ കയറ്റുമതി വരുമാനം 11% ഉയര്‍ന്നു
  • 2018-2019ലെ മൊത്തം കയറ്റുമതി വരുമാനം 331 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ 11 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കയറ്റുമതി വളര്‍ച്ചയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. 32.55 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ചരക്ക് വിഭാഗത്തില്‍ നിന്നും കഴിഞ്ഞ മാസം ഇന്ത്യ നേടിയത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 29.32 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി വരുമാനം.

2018 ഒക്‌റ്റോബര്‍ മുതലുള്ള കാലയളവില്‍ കയറ്റുമതിയില്‍ ഉണ്ടായ ഏറ്റവും മിച്ച വളര്‍ച്ചയാണ് മാര്‍ച്ചിലേത്. ഫാര്‍മ, രാസവളം, എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നുള്ള കയറ്റുമതിയാണ് പ്രധാനമായും മാര്‍ച്ച് മാസത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2018-2019) മൊത്തം കയറ്റുമതി വരുമാനം 331 ബില്യണ്‍ ഡോളറിലെത്തിയതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ഇറക്കുമതിയില്‍ മാര്‍ച്ച് മാസം 1.44 ശതമാനം വര്‍ധനയാണ് അനുഭവപ്പെട്ടത്. 43.44 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ ഇറക്കുമതി ചെലവ്. അതേസമയം, കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമായ വ്യാപാര കമ്മി 10.89 ബില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്ക് പ്രകാരം 13.51 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി.

എണ്ണ ഇറക്കുമതിയില്‍ 5.55 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. സ്വര്‍ണ ഇറക്കുമതി ചെലവ് 31.22 ശതമാനം വര്‍ധിച്ച് 3.27 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ എണ്ണ ഇറക്കുമതി ചെലവ് 11.75 ബില്യണ്‍ ഡോളറായിരുന്നു. 2018-2019 സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ ഇറക്കുമതിയില്‍ 8.99 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 507.44 ബില്യണ്‍ ഡോളറാണ് ഇറക്കുമതി ചെലവ്. വ്യാപാര കമ്മി മുന്‍ സാമ്പത്തിക വര്‍ഷത്തെ 162 ബില്യണ്‍ ഡോളറില്‍ നിന്നും 176.42 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും ഏകദേശം 300 ബില്യണ്‍ ഡോളറിനടുത്ത് കയറ്റുമതി വരുമാനം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 331.02 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയതായാണ് കണക്ക്. എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി വരുമാനമാണിത്. വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 2013-2014ലാണ് ഇതിനുമുന്‍പ് ഏറ്റവും ഉയര്‍ന്ന കയറ്റുമതി വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. 314.4 ബില്യണ്‍ ഡോളര്‍.

പെട്രോളിയം (28%), പ്ലാസ്റ്റിക് (25.6%), കെമിക്കല്‍സ് (22%), ഫാര്‍മ (11%), എന്‍ജിനീയറിംഗ് (6.3%) എന്നീ മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച രേഖപ്പെടുത്തിയത്. ഏപ്രില്‍-മാര്‍ച്ചിലെ എണ്ണ ഇറക്കുമതി 29.27 ശതമാനം വര്‍ധിച്ച് 140.47 ബില്യണ്‍ ഡോളറിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണ ഇതര ഇറക്കുമതി 2.82 ശതമാനം ഉയര്‍ന്ന് 366.97 ബില്യണ്‍ ഡോളറായി. ഇതാദ്യമായി മൊത്തം ചരക്ക്-സേവനങ്ങളുടെ കയറ്റുമതി വരുമാനം 500 ബില്യണ്‍ ഡോളര്‍ കടന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള തലത്തില്‍ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി നേരിട്ടെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ എക്കാലത്തെയും മികച്ച വളര്‍ച്ച രേഖപ്പെടുത്താനായതായി ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മോഹിത് സിംഗള പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഇതിലൂടെ കയറ്റുമതി വളര്‍ച്ച കൂടുതല്‍ സുസ്ഥിരമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംരക്ഷവാദം അടക്കമുള്ള വെല്ലുവിളികളുണ്ടായെങ്കിലും കയറ്റുമതിയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ) പ്രസിഡന്റ് ഗണേഷ് കുമാര്‍ ഗുപ്തയും പറഞ്ഞു. വായ്പാ ലഭ്യത സുഗമമാക്കുക, ആര്‍ ആന്‍ഡ് ഡി പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, ജിഎസ്ടി ഇളവ് തുടങ്ങിയ അടിയന്തിര നടപടികള്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിലെ കയറ്റിറക്കങ്ങള്‍

  • ഇറക്കുമതി മാര്‍ച്ച് മാസം 1.44% വര്‍ധിച്ചു
  • വ്യാപാര കമ്മി 10.89 ബില്യണ്‍ ഡോളറായി ചുരുങ്ങി
  • എണ്ണ ഇറക്കുമതി 5.55 % വര്‍ധിച്ചു
  • സ്വര്‍ണ ഇറക്കുമതി 31.22% വര്‍ധിച്ചു

Comments

comments

Categories: Business & Economy