2019-ലെ പുലിറ്റ്‌സര്‍ സമ്മാനം പ്രഖ്യാപിച്ചു

2019-ലെ പുലിറ്റ്‌സര്‍ സമ്മാനം പ്രഖ്യാപിച്ചു

മാധ്യമ രംഗത്തെ മികവിന് നല്‍കുന്ന സമ്മാനമാണു പുലിറ്റ്‌സര്‍.മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായിട്ടാണു പുലിറ്റ്‌സറിനെ കണക്കാക്കുന്നത്. ഇപ്രാവിശ്യം യുഎസ് പ്രസിഡന്റ് ട്രംപ് നികുതി വെട്ടിച്ചതും, ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് ഹൈസ്‌ക്കൂളില്‍ നടന്ന കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിനും അതിനു ശേഷം നടന്ന തോക്ക് സുരക്ഷാ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതിനുമാണു പുലിറ്റ്‌സര്‍ സമ്മാനിച്ചത്.

മാധ്യമപ്രവര്‍ത്തന രംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയെന്നു വിശേഷിപ്പിക്കുന്ന പുലിറ്റ്‌സര്‍ സമ്മാനം പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ഏപ്രില്‍ 15) ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് 2019-ലെ അവാര്‍ഡ് പ്രഖ്യാപനം നടന്നത്. 2018-ല്‍ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗിക ആരോപണങ്ങള്‍ പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായിരുന്നു പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചതെങ്കില്‍, ഇപ്രാവിശ്യം യുഎസ് പ്രസിഡന്റ് ട്രംപ് നികുതി വെട്ടിച്ചതും, ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് ഹൈസ്‌ക്കൂളില്‍ നടന്ന കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിനും അതിനു ശേഷം നടന്ന തോക്ക് സുരക്ഷാ പ്രശ്‌നം (ഗണ്‍ സേഫ്റ്റി ഇഷ്യു) റിപ്പോര്‍ട്ട് ചെയ്തതിനുമാണു പുലിറ്റ്‌സര്‍ സമ്മാനിച്ചത്. 2018 ഫെബ്രുവരി 14-നായിരുന്നു മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് ഹൈസ്‌ക്കൂളില്‍ വെടിവെയ്പ്പ് നടന്നത്. വിദ്യാര്‍ഥികളും. സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെടുകയും, 17-ാളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെക്കാലം അമേരിക്കന്‍ സംഗീതത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവന പരിഗണിച്ചു ഗാനരചയിതാവും, പൗരാവകാശ പോരാളിയും, പിയാനിസ്റ്റുമായിരുന്ന അരീഥ ഫ്രാങ്കഌനു മരണാനന്തര ബഹുമതി സമ്മാനിക്കാനും 18-അംഗ പുലിറ്റ്‌സര്‍ പ്രൈസ് ബോര്‍ഡ് തീരുമാനിച്ചു. ദ ക്യാപിറ്റല്‍ ഗസ്റ്റ് എന്ന പത്രത്തിനും പ്രത്യേക പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. അമേരിക്കയിലെ ഒരു പ്രാദേശിക പത്രമാണ് ദ ക്യാപിറ്റല്‍ ഗസ്റ്റ്. 2018 ജൂണില്‍ ഈ പത്രത്തിന്റെ ന്യൂസ് റൂമിലേക്ക് പ്രവേശിച്ച തോക്കുധാരി പത്രത്തിലെ അഞ്ച് ജീവനക്കാര്‍ക്കു നേരെ നിറയൊഴിച്ച് അവരുടെ ജീവനെടുത്തിരുന്നു. എങ്കിലും പത്രം പുറത്തിറക്കാന്‍ അവര്‍ കാണിച്ച ധീരതയെ അഭിനന്ദിക്കുന്നതിനാണു സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം പുലിറ്റ്‌സര്‍ സമ്മാനത്തിനു പരിഗണിക്കവേ, മത്സരത്തിന്റെ അവസാന റൗണ്ട് വരെയെത്തിയവരില്‍ കാണുവാന്‍ സാധിച്ചത്, ശുഭപ്രതീക്ഷയോടെയുള്ള ഉത്തരവാദിത്വ ജേണലിസമാണെന്ന് അവാര്‍ഡ് സമിതിയംഗം നീല്‍ ബ്രൗണ്‍ പറഞ്ഞു.
‘ സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം നിയമങ്ങള്‍ മാറ്റിയെഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ സഹായിച്ചു. നമ്മളുടെ കുട്ടികളെ സുരക്ഷിതമാക്കുന്നതില്‍ നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ടെന്ന ബോധ്യം വരുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി. ഇത് കൂടുതല്‍ പ്രചോദനം തന്നെയാണ്. കാരണം, മാധ്യമപ്രവര്‍ത്തകര്‍ ഇന്നു വലിയ ഭീഷണികളെ നേരിടുകയാണ്. ഇതിനു പുറമേ മാധ്യമപ്രവര്‍ത്തനമെന്ന സുപ്രധാന ജോലി നിര്‍വഹിക്കാന്‍ ആവശ്യമായ സാമ്പത്തികം കണ്ടെത്താന്‍ മാധ്യമ സ്ഥാപനങ്ങള്‍ മുന്‍പത്തേക്കാളധികം കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടതായും വരുന്നു’ ബ്രൗണ്‍ പറഞ്ഞു.

പുലിറ്റ്‌സര്‍, മാധ്യമ രംഗത്തെ മികവിനു നല്‍കുന്ന സമ്മാനമാണെന്നു പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും സാഹിത്യം, സംഗീതം, നാടകം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കും പുലിറ്റ്‌സര്‍ നല്‍കാറുണ്ട്.

എക്‌സ്പ്ലനേറ്ററി റിപ്പോര്‍ട്ടിംഗ് (വിവരണാത്മക റിപ്പോര്‍ട്ടിംഗ്)

വിവരണാത്മക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ടൈംസിലെ ഡേവിഡ് ബാര്‍‌സ്റ്റോ, സൂസന്‍ ക്രെയ്ഗ്, റസ് ബ്യൂട്ട്‌നര്‍ എന്നിവര്‍ക്കാണു സമ്മാനം ലഭിച്ചത്. തന്റെ പേരിലുള്ള സമ്പാദ്യം നികുതി വെട്ടിച്ചുണ്ടാക്കിയതല്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയതിനാണ് മൂവര്‍ക്കും അവാര്‍ഡ് ലഭിച്ചത്. പതിനെട്ട് മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 1995 -ലെ ട്രംപിന്റെ നികുതി അടച്ചതു സംബന്ധിച്ച രേഖകള്‍ ശേഖരിച്ചതിനു ശേഷം ഒരു ലക്ഷത്തോളം വരുന്ന നികുതി സംബന്ധിച്ച പേജുകള്‍ മൂന്ന് ലേഖകരും പരിശോധിക്കുകയുണ്ടായി. പിന്നീട് നിരവധി പേരുമായി സംസാരിച്ചു വ്യക്തത വരുത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

നാഷണല്‍ റിപ്പോര്‍ട്ടിംഗ്

വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക ന്യൂസ് റിപ്പോര്‍ട്ടിന് നാഷണല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തിലെ അവാര്‍ഡ് ലഭിച്ചു. സ്റ്റോമി ഡാനിയേല്‍സ്, കേരന്‍ മക്ഡൗഗല്‍ തുടങ്ങിയ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ട്രംപ്, 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇക്കാര്യം പുറം ലോകം അറിയാതിരിക്കാന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹനിലൂടെ കൈക്കൂലി പണം കൈമാറിയെന്ന റിപ്പോര്‍ട്ടിനാണ് നാഷണല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ സമ്മാനം കരസ്ഥമാക്കിയത്.

പബ്ലിക് സര്‍വീസ്

സൗത്ത് ഫ്‌ളോറിഡ സണ്‍ സെന്റിനല്‍ എന്ന പത്രത്തിന് പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചു. 2018 ഫെബ്രുവരി 14-നു ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് ഹൈസ്‌ക്കൂളില്‍ നടന്ന കൂട്ടക്കൊല ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ 17 പേരാണു കൊല്ലപ്പെട്ടത്. 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെയ്പ്പിലേക്കു നയിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികാരികള്‍ക്കും, നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കുമുണ്ടായ പരാജയങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് തയാറാക്കിയതിനാണു സൗത്ത് ഫ്‌ളോറിഡ സണ്‍ സെന്റിനല്‍ എന്ന പത്രത്തിനു സമ്മാനം ലഭിച്ചത്.

ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ടിംഗ്

പെന്‍സല്‍വാനിയയിലെ സിനഗോഗില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത പിറ്റ്‌സ്‌ബെര്‍ഗ് പോസ്റ്റ് ഗസറ്റിന് ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ സമ്മാനം ലഭിച്ചു.

ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിംഗ്

മ്യാന്‍മാറില്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരേ ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത റോയ്‌ട്ടേഴ്‌സിന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ സമ്മാനം ലഭിച്ചു. റോയ്‌ട്ടേഴ്‌സിന്റെ വാ ലോണ്‍, ക്യാ സോവു എന്നിവരായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവര്‍ മ്യാന്‍മാറിന്റെ സീക്രട്ട് ആക്റ്റ് ലംഘിച്ചെന്ന കുറ്റത്തിന്റെ പേരില്‍ ഇപ്പോള്‍ മ്യാന്‍മാറില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇതിനോടകം ഇവര്‍ 490 ദിവസങ്ങള്‍ ജയില്‍ വാസം അനുഭവിച്ചു കഴിഞ്ഞു. മ്യാന്‍മാറിലെ അടിച്ചമര്‍ത്തലിനെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാനായി ഇവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച സമയത്ത് അധികാരികള്‍ അറസ്റ്റ് ചെയ്തു. 2017-ലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ലേഖനം പിന്നീട് സൈമണ്‍ ലൂയിസ്, അന്റോണി സ്ലോഡ്‌കോവസ്‌കി എന്നിവരാണു പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. 2018 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ്

യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ മൂന്ന് പതിറ്റാണ്ടോളം കാലം നൂറ് കണക്കിനു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച ജോര്‍ജ് ടിന്‍ഡല്‍ എന്ന ഗൈനക്കോളജിസ്റ്റിനെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയതിന് ലോസ് ഏഞ്ചല്‍സ് ടൈംസിലെ മൂന്ന് ലേഖകര്‍ക്ക് ഈ വര്‍ഷത്തെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് വിഭാഗം പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു. 2018 ഫെബ്രുവരിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതേ തുടര്‍ന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സി.എല്‍. മാക്‌സ് നികിയാസിന് രാജിവയ്‌ക്കേണ്ടി വന്നു.

അരീഥ ഫ്രാങ്കഌനു മരണാനന്തര ബഹുമതി

മരണാനന്തര ബഹുമതിയായി പുലിസ്റ്റര്‍ കരസ്ഥമാക്കിയ ആദ്യ വനിതയെന്ന അപൂര്‍വതയ്ക്കാണ് അരീഥ ഫ്രാങ്കഌന്‍ അര്‍ഹയായിരിക്കുന്നത്. അമേരിക്കന്‍ ഗായികയും ഗാനരചയിതാവും സംഗീതജ്ഞയും, പിയാനിസ്റ്റും, പൗരാവകാശപ്രവര്‍ത്തകയുമായിരുന്നു അരീഥ ഫ്രാങ്കഌന്‍. 18 ഗ്രാമി പുരസ്‌കാരം നേടിയിട്ടുണ്ട്. റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയ ആദ്യ വനിതയും അരീഥയാണ്. സംഗീത ലോകത്ത് അരീഥയുടെ ശബ്ദത്തിനും പാട്ടിനുമുള്ള സ്വാധീനം അടിവരയിടുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പുലിറ്റ്‌സര്‍ മരണാനന്തര ബഹുമതി.
അരീഥ ഫ്രാങ്കഌന്‍, സാംസ്‌കാരിക ബിംബവും, അമേരിക്കന്‍ സംഗീത ലോകത്ത് അസാമാന്യ ധിഷണാപാടവം പ്രകടിപ്പിച്ച വ്യക്തിയുമാണ്. അരീഥ ഫ്രാങ്കഌന്‍ ജീവിച്ചിരുന്നപ്പോള്‍, അവരുടെ കാലത്തെ പ്രമുഖ ഗായികയായും അവരെ ലോകം വിശേഷിപ്പിച്ചിരുന്നു. അവരുടെ ശബ്ദം പ്രായത്തെയും, അവരുടെ സ്വന്തം ജീവിതത്തെ തന്നെയും അതിജീവിച്ചെന്നു വേണം പറയാന്‍.
1960-കളായിരുന്നു അരീഥയുടെ സുവര്‍ണ കാലം. 1960-കളുടെ അവസാനത്തോടെ, അരീഥ ഫ്രാങ്കഌന്‍, ദ ക്വീന്‍ ഓഫ് സോള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. അരീഥയുടെ 7.5 കോടി സംഗീത ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. 2018-ഓഗസ്റ്റില്‍ 76-ാം വയസില്‍ മരിച്ചു. ഈയാഴ്ച ‘ അമേസിംഗ് ഗ്രേസ് ‘ എന്ന ഡോക്യുമെന്ററി അമേരിക്കയിലെമ്പാടും റിലീസ് ചെയ്യാനിരിക്കുകയാണ്. 1972 ജനുവരിയില്‍ രണ്ട് രാത്രിയില്‍ ലോസ് ഏഞ്ചല്‍സിലെ ന്യൂ ടെംപിള്‍ മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ അരീഥ അവതരിപ്പിച്ച പരിപാടിയെ കുറിച്ചാണ് അമേസിംഗ് ഗ്രേസ് എന്ന ഡോക്യുമെന്ററി പ്രതിപാദിക്കുന്നത്.

Comments

comments

Categories: Top Stories

Related Articles