ഹാല ചൈനയും സമാനിയും തമ്മില്‍ കൈകോര്‍ക്കുന്നു

ഹാല ചൈനയും സമാനിയും തമ്മില്‍ കൈകോര്‍ക്കുന്നു

ലക്ഷ്യം ചൈനീസ് എസ്എംഇകളെ ദുബായിലേക്ക് ആകര്‍ഷിക്കുക

ദുബായ്: ദുബായിലെ ചൈനീസ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ(എസ്എംഇ) സാന്നിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാനിയും ദുബായ് ആസ്ഥാനമായ ഹാല ചൈനയും തമ്മില്‍ കൈകോര്‍ക്കുന്നു. നിലവില്‍ 3,000 ചൈനീസ് എസ്എംഇകളാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്നത്.

ദുബായിക്കും ചൈനയ്ക്കുമിടയിലുള്ള സാമ്പത്തിക, സാംസ്‌കാരിക സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മാണക്കമ്പനികളായ മെരാസും ദുബായ് ഹോള്‍ഡിംഗും കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ സംയുക്ത സംരംഭമാണ് ഹാല ചൈന. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയോടുള്ള ദുബായിയുടെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികളാണ് ഹാല ചൈന സ്വീകരിക്കുന്നതെന്നും സമാനിയുമായുള്ള കൂട്ടുകെട്ട് ഇതിന്റെ ഭാഗമാണെന്നും ഹാല ചൈന ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷേഖ് മാജിദ് അല്‍ മുല്ല പറഞ്ഞു.

നിര്‍മാണ കമ്പനികളെ അന്താരാഷ്ട്ര റീറ്റെയ്‌ലര്‍മാരുമാരും ഉപഭോക്താക്കളുമായും ബന്ധിപ്പിക്കുന്ന സമാനി യുഎഇ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, തായ്‌ലന്റ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ സജീവമാണ്. ചൈനീസ് ബിസിനസുകളെ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും കമ്പനികളുമായും ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമിന് രൂപം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ദുബായില്‍ നടന്ന ദ ബിഗ് സി ഫോറം സംഘടിപ്പിച്ചത് ഹാല ചൈനയും സമാനിയും ചേര്‍ന്നാണ്.

എണ്ണ വ്യവസായത്തിന് അപ്പുറം റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, നിര്‍മാണം, ലോജിസ്റ്റിക്‌സ്, സ്‌റ്റോറേജ് തുടങ്ങി പാരമ്പര്യേതര വ്യാപാര അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ദുബായ് എഫ്ഡിഐയിലെ ഇന്‍വെസ്റ്റര്‍ പ്രമോഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്റ്റര്‍ ഇബ്രാഹിം ഹുസൈന്‍ അലി ചൈനീസ് കമ്പനികളോട് ആവശ്യപ്പെടുന്നത്. എണ്ണ വ്യവസായ മേഖല ദുബായിയുടെ വാര്‍ഷിക ജിഡിപിയില്‍ കേവലം 2 ശതമാനം സംഭാവന മാത്രമാണ് നല്‍കുന്നത്. 2020 ഓടെ 20 മില്യണ്‍ സന്ദര്‍ശകര്‍ക്ക് ആതിഥ്യമരുളാന്‍ പോകുന്ന ദുബായില്‍ റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി രംഗങ്ങള്‍ നിക്ഷേപത്തിനുള്ള മികച്ച മേഖലകളാണെന്നും അദ്ദേഹം പറഞ്ഞു. ”ദുബായില്‍ 5-മണിക്കൂര്‍ ചുറ്റളവിലുള്ള മേഖലയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ 2.4 ബില്യണ്‍ ഉപഭോക്താക്കളിലേക്ക് നിങ്ങള്‍ക്ക് എത്തിചേരാന്‍ സാധിക്കും.തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനും കയറ്റുമതി ചെയ്യാനും വളരാനും ആഗ്രഹിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ഇത് വലിയ കാര്യമാണ്,’. അലി പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ യുഎഇയിലെയും ചൈനയിലെയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും കമ്പനികളുമായും ചേര്‍ന്ന് ചൈനീസ് ഫിലിം വീക്ക്, ചൈന ആന്‍ഡ് അറബ് ഇന്റെര്‍സിറ്റി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം ഫോറം പോലുള്ള വിവിധ പരിപാടികള്‍ ഹാല ദുബായ് സംഘടിപ്പിക്കുന്നുണ്ട്.

2018ല്‍ 38 ബില്യണ്‍ നിക്ഷേപവുമായി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ദുബായുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന നിലനിര്‍ത്തി. നാലാമത്തെ വലിയ നിക്ഷേപകരെന്ന നിലയില്‍ ചൈനയില്‍ നിന്നും ദുബായിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

Comments

comments

Categories: Arabia