വേര്‍പാടിന്റെ കണ്ണീര്‍ ഒപ്പിയെടുത്ത ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം

വേര്‍പാടിന്റെ കണ്ണീര്‍ ഒപ്പിയെടുത്ത ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം

വാഷിംഗ്ടണ്‍: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥിയായി അമ്മയൊടൊപ്പമെത്തിയ കുഞ്ഞിന്റെ കരയുന്ന ചിത്രമെടുത്ത ഗെറ്റി ഇമേജസ് ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂറിനു വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം ലഭിച്ചു. വ്യാഴാഴ്ചയാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-നാണു യുഎസിലേക്ക് അഭയം തേടി ഹോണ്ടുറാസില്‍നിന്നും സാന്ദ്ര സാഞ്ചസും മകള്‍ രണ്ട് വയസുകാരി യനേലയുമെത്തിയത്. എന്നാല്‍ ഇവരെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നു സാന്ദ്ര സാഞ്ചസിനെ മകള്‍ യനേലയില്‍നിന്നും വേര്‍പിരിച്ചു. ഈ സമയത്താണു മകള്‍ യനേല കരഞ്ഞത്. ഈ ദൃശ്യം ഗെറ്റി ഇമേജസിലെ ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ പകര്‍ത്തി. ‘അഭയാര്‍ഥികളായി അതിര്‍ത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും ഉരുണ്ടു കൂടിയ ഭയമാണ് എനിക്ക് കാണുവാന്‍ സാധിച്ചത്. ആ നിമിഷമാണു സാന്ദ്രയും മകള്‍ യനേലയും എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരെ പൊലീസ് പരിശോധിച്ചപ്പോഴാണ് എനിക്ക് വിലപ്പെട്ട ഈ ചിത്രം ലഭിച്ചത് ‘ -മൂര്‍ പറഞ്ഞു.
2018 ജൂണ്‍ 12ന് രാത്രിയില്‍, റിയോ ഗ്രാന്‍ഡ് വാലിയില്‍ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരോടൊപ്പം ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു സാന്ദ്രയും രണ്ടു വയസുകാരി മകള്‍ യനേലയും മൂറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയാനുള്ള തീരുമാനം ട്രംപിന്റെ സീറോ ടോളറന്‍സ് നയങ്ങളെന്നായിരുന്നു ലോകം വിശേഷിപ്പിച്ചത്. മൂറിന്റെ ഈ ചിത്രം കഴിഞ്ഞ ജൂണില്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിനെതിരേ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കുട്ടികളെ മാതാപിതാക്കളില്‍നിന്നും വേര്‍പിരിക്കുന്നത് മനുഷ്യത്വ രഹിതമായ തീരുമാനമെന്നും വിശേഷിപ്പിക്കുകയുണ്ടായി. വിമര്‍ശനവും പ്രതിഷേധവും രൂക്ഷമായതോടെ നയത്തില്‍നിന്നും ട്രംപ് ഭരണകൂടത്തിനു പിന്മാറേണ്ടതായും വന്നിരുന്നു.

Comments

comments

Categories: Top Stories

Related Articles