12 മണിക്കൂര്‍ ജോലി സമയത്തെ പിന്തുണച്ച് ജാക്ക് മാ

12 മണിക്കൂര്‍ ജോലി സമയത്തെ പിന്തുണച്ച് ജാക്ക് മാ

ബീജിംഗ്: ചൈനയില്‍ ടെക് ഇന്‍ഡസ്ട്രിയില്‍ ഒരു ദിവസം 12 മണിക്കൂര്‍ ജോലി സമയമെന്ന സംസ്‌കാരത്തെ പിന്തുണച്ച് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ രംഗത്ത്. ആഴ്ചയില്‍ ആറ് ദിവസവും, പ്രതിദിനം 12 മണിക്കൂറും ജോലി ചെയ്യുന്ന രീതി ചൈനയില്‍ 996 എന്നാണ് അറിയപ്പെടുന്നത്. 99 എന്നത് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയെന്നാണ്. 6 എന്നത് ആഴ്ചയില്‍ ആറ് ദിവസം എന്നതും. ചൈനയില്‍ ടെക്‌നോളജി കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും 996 ഇന്ന് പതിവാണ്.

നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യം കണ്ടെത്തുകയാണെങ്കില്‍ 996 ഒരു പ്രശ്‌നമല്ലെന്നാണു ഞായറാഴ്ച ജാക്ക് മാ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചത്. നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഓരോ മിനിറ്റും പീഢനമായി അനുഭവപ്പെടുകയും ചെയ്യുമെന്നും ജാക്ക് മാ അഭിപ്രായപ്പെട്ടു. എന്നാല്‍ ജാക്ക് മായുടെ അഭിപ്രായങ്ങളോട് പലരും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുവരികയുണ്ടായി. വീട്ടില്‍ പരിചരണം ആവശ്യമുള്ള മുതിര്‍ന്നവരും കുട്ടികളുമുള്ള കാര്യം നിങ്ങള്‍ മറന്നുപോകരുതെന്നാണു ജാക്ക് മായ്ക്കു മറുപടിയായി ചിലര്‍ കുറിച്ചത്. എല്ലാ സ്ഥാപനങ്ങളും 996 നടപ്പിലാക്കുകയാണെങ്കില്‍ ആര്‍ക്കും കുട്ടികള്‍ ജനിക്കില്ലെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ അധികമായി സമയവും ശ്രമവും നടത്തുന്നില്ലെങ്കില്‍ എങ്ങനെയാണു നിങ്ങള്‍ക്കു വിജയം രുചിക്കാനാവുകയെന്നാണു ജാക്ക് മാ ചോദിക്കുന്നത്. ടെക് രംഗത്ത് ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുകയെന്നത് ചൈനയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും പതിവാണ്. ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്ന കാലത്തെ കുറിച്ച് ഒരിക്കല്‍ ടെസ്‌ലയുടെ സഹസ്ഥാപകന്‍ എലോണ്‍ മസ്‌ക് പറയുകയുണ്ടായി.

Comments

comments

Categories: FK News
Tags: Jackma

Related Articles