ബറോഡ ബാങ്ക് ലയനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ബറോഡ ബാങ്ക് ലയനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ബാങ്ക് ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഒരു കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനുള്ള ശ്രമത്തിലാണ് ബിഒബി

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ, ദേനാ ബാങ്കുകളും തമ്മിലുള്ള ലയന നടപടികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് ദേനാ, ബറോഡ, വിജയ ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വന്നത്.

ബാങ്കുകളുടെ ഐടി പ്ലാറ്റ്‌ഫോം മാത്രം സംയോജിപ്പിക്കുന്നതിന് ഏകദേശം ഒരു വര്‍ഷം സമയമെടുക്കും. മറ്റ് നടപടിക്രമങ്ങളും സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിന് ഒരു വര്‍ഷം കൂടി ആവശ്യമായി വരുമെന്നും ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്. ബാങ്കുകളുടെ പരിവര്‍ത്തന സമയത്ത് ഉപഭോക്താക്കള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ ഉണ്ടാകുകയുള്ളു എന്ന് ഉറപ്പാക്കികൊണ്ടാണ് ലയന നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഇടക്കാലത്തേക്ക് മൂന്ന് ബാങ്കുകളുടെയും ബ്രാന്‍ഡ് നിലനിര്‍ത്തുമെന്നും പിന്നീടിത് പുതിയ ബ്രാന്‍ഡിലേക്ക് ഘട്ടംഘട്ടമായി മാറ്റുമെന്നും ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ബാങ്കിന്റെ പ്രവര്‍ത്തന ചെലവ് പരിഗണിച്ചും കേന്ദ്ര ബാങ്ക് നിയമമനുസരിച്ചുള്ള മൂലധന ആവശ്യകത നിലനിര്‍ത്തുന്നതിനും ലയനത്തിനുമുന്നോടിയായി 5,042 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിക്ഷേപിച്ചത്.

നടപ്പുപാദത്തില്‍ ലയനത്തിന്റെ പരമാവധി ആഘാതം ബാങ്കിന്റെ സാമ്പത്തികാരോഗ്യത്തില്‍ നിരീക്ഷിക്കാനാകും. ക്രമേണ ഈ ആഘാതം കുറഞ്ഞുവരുമെന്നും ബാങ്ക് ഓഫ് ബറോഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ഏകോപനത്തിന്റെ ആദ്യ ഘട്ടം ത്രി-വേ ഏകോപനമാണ്. 1991ലെ നരസിംഹന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതാണിത്.

മൊത്തം 15 ലക്ഷം കോടി രൂപയുടെ ബിസിനസോടെയാണ് ലയന സംരംഭം പ്രവര്‍ത്തിച്ച് തുടങ്ങിയത്. 8.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 6.25 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് ലയന സംരംഭത്തിനുള്ളത്. ലയനത്തോടെ സ്‌റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറിയിരിക്കുകയാണ്. 9,500 ശാഖകളും 13,400 എടിഎമ്മുകളുമാണ് ബാങ്കിനുള്ളത്. 85,000 ജീവനക്കാരും 12 കോടി ഉപഭോക്താക്കളും ബാങ്കിനുണ്ട്.

ബാങ്കിന്റെ ഉന്നതതല സമിതിയുടെ പ്രകടനം വിലയിരുത്തുന്നതിന് ഒരു കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബിഒബി. ഇതിനായി കണ്‍സള്‍ട്ടന്‍സി സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നിരവധി പരിഷ്‌കരണങ്ങളിലൊന്നാണ് മൂന്ന് ബാങ്കുകളുടെ ലയനം. ഇത്തരം പരിഷ്‌കരണ നടപടികളുടെ ഭാദഗമായി ഐഡിബിഐ ബാങ്കിലുള്ള 51 ശതമാനം ഓഹരി നിയന്ത്രണം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Banking