അഞ്ചാംപനി വര്‍ഷാവര്‍ഷം 300 ശതമാനം ഉയരുന്നു

അഞ്ചാംപനി വര്‍ഷാവര്‍ഷം 300 ശതമാനം ഉയരുന്നു

ആഗോളതലത്തില്‍ അഞ്ചാംപനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ 300 ശതമാനത്തിന്റെ ഉയര്‍ച്ച കാണിക്കുന്നതായി ലോകാരോഗ്യ സംഘടന. 2019 ന്റെ ആദ്യപാദത്തില്‍, മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നതെന്നും യുഎന്‍ വക്താവ് പറഞ്ഞു. പ്രതിരോധകുത്തിവെപ്പിനെതിരേ കാര്യമായ കുപ്രചാരണങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ ഇത് ഭീതിദമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും വക്താവ് അറിയിച്ചു.

ഏറ്റവും വലിയ സാംക്രമികരോഗമായ അഞ്ചാംപനി രണ്ട് ഡോസ് വാക്‌സിന്‍ വഴി പൂര്‍ണമായും തടയാവുന്നതാണ്. എന്നാല്‍ അടുത്തകാലത്തായി ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവയ്പ്പു പദ്ധതികള്‍ക്കുമേല്‍ ആശങ്കകള്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 300 ശതമാനം വര്‍ധനയാണ് പ്രാഥമിക ആഗോള കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് തുടര്‍ച്ചയായ വര്‍ധനവാണിത്.

ഈ വിവരങ്ങള്‍ താല്‍ക്കാലികമാണെങ്കിലും വ്യക്തമായ പ്രവണത സൂചിപ്പിക്കുന്നുണ്ട്. പല രാജ്യങ്ങളും രോഗത്തിന്റെ പിടിയിലായിരിക്കുന്നു, ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും ഇക്കാര്യത്തില്‍ സുസ്ഥിര വര്‍ധനവാണു കാണിക്കുന്നത്. വാസ്തവത്തില്‍ പത്തു പേര്‍ക്ക് രോഗം ബാധിക്കുമ്പോഴാണ് ഒരെണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ 170 രാജ്യങ്ങളില്‍ 112,163 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 163 രാജ്യങ്ങളില്‍ 28,124 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ അടുത്തകാലത്തായി ഇത്തരം കേസുകള്‍ വര്‍ധിച്ചുവരികയാണ്. വാക്‌സിനെതിരായ പ്രചാരണങ്ങള്‍ ചില മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഫലമാണിത്. പ്രായപൂര്‍ത്തിയാകാത്തവരിലാണ് രോഗബാധ കൂടുതല്‍ കണ്ടെത്തുന്നത്. കടുത്ത പനി, ചുമ, മൂക്കുചീറ്റലും തുമ്മലും, കണ്ണ് ചുവക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഈ ശ്വാസകോശ രോഗത്തില്‍ കാണപ്പെടുക. പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റൊരു പ്രതിവിധിയും ഇതിനില്ല.

Comments

comments

Categories: Health
Tags: Measles