ടൂത്ത്‌പേസ്റ്റിലെ വെണ്‍മ പകരുന്ന ഘടകം ദോഷകരം

ടൂത്ത്‌പേസ്റ്റിലെ വെണ്‍മ പകരുന്ന ഘടകം ദോഷകരം

ടൂത്ത്‌പേസ്റ്റില്‍ പല്ല് വെളുപ്പിക്കാന്‍ വേണ്ടി ചേര്‍ക്കുന്ന പല ഘടകങ്ങളും ദോഷകരമെന്ന് മുന്നറിയിപ്പ്. പല്ലിനു കേടുവരുത്തുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. പല്ലിനു വെളുപ്പുനിറം പകരുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് ദന്ത സംരക്ഷക വസ്തുവായ ഇനാമലിനു താഴെയുള്ള പ്രോട്ടീന്‍ സമ്പന്നമായ ഡെന്റീന്‍ കോശങ്ങള്‍ക്ക് ദോഷം ചെയ്യും. അമേരിക്കയിലെ സ്റ്റോക്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മനുഷ്യന്റെ പല്ലുകള്‍ മൂന്ന് പാളികളായാണ് നിലകൊള്ളുന്നത്. പുറം പല്ലിന്റെ ഇനാമല്‍, അടിവശത്തുള്ള ഡെന്റീന്‍ പാളി, പല്ലിനെ മോണയുമായി ഉറച്ചു നിര്‍ത്തുന്ന ബന്ധനകോശങ്ങള്‍ എന്നിവയാണിവ. മുമ്പുള്ള മിക്കവാറും പഠനങ്ങള്‍ പല്ലിന്റെ ഇനാമലിനു വരുന്ന കോട്ടങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതില്‍ നിന്നു വ്യത്യസ്തമായി പുതിയ പഠനങ്ങള്‍ ഡെന്റീനില്‍ ശ്രദ്ധയൂന്നുന്നു. പല്ലുകളെ ശക്തമാക്കുന്ന കൊലാജന്‍ എന്ന പ്രോട്ടീന്‍ ഇതില്‍ ഉയര്‍ന്ന തലത്തില്‍ കാണപ്പെടുന്നു. ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നതിലൂടെ കൊലാജന്‍ വിഘടിച്ചു പോകുന്നുവെന്ന് ഗവേഷകസംഘം തെളിയിച്ചു. തുടര്‍പരീക്ഷണങ്ങളില്‍, അവര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കൊണ്ട് കൊലാജനെ ശുദ്ധീകരിക്കുകയും ലബോറട്ടറി ടെക്‌നിക്കുകള്‍ ഉപയോഗിച്ച് പ്രോട്ടീന്‍ വിശകലനം ചെയ്യുകയും ചെയ്തു. ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ വെളുക്കുമെങ്കിലും യഥാര്‍ത്ഥ കൊലാജന്‍ പ്രോട്ടീനെ പതിയെ ഇല്ലാതാക്കുന്നുവെന്നു ബോധ്യപ്പെട്ടതായി അസോസിയേറ്റ് പ്രൊഫസര്‍ കെല്ലി കീനന്‍ പറഞ്ഞു. പല്ലുകളിലടങ്ങിയ കൊലാജനും മറ്റ് പ്രോട്ടീനുകളും പുനരുല്‍പ്പാദിപ്പിക്കാനാകുമോ എന്ന കാര്യം പരിഗണിച്ചില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് വിനിയോഗം പല്ലിനു സ്ഥിരമായി കേടുണ്ടാക്കുമോയെന്ന് പറയാന്‍ പറ്റില്ലെന്നും സംഘം വ്യക്തമാക്കി. അതിനാല്‍ ടൂത്ത്‌പേസ്റ്റ് ഇനി മുതല്‍ കുറച്ചുപയോഗിച്ചാല്‍ മതി. പല്ലിലും മോണയിലും അടിഞ്ഞു കൂടിയ പ്ലാക്ക് കളയാനും വായ്‌നാറ്റം അകറ്റാനും വേണ്ടി മാത്രം പേസ്റ്റ് ഉപയോഗിക്കുക. പല്ലിനു വെണ്മയും തിളക്കവും നല്‍കാന്‍ വേണ്ടി പേസ്റ്റ് അമിതമായി തേച്ചുരച്ചു പിടിപ്പിക്കുന്നത് അവസാനിപ്പിക്കുക.

Comments

comments

Categories: Health