ഇലക്ട്രിക് എസ്‌യുവി ബൈക്ക് എന്ന വിശേഷണവുമായി ഗുഗു ആര്‍-എസ്‌യുവി

ഇലക്ട്രിക് എസ്‌യുവി ബൈക്ക് എന്ന വിശേഷണവുമായി ഗുഗു ആര്‍-എസ്‌യുവി

കോയമ്പത്തൂര്‍ ആസ്ഥാനമായ ഗുഗു എനര്‍ജി എന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ മോഡല്‍

ന്യൂഡെല്‍ഹി : കോയമ്പത്തൂര്‍ ആസ്ഥാനമായ ഗുഗു എനര്‍ജി തങ്ങളുടെ ആദ്യ മോഡല്‍ അനാവരണം ചെയ്തു. ഗുഗു ആര്‍-എസ്‌യുവി എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് വിപണിയിലെത്തിക്കുന്നത്. സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും ഒരുമിച്ചതാണ് ഈ ഓഫ് റോഡ് വാഹനമെന്ന് പറയാം. ഫുള്ളി ഇലക്ട്രിക് എസ്‌യുവി ബൈക്ക് എന്നാണ് ഗുഗു എനര്‍ജി തങ്ങളുടെ ആദ്യ ഉല്‍പ്പന്നത്തെ വിശേഷിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനം സംബന്ധിച്ച് 25 ലധികം പേറ്റന്റുകളാണ് കമ്പനി സ്വന്തമാക്കിയത്. 5,000 ത്തിലധികം പേര്‍ ഗുഗു ആര്‍-എസ്‌യുവി പ്രീ-ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു.

രണ്ട് വേരിയന്റുകളില്‍ ഗുഗു ആര്‍-എസ്‌യുവി ലഭിക്കും. ഒരു വേരിയന്റ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് ലോംഗ് റേഞ്ച് വേരിയന്റ് ആയിരിക്കും. 1.25 ലക്ഷം രൂപയാണ് അഫോഡബിള്‍ വേരിയന്റിന് വില. സിംഗില്‍ ചാര്‍ജില്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാം. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 6.5 സെക്കന്‍ഡ് മതി. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു. 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മുപ്പത് മിനിറ്റ് മതി.

മൂന്ന് ലക്ഷം രൂപയില്‍ തൊട്ടുതാഴെയായിരിക്കും ലോംഗ് റേഞ്ച് വേരിയന്റിന് വില. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡില്‍ താഴെ സമയം മതി. മണിക്കൂറില്‍ 145 കിലോമീറ്ററാണ് ടോപ് സ്പീഡ്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് 45 മിനിറ്റ് മതി.

ഇന്‍-ബില്‍റ്റ് ജിപിഎസ്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്‌സ്, ആപ്പ് കണക്റ്റിവിറ്റി, തല്‍സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍, ബാറ്ററി സംബന്ധമായ വിവരങ്ങള്‍, റേഞ്ച് എന്നിവ ലഭ്യമാക്കുന്ന 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഗുഗു ആര്‍-എസ്‌യുവിയുടെ സവിശേഷതയാണ്.

യുഎസ്ഡി ഫോര്‍ക്കുകള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, ബാറ്ററി പാക്ക് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടെ, സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ആര്‍-എസ്‌യുവി എന്ന് ഗുഗു എനര്‍ജി വ്യക്തമാക്കി. ഗുഗു എനര്‍ജിയുടെ പുണെയിലെ ഡിസൈന്‍ സ്റ്റുഡിയോയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. കോയമ്പത്തൂരിലെ പ്ലാന്റിലാണ് ഉല്‍പ്പാദനം. ഇന്ത്യയിലെമ്പാടും അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഗുഗു എനര്‍ജി അറിയിച്ചു.

Comments

comments

Categories: Auto
Tags: Gugu R SUV