ആറ് കമ്പനികള്‍ നല്‍കിയത് ഒരു ലക്ഷത്തിലധികം തൊഴില്‍

ആറ് കമ്പനികള്‍ നല്‍കിയത് ഒരു ലക്ഷത്തിലധികം തൊഴില്‍

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,04,820 തൊഴിലുകള്‍ നല്‍കി ഐടി കമ്പനികള്‍

ബെംഗളൂരു: 2018-19 കാലയളവില്‍ ഐടി മേഖലയിലെ മുന്‍നിര കമ്പനികള്‍ 1,04,820 ആളുകള്‍ക്ക് പുതിയതായി തൊഴില്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട വര്‍ഷമായി ഇതോടെ 2018-19 മാറി. ടിസിഎസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ 53,303 പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചു. ടിസിഎസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനി കഴിഞ്ഞ വര്‍ഷം 29,287 പുതിയ ജീവനക്കാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഇതോടെ 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ജീവനക്കാരുടെ എണ്ണം 4,24,285 ആയി വര്‍ധിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസ് 24,016 പുതിയ ജീവനക്കാരെ നിയമിച്ചു. ഇതോടെ ഇന്‍ഫോസിസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 2,19,123 ആയി.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഐടി മേഖല തൊഴില്‍ നല്‍കുന്നതില്‍ പിന്നാക്കമായിരുന്നു. മുന്‍ നിരയിലുള്ള ആറ് ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, വിപ്രോ, മഹീന്ദ്ര, കോഗ്‌നിസാന്റ് എന്നീ കമ്പനികള്‍ ചേര്‍ന്ന് 2017 സാമ്പത്തിക വര്‍ഷത്തില്‍ 82,919 ഉം 2018 സാമ്പത്തിക വര്‍ഷം 30,181 ഉം ആളുകള്‍ക്കാണ് പുതിയതായി തൊഴില്‍ നല്‍കിയത്. 2018 ല്‍ ഇന്‍ഫോസിസ് 3,740 ഉം ടിസിഎസ് 7,770 ഉം തൊഴിലാളികളെ മാത്രമാണ് കൂട്ടിച്ചേര്‍ത്തത്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇന്‍ഫോസിസില്‍ 20.4 ശതമാനവും ടിസിഎസില്‍ 11.3 ശതമാനം കൊഴിഞ്ഞു പോക്കാണ് ഉണ്ടായത്. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടിസിഎസിലെ തൊഴില്‍ ശക്തി 11.6 ശതമാനമാണ്. ഇന്‍ഫോസിസിലെ തൊഴില്‍ ശക്തി 8.18 ശതമാനവും. ഓരോ സാമ്പത്തിക വര്‍ഷവും ഇന്‍ഫോസിസ് 12,320 പുതിയ തൊഴിലാളികള്‍ക്ക് അവസരം നല്‍കാറുണ്ട്. എന്നാല്‍ ടിസിഎസ് 28,052 തൊഴിലാളികളെയാണ് ഓരോ വര്‍ഷവും നിയമിക്കാറുള്ളത്. ടിസിഎസിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 23.8 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ടിസിഎസിന്റെ തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം 35.9 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

Categories: FK News, Slider