കുട്ടികളില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്നു

കുട്ടികളില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്നു

ആത്മഹത്യാശ്രമങ്ങള്‍ കൂടുതല്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നത് അധികൃതരുടെ കണ്ണു തുറപ്പിക്കുമോ?

അമേരിക്കയില്‍ അടുത്ത കാലത്തായി ആത്മഹത്യാശ്രമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ കുട്ടികളും കൗമാരക്കാരും ആശുപത്രിയിലെത്തുന്നതായി കണ്ടിട്ടും ഇവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യപരിചരണം നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യാശ്രമങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരപരുക്കുകളുമായി നിരവധി ചെറുപ്പക്കാരാണ് അത്യാഹിതവാര്‍ഡുകളില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. 2007-2015 കാലഘട്ടത്തില്‍ അഞ്ചു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആത്മഹത്യാശ്രമങ്ങള്‍ 5,8000 ല്‍ നിന്ന് 1.12 ദശലക്ഷമായി വര്‍ധിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു. ഇക്കാലയളവില്‍ അത്യാഹിതവാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഇത്തരക്കാരുടെ വാര്‍ഷികസന്ദര്‍ശനങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. എന്നാല്‍ ഇങ്ങനെ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം 2.2% ല്‍ നിന്ന് 3.5% ലേക്ക് ഉയര്‍ന്നത് ചെറുതല്ലാത്ത ആശങ്കയ്ക്കു വക നല്‍കുന്നു.

ആത്മഹത്യാശ്രമം ഭാവിയിലെ ആത്മഹത്യയിലേക്കുള്ള ആദ്യപടിയാണെന്ന് മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. ബ്രെറ്റ് ബര്‍സ്റ്റീന്‍ മുന്നറിയിപ്പു തരുന്നു. കുട്ടികളിലെ ആത്മഹത്യാപ്രവണത അതുകൊണ്ടു തന്നെ ഗൗരവത്തോടെ കാണണം. ഈ കുട്ടികളെ സമഗ്രമായി വിലയിരുത്തി, മതിയായ സംരക്ഷണം നല്‍കാനുള്ള തുടര്‍നടപടികള്‍ക്കുള്ള ശ്രമം ഉണ്ടാകുന്നില്ല. മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള കൂടുതല്‍ കമ്യൂണിറ്റികേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗവേഷണത്തിനായി അത്യാഹിത വാര്‍ഡുകളില്‍ കഴിയുന്ന 18 വയസില്‍ താഴെയുള്ള 59,921 രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ 1613 പേര്‍ ആത്മഹത്യാശ്രമങ്ങളുമായി വന്നവരാണ്. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് അത്യാഹിത വാര്‍ഡില്‍ നിന്നു പേരു വെട്ടിയശേഷം ഇവരില്‍ വെറും രണ്ടു ശതമാനം മാത്രമേ തുടര്‍ ചികില്‍സയ്ക്കു വിധേയരായിട്ടുള്ളൂവെന്നാണ് കണ്ടെത്തിയത്. 87 ശതമാനം ആത്മഹത്യാചിന്തകളെത്തുടര്‍ന്നു കൗണ്‍സിലിംഗിനെത്തിയതാണ്. ആത്മഹത്യാചിന്തയോടെയോ ആത്മഹത്യശ്രമങ്ങളോ ആയി ചികില്‍സയ്‌ക്കെത്തിയവരില്‍ 43 ശതമാനം അഞ്ചു മുതല്‍ 10 വരെ പ്രായമുള്ള കുട്ടികളാണ്. ഇവരില്‍ ഏതാണ്ട് 72 ശതമാനം പേരും വെള്ളക്കാരും 24 ശതമാനം കറുത്ത വര്‍ഗക്കാരുമാണ്. ഇവരില്‍ 13 ശതമാനത്തിന് മാത്രമാണ് പ്രത്യേക ശൈശവ-കൗമാര മനഃശാസ്ത്ര ചികില്‍സ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്.

എന്നാല്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ആത്മഹത്യാശ്രമം നടത്തിയത് എത്രപേരെന്ന് കൃത്യത വരുത്താന്‍ പഠനത്തിനു കഴിഞ്ഞിട്ടില്ല. ചില മുറിവുകളെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ സാധ്യതയുണ്ട്. ആത്മഹത്യാശ്രമം നടത്താത്തവരെ തെറ്റിദ്ധാരണ മൂലം ഇക്കൂട്ടത്തില്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗവും ആത്മഹത്യാ പ്രവണതകളും പ്രകടിപ്പിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെഷനുകളും കൂടുതല്‍ നടക്കുന്നതിനാല്‍ ഡോക്റ്റര്‍മാരുടെ നിഗമനം ശരിവെക്കുക എളുപ്പമാണ്. അതിനാല്‍, കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും അത്യാഹിതവാര്‍ഡ് പ്രവേശനങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും.

കുട്ടികളിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. മക്കളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിക്കുക. അവരുടെ മാനസികാവസ്ഥ, പെരുമാറ്റം, ഉറക്കം, സാമൂഹ്യവല്‍ക്കരണം, പഠനത്തിലെ ശ്രദ്ധ എന്നിവയില്‍ പെട്ടെന്ന് വരുന്ന മാറ്റങ്ങള്‍ മടുപ്പ്, വിരസത എന്നിവയെപ്പറ്റി കുട്ടികള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. കുട്ടികള്‍ ഒരിക്കലെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് തുറന്നു ചോദിക്കുന്നതില്‍ പോലും തെറ്റില്ലെന്ന് ടെക്‌സാസ് സര്‍വ്വകലാശാലയിലെ മനശാസ്ത്രജ്ഞന്‍ നിക്കൊളാസ് വെസ്റ്റേഴ്‌സ് പറയുന്നു. നിങ്ങളുടെ കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ ഉടന്‍ ബോധവല്‍ക്കരണം നടത്തുകയും ഇത് വഷളാകുമെന്ന് ആശങ്ക ഉയര്‍ന്നാല്‍ ഉടനടി അവരെ കൗണ്‍സിലിംഗടക്കമുള്ള ചികില്‍സകള്‍ക്കു വിധേയരാക്കാന്‍ മടിക്കരുതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

 

Comments

comments

Categories: Health