ഗോയലിനെ അടുപ്പിക്കാതെ ബാങ്കുകള്‍; ജെറ്റ് പ്രതിസന്ധിയില്‍

ഗോയലിനെ അടുപ്പിക്കാതെ ബാങ്കുകള്‍; ജെറ്റ് പ്രതിസന്ധിയില്‍
  • വിമാനക്കമ്പനിയുടെ ഓഹരികള്‍ക്കായുള്ള ബിഡ്ഡിംഗില്‍ നിന്ന് നരേഷ് ഗോയല്‍ പിന്‍മാറി
  • ഗോയല്‍ തിരിച്ചു വരുന്നതില്‍ വായ്പാദാതാക്കളായ ബാങ്കുകള്‍ക്ക് താല്‍പ്പര്യമില്ല
  • വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന് സൂചന

ജെറ്റിന്റെ പുനരുദ്ധാരണ പദ്ധതി സംബന്ധിച്ച് വായ്പാദാതാക്കള്‍ പ്തിജ്ഞാബദ്ധരാണ്. അടിയന്തര ഫണ്ട് ലഭ്യമാക്കാന്‍ എസ്ബിഐ ശ്രമിച്ചു വരികയാണ്. എല്ലാം ചര്‍ച്ചാ വിധേയമാണ്, തീരുമാനമെടുത്തിട്ടില്ല

-സുനില്‍ മെഹ്ത്ത, പിഎന്‍ബി എംഡി

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള സ്ഥാപകനും മുന്‍ ചെയര്‍മാനുമായുള്ള നരേഷ് ഗോയലിന്റെ നീക്കം വായ്പാദാതാക്കായ ബാങ്കുകളുടെ ഇടപെടല്‍ മൂലം പാളി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം എതിരാണെന്ന് വ്യക്തമായതോടെ ബിഡ്ഡില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗോയല്‍ പിന്‍മാറുകയായിരുന്നു. ഗോയലിന്റെ അപേക്ഷ ക്രമപ്രകാരമായിരുന്നെന്നും എന്നാല്‍ മറ്റ് വിഷയങ്ങളാണ് ചര്‍ച്ചകളെ സ്വാധീനിച്ചതെന്നും ബാങ്കുകളോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഗോയല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിനോട് മറ്റ് ചില ബിഡ്ഡര്‍മാര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതോടെ വീണ്ടും വിമാനക്കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കാനുള്ള നീക്കം ഗോയല്‍ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് ജെറ്റ് സ്ഥാപക ചെയര്‍മാനും പ്രൊമോട്ടറുമായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് രാജിവെച്ചിരുന്നത്. ഗോയലിന്റെ ഓഹരികളെ ഇക്വിറ്റികളായി ഇതിനകം പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഇതിനിടെ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാനും ആലോചന നടക്കുന്നുണ്ട്. തിങ്കളാഴ്ച ചേര്‍ന്ന വായ്പാ ദാതാക്കളുടെ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം വന്നത്. വായ്പാ ദാതാക്കള്‍ വാഗ്ദാനം ചെയ്ത ഫണ്ടുകള്‍ ലഭിക്കാത്തതും ലേല നടപടികള്‍ മുന്നോട്ടു പോകാത്തതുമാണ് താല്‍ക്കാലിക അടച്ചുപൂട്ടലിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ജെറ്റ് സിഇഒ വിനയ് ദുബെയെ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബോര്‍ഡ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. 1,500 കോടി രൂപ നിക്ഷേപിക്കാനും എയര്‍ലൈനിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ ഡെറ്റ് റെസലൂഷന്‍ പ്ലാനിന് മാര്‍ച്ച് 25 ന് എയര്‍ലൈനിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഈ മൂലധന ഉള്‍ച്ചേര്‍ക്കല്‍ ഇതു വരെ നടപ്പിലായിട്ടില്ല. അതേസമയം വിമാനക്കമ്പനിക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. അടിയന്തരമായി ഫണ്ട് ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ ശ്രമിച്ച് വരികയാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ മെഹ്ത്ത വ്യക്തമാക്കി.

താല്‍ക്കാലിക അടച്ചുപൂട്ടല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ഓഹരി വിപണിയില്‍ ജെറ്റിന്റെ ഓഹരികളുടെ മൂല്യം 20 ശതമാനത്തോളം ഇടിഞ്ഞു. ബോംബൈ ഓഹരി വിപണിയില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് നടന്ന വ്യാപാരത്തില്‍ ജെറ്റ് ഓഹരികള്‍ 19.95 ശതമാനം ഇടിഞ്ഞ് 241.85 രൂപയിലെത്തി. ജെറ്റിന്റെ തകര്‍ച്ചക്കിടെ ജീവനക്കാരിലും അമര്‍ഷം പുകയുകയാണ്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കാന്‍ ലേബര്‍ കമ്മീഷണറെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍. വിമാനക്കമ്പനി രക്ഷപെടുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ നൂറോളം പൈലറ്റുമാര്‍ വരും ദിവസങ്ങളില്‍ രാജി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിരീക്ഷിച്ച് കേന്ദ്രം

ജെറ്റിലെ പ്രതിസന്ധി കേന്ദ്ര വ്യോമയാന മന്ത്രാലയം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. പ്രശ്‌ന പരിഹാരം ഉണ്ടാവാത്തതില്‍ മന്ത്രാലയത്തിന് അതൃപ്തിയുണ്ട്. സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പത്തില്‍ താഴെയെത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വര്‍ധനയും യാത്രക്കാരുടെ തള്ളിക്കയറ്റവും മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഇടപെട്ട് ഒരു യോഗം വിളിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് സജീവ ഇടപെടലുകള്‍ നടത്താന്‍ വ്യോമയാന മന്ത്രാലയ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

Categories: Current Affairs, Slider