റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന്റെ രേഖാചിത്രം പുറത്തുവിട്ടു

റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന്റെ രേഖാചിത്രം പുറത്തുവിട്ടു

കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ ജൂണ്‍ മാസത്തില്‍ വിപണിയിലെത്തും

ന്യൂഡെല്‍ഹി : റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണിയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് റിവോള്‍ട്ട് ആദ്യമായി പുറത്തിറക്കുന്നത്. ഇ-ബൈക്ക് ജൂണ്‍ മാസത്തില്‍ വിപണിയിലെത്തും. മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളേക്കാള്‍ വ്യത്യസ്തമായിരിക്കും റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ്. റിവോള്‍ട്ട് മോട്ടോഴ്‌സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്.

തങ്ങളുടെ ആദ്യ ഇവി രൂപകല്‍പ്പന ചെയ്തത് ആവേശകരമായിരുന്നുവെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ചീഫ് ഡിസൈനര്‍ ശിവം ശര്‍മ്മ പറഞ്ഞു. സാങ്കേതികപരമായ മേന്‍മകള്‍ കൂടാതെ, മോട്ടോര്‍സൈക്കിളിന്റെ നില്‍പ്പും പ്രകൃതവും റൈഡിംഗ് പൊസിഷനുമെല്ലാം ദൈനംദിന യാത്രാ ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പ്പന ചെയ്തതാണെന്ന് അദ്ദേഹം അറിയിച്ചു. ഏഴ് മാതൃകാ രൂപങ്ങള്‍ ഉണ്ടാക്കിയും ആറ് മാസമെടുത്തുമാണ് ഇപ്പോള്‍ കാണുന്ന ഡിസൈന്‍ സ്‌കെച്ച് സൃഷ്ടിച്ചതെന്ന് ശിവം ശര്‍മ്മ വ്യക്തമാക്കി. ആന്തരിക ദഹന എന്‍ജിന്‍ മോട്ടോര്‍സൈക്കിളുകളുടെ പ്രകടനമികവും ഭംഗിയും ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് ഉണ്ടായിരിക്കുമെന്ന് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് അറിയിച്ചു. എയ്‌റോൈഡനാമിക്‌സ് കൂടി മനസ്സില്‍ക്കണ്ടാണ് സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ എംബെഡ്ഡഡ് 4ജി എല്‍ടിഇ സിം ഉണ്ടായിരിക്കും. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം. ലിഥിയം അയണ്‍ ബാറ്ററി പാക്കായിരിക്കും മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തും. ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഇറക്കുമതി ചെയ്യും.

രാഹുല്‍ ശര്‍മ്മയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ്. 400-500 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ഗുരുഗ്രാം ആസ്ഥാനമായി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. മനേസറിലാണ് റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ മാനുഫാക്ച്ചറിംഗ് പ്ലാന്റ്. 1.2 ലക്ഷം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഡെല്‍ഹി-എന്‍സിആര്‍ ആയിരിക്കും റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ ആദ്യ വിപണി. ഡീലര്‍ഷിപ്പുകളും എക്‌സ്പീരിയന്‍സ് സെന്ററുകളും കൂടാതെ ഓണ്‍ലൈന്‍ വഴിയും മോട്ടോര്‍സൈക്കിള്‍ വില്‍ക്കും.

Comments

comments

Categories: Auto