9.00 ടു 5.00 സംരംഭകത്വം

9.00 ടു 5.00 സംരംഭകത്വം

 

ഒരു സംരംഭം ആരംഭിച്ചാല്‍ എപ്പോഴും നട്ടുനനച്ച് ഒപ്പം നില്‍ക്കുന്നയാളാണ് യഥാര്‍ത്ഥ സംരംഭകന്‍. പരിചരണത്തില്‍ അശ്രദ്ധ കാട്ടിയാല്‍ സംരംഭം ക്ഷണേന തകരുകയും വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും. ദൈനംദിന കാര്യങ്ങള്‍ക്കപ്പുറമുള്ള ആസൂത്രണവും ഇടപെടലുകളും ഉടമ നടത്തിയാലേ വ്യവസായം അഭിവൃദ്ധിപ്പെടൂ. പലപ്പോഴും ദൈനംദിന കാര്യങ്ങളുടെ തലവേദന മാറ്റിവെച്ച് ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ ഉടമക്ക് സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ ഉറപ്പായും അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇത്തവണ…

സ്വന്തം സ്ഥാപനത്തിലേക്ക് രാവിലെ ഒന്‍പതു മണിക്ക് വരിക, വൈകുന്നേരം അഞ്ചുമണിക്ക് സ്ഥലം കാലിയാക്കുക. ഇപ്പോള്‍ അവധിക്കാലമായതു കൊണ്ട് കുടുംബത്തോടെ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം ഒരു ദീര്‍ഘ യാത്ര പോവുക. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ?

ഇതിനെ കുറിച്ചുപറയാന്‍ ഇടയായ സംഭവം വേറെ ഒന്നുമല്ല. വിഷു ദിവസം കെട്ടിട നിര്‍മാണ സംരംഭകനായ എന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ മകളുടെ കല്യാണ നിശ്ചയം വെച്ചിരുന്നു. വളരെക്കാലം പഴക്കമുള്ള സൗഹൃദം മൂലം ഞങ്ങള്‍ക്ക് പൊതു സുഹൃത്തുക്കള്‍ ധാരാളം ഉണ്ട് താനും. ശനിയാഴ്ച അദ്ദേഹം എന്നെ ഒരു ജാള്യതയോടെ വിളിച്ചു പറയുകയാണ്, ‘കല്യാണ്‍ജി ഓഫീസില്‍ മൂന്ന് ദിവസമായി പല ആളുകളും ലീവ് ആണ്. അതുകൊണ്ടു പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല. മറ്റന്നാള്‍ മോള്‍ടെ നിശ്ചയമാണ്. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ എനിക്ക് വേണ്ടി ഒന്ന് നമ്മുടെ സുഹൃദ് വലയത്തിലുള്ള ആളുകളെയെല്ലാം നേരില്‍കണ്ട് ക്ഷണിക്കാമോ,’ എന്ന്. ജീവനക്കാര്‍ക്ക് എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി സത്യത്തില്‍ വേദനാജനകമായിരുന്നു. ഒരു മാനേജര്‍ക്ക് അദ്ദേഹത്തിന്റെ ചേട്ടന്റെ മകന്റെ വീട് കൂടല്‍. വേറൊരു മാനേജര്‍ക്ക് അവരുടെ അളിയന്റെ കല്യാണ നിശ്ചയം, പിന്നെ വേറെ രണ്ടുപേര്‍ക്ക് ഇതിലും പ്രാധാന്യമുള്ള ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍. ഞാന്‍ മനസ്സില്‍ വിചാരിച്ചു ”ബെസ്‌ററ്, നല്ല ടീം വര്‍ക്ക്,” എന്ന്. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ പുത്രനെയും ഒപ്പം കൂട്ടി ക്ഷണിക്കല്‍ ആയിരുന്നു പരിപാടി.

മേല്‍ പറഞ്ഞപോലെ സത്യത്തില്‍ ദുരിതം അനുഭവിക്കുന്ന ഒരുപാട് വ്യാപാരികള്‍ എവിടെ നോക്കിയാലും കാണാം. ശരിയല്ലേ? ഇന്ന് ഏതൊരു സംരംഭകനും നേരിടുന്ന വളരെ പ്രധാന പ്രശ്‌നം, സ്വന്തം താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ചുകൊണ്ട് ഏത് സമയവും തങ്ങളുടെ തൊഴില്‍ശാലയിലോ കടയിലോ ഇരിക്കേണ്ടി വരുന്നു എന്നതാണ്. പ്രത്യേകിച്ച് ചെറുകിട സംരംഭകരാണ് ഈ വിഷയത്തില്‍ വളരെ അധികം ബുദ്ധിമുട്ടുന്നത്. ഇതിനുള്ള പരിഹാരത്തെക്കുറിച്ചുതന്നെ നമുക്ക് ഇന്ന് ചര്‍ച്ച ചെയ്താലോ?

ഒരു ചെറുകിട സ്ഥാപനത്തില്‍, അതായത് ഒരാള്‍ മുതല്‍ 20 പേര്‍ വരെ തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നം, ഓരോരുത്തരുടെയും ജോലിക്രമങ്ങളില്‍ വ്യക്തതയില്ല എന്നുള്ളതാണ്. പല ജീവനക്കാരും പല ജോലികളും ചെയ്യുന്ന പ്രവണത സഹജമാണ്. ഇത് തന്നെയാണ് സംരംഭകന് ഏറ്റവും വലിയ പാരയും. വളരെ വ്യക്തമായ ചുമതലാ സൂചികയും (ഓര്‍ഗനൈസഷന്‍ ചാര്‍ട്ട്) ഓരോരുത്തരും ചെയ്യേണ്ട ജോലികളും നിശ്ചയിച്ചു എഴുതി നല്‍കുന്നത് വളരെ സഹായിക്കും. ഒരാളുടെ അഭാവത്തില്‍ ആ പ്രവര്‍ത്തി ആര് ചെയ്യണം എന്നും രണ്ടുപേരും ഒന്നിച്ച് ഒരിക്കലും അവധി എടുക്കരുത് എന്നും നിഷ്‌കര്‍ഷിക്കണം.

ഒരു സംരംഭത്തിന്റെ വളര്‍ച്ചയുടെ തോത് സംരംഭകന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ലഭിക്കുന്ന സമയത്തിന്റെ അനുപാതത്തിന് അനുസരിച്ചിരിക്കും. ദൈനംദിന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്ന സംരംഭകന് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ എവിടെസമയം? അതുകൊണ്ട് തന്നെ സംരംഭത്തിന്റെ ബുദ്ധികേന്ദ്രം ആരാണോ അവര്‍ക്ക് വേറെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനുള്ള ബുദ്ധിമുട്ട് കൊടുക്കാതിരിക്കുക. അപ്പോള്‍ മാത്രമേ പുതിയ പദ്ധതികളും രീതികളും ആവിഷ്‌കരിക്കാന്‍ പറ്റുകയുള്ളൂ. സ്ഥാപനത്തിന്റെ ഉടമയാണ് ആ ബുദ്ധികേന്ദ്രം എങ്കില്‍ കഴിവുള്ള ഒരാളെ നല്ല ശമ്പളം നല്‍കി ഭരണ നിര്‍വഹണത്തിന് ഏല്‍പ്പിക്കുകയും ഉടമ പൂര്‍ണമായും നൂതനമായ മേല്‍ക്കോയ്മ നേടിത്തരുന്ന ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ മാത്രമേ ഇത് സാധിക്കൂ. പ്രത്യക്ഷ ഉദാഹരണമായി ഡൈസണ്‍, സ്റ്റീവ്‌ജോബ്‌സ്, നാരായണമൂര്‍ത്തി, ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ നമുക്ക് മുന്നിലുണ്ട്.

കൂടെയുള്ള ജീവനക്കാരിലുള്ള വിശ്വാസവും വളരെ പ്രധാന്യമുള്ള സംഗതിയാണ്. താങ്കള്‍ വിവിധ സ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി ഒരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ അതിനു പറ്റിയ ജീവനക്കാരെ അവിടങ്ങളില്‍ നിയമിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കഴിവുകളില്‍ വിശ്വസിക്കുക. ഒന്നുകൂടി അരക്കിട്ടുറപ്പിക്കണമെങ്കില്‍ നിങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ആദ്യം ഒന്നോ രണ്ടോ ദിവസം പരിപൂര്‍ണമായും വിട്ടുനില്‍ക്കുകയും തിരിച്ചു വന്ന ശേഷം ഓരോരുത്തരും അവരവരുടെ മേഖലയില്‍ നിങ്ങളുടെ അഭാവത്തില്‍ എങ്ങനെ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്തു എന്ന് പരിശോധിക്കുകയും ചെയ്യുക. തെറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും നല്ലത് തന്നെയാണ്. അവരുമായി ചര്‍ച്ച ചെയ്ത് വിശദീകരിച്ചു കൊടുക്കുക. കുറ്റം പറയാതെ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുക. ദിവസവും രാവിലെ സ്ഥാപനം തുറന്ന ഉടന്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ ഒരു 10 മിനിറ്റ് മീറ്റിംഗ് താങ്കള്‍ സ്ഥലത്തുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും നിര്‍വഹിക്കുന്നത് നന്നായിരിക്കും. പറ്റുമെങ്കില്‍ സ്ഥാപനത്തിന്റെ ദര്‍ശനവും ദൗത്യവും (വിഷന്‍ & മിഷന്‍) ഒരു പ്രതിജ്ഞ പോലെ എല്ലാവരും ചൊല്ലുന്നത് വളരെ ഉപകാരം ചെയ്യും. അത് കൂടാതെ അതാത് ദിവസം ചെയ്തു തീര്‍ക്കേണ്ട പ്രധാന കാര്യങ്ങളും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ അവലോകനവും നടത്തുക. ഇത് ഏകോപനത്തിനും, ഉടമസ്ഥനെ ദൈനംദിന കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കാനും ഉള്ള നല്ല മാര്‍ഗമാണ്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ കുറെ അധികം കാര്യങ്ങള്‍ കൂടി ഞാന്‍ എന്റെ ഉപഭോക്താക്കളെ കൊണ്ട് നടപ്പിലാക്കാറുണ്ട്. നാലു മുതല്‍ ആറു മാസത്തിനുള്ളില്‍ സ്വന്തം സാന്നിധ്യം ഇല്ലാതെ തന്നെ അവരുടെ വ്യാപാര ശൃംഖല സുഗമമായി പ്രവര്‍ത്തിച്ചു തുടങ്ങും. നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400 )

Categories: FK Special, Slider