യുഎസ് സ്വദേശി ഹോട്ടലില്‍ താമസിക്കാനെത്തിയത് വളര്‍ത്തുമൃഗങ്ങളുമായി

യുഎസ് സ്വദേശി ഹോട്ടലില്‍ താമസിക്കാനെത്തിയത് വളര്‍ത്തുമൃഗങ്ങളുമായി

അഹമ്മദാബാദ്: യുഎസില്‍നിന്നും ഇന്ത്യയിലെത്തിയ യുവതി ഗുജറാത്തിലെ ഹോട്ടലില്‍ താമസിക്കാനെത്തിയത് 14 വളര്‍ത്തുമൃഗങ്ങളുമായി. ആറ് പൂച്ചകള്‍, ഏഴ് പട്ടികള്‍, ഒരു ആട് എന്നിവയാണു യുവതിയോടൊപ്പം ഇന്ത്യ കാണാനെത്തിയിരിക്കുന്നത്. ഈ മാസം ഒന്‍പതാം തീയതി പുലര്‍ച്ചെ മൂന്നിനാണു യുവതി താമസിക്കാന്‍ ഗുജറാത്തിലെ ഹോട്ടലിലെത്തിയത്. ഹോട്ടലില്‍ താമസിക്കാന്‍ ഇവര്‍ മൂന്ന് ദിവസം മുന്‍കൂറായി ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്യുന്ന സമയത്ത് വളര്‍ത്തുമൃഗങ്ങളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ഹോട്ടല്‍ അധികൃതര്‍ ഇവര്‍ക്ക് റൂം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ വളര്‍ത്തുമൃഗങ്ങളെയും കൂട്ടിയാണു മുറിയില്‍ താമസിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഇവരോട് റൂം ഉപേക്ഷിക്കണമെന്നു ഹോട്ടല്‍ അധികൃതര്‍ പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. മാത്രമല്ല, പൊലീസിനെ വിളിക്കുകയും ചെയ്തു. ഹോട്ടലില്‍ താമസിച്ചിരുന്ന മറ്റ് ചില അതിഥികള്‍ വളര്‍ത്തു മൃഗങ്ങളെ കണ്ട് ഭയപ്പെടുകയും ഹോട്ടലിന്റെ ഉടമയെ വിളിച്ചു പരാതിപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ലെന്നു മാത്രം. വളര്‍ത്തുമൃഗങ്ങളുമായി യുഎസില്‍നിന്നെത്തിയ യുവതി മൂന്നു ദിവസവും താമസിച്ചതിനു ശേഷമാണു റൂം വിട്ടു പോയത്. 2015-ജനുവരിയില്‍ ഉത്തരകാശിയില്‍നിന്നും താന്‍ രക്ഷിച്ച പട്ടിയും 2015 മാര്‍ച്ചില്‍ അതേ സ്ഥലത്തുനിന്നും രക്ഷിച്ച ആടുമാണ് തന്റെ കൂടെയുള്ളതെന്നാണു യുവതി പറഞ്ഞത്. തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കു സ്‌നേഹവും കരുതലും നല്‍കാന്‍ സാധിക്കുന്ന കുടുംബത്തെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും യുവതി പറഞ്ഞു.

Comments

comments

Categories: FK Special
Tags: Pets