പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാന്‍ ആഗോള ഉടമ്പടി വേണമെന്ന് ആവശ്യം

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാന്‍ ആഗോള ഉടമ്പടി വേണമെന്ന് ആവശ്യം

ഓരോ വര്‍ഷവും സമുദ്രത്തില്‍ പുറന്തള്ളുന്നത് എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അന്തര്‍ദേശീയ പഠനങ്ങള്‍ പറയുന്നത്, പ്ലാസ്റ്റിക് മാലിന്യം കാരണം നിലവിലുള്ളതിന്റെയും, ഭാവി തലമുറയുടെയും ജീവിത സാഹചര്യങ്ങള്‍ക്ക് ഭീഷണിയാവും വിധം വേഗത്തില്‍ പരിസ്ഥിതി സംവിധാനങ്ങള്‍ നശിക്കുകയും, ജീവി വര്‍ഗങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ടെന്നാണ്. ഈ മാസം 10നു ഐസ്‌ലാന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ ചേര്‍ന്ന നോര്‍ഡിക് രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനം സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാന്‍ ആഗോള ഉടമ്പടി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിജപ്പെടുത്തണമെന്നു നിര്‍ദേശിക്കുന്ന പാരീസ് ഉടമ്പടി പോലെ, സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്‌നത്തെ കൈകാര്യം ചെയ്യാനായി ആഗോള ഉടമ്പടി വേണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണു നോര്‍ഡിക് രാജ്യങ്ങള്‍. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുടെ ഐസ്‌ലാന്‍ഡില്‍ നടന്ന സമ്മേളനത്തിലാണ് ആഹ്വാനമുണ്ടായത്. സമുദ്രങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യം കൈകാര്യം ചെയ്യുന്നതിനായി ഒരു ആഗോള കരാര്‍ ഉണ്ടാകേണ്ടതുണ്ടെന്നു സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനത്തിലെടുത്ത തീരുമാനത്തിന്റെ പകര്‍പ്പ് യൂറോപ്യന്‍ യൂണിയന്റെ (ഇയു) ഭരണനിര്‍വഹണ സമിതികള്‍ക്കും, ജി7, ജി20 കൂട്ടായ്മകള്‍ക്കും, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയ്ക്കും (യുഎന്‍ഇപി) അയച്ചു കൊടുത്തു. സമുദ്രത്തില്‍ മൈക്രോ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് മാലിന്യം എന്ന അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനായി രൂപീകരിക്കുന്ന ആഗോള കരാറില്‍ ഏതൊക്കെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനായി ഒരു പഠനം നടത്താന്‍ നോര്‍ഡിക് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിനോട് ഐസ്‌ലാന്‍ഡില്‍ നടന്ന സമ്മേളനം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം നെയ്‌റോബിയില്‍ കൂടിയ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് അസംബ്ലിയില്‍ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ അര്‍ഥപൂര്‍ണമായ നയ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതില്‍ ലോക നേതാക്കള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഒരാഴ്ച പിന്നിട്ടപ്പോഴാണു നോര്‍ഡിക് രാജ്യങ്ങളില്‍നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളും അവയുടെ സ്വയംഭരണപ്രദേശങ്ങളായ ഫറോ ദ്വീപുകള്‍, ഗ്രീന്‍ലാന്‍ഡ്, അലാന്‍ഡ് ദ്വീപുകള്‍ എന്നിവയാണു നോര്‍ഡിക് രാജ്യങ്ങളിലുള്‍പ്പെടുന്നത്. ചിലപ്പോള്‍, ഗ്രീന്‍ലാന്‍ഡ് ഒഴിച്ചുളള ഭൂവിഭാഗത്തെ സൂചിപ്പിക്കാനായി സ്‌കാന്‍ഡിനേവിയ എന്ന പേരും ഉപയോഗിക്കാറുണ്ടെങ്കിലും സ്‌കാന്‍ഡിനേവിയ എന്ന പേരു കൊണ്ടു പൊതുവേ ഡെന്മാര്‍ക്ക് നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളെയാണു വിശേഷിപ്പിക്കുന്നത്.

ഓരോ വര്‍ഷവും സമുദ്രത്തിലേക്ക് എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഇത് ലോകത്തിന് വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടം 2.5 ട്രില്യന്‍ ഡോളറാണ് (ഏകദേശം 162 ലക്ഷം രൂപ). പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (wwf) പറയുന്നത് 2030 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് നടപടി സ്വീകരിച്ചില്ലെങ്കില്‍ ലോകത്തിന് നേരിടേണ്ടി വരിക വലിയൊരു വെല്ലുവിളിയായിരിക്കുമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി രൂപീകരിച്ച മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ പോലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ ഒരു ആഗോള ഉടമ്പടി ഉടന്‍ രൂപീകരിക്കാന്‍ തയാറാകണമെന്ന് ലോക രാഷ്ട്രങ്ങളോട് ഡബ്ല്യുഡബ്ല്യുഎഫ് നിര്‍ദേശിച്ചിരിക്കുകയാണ്. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഡബ്ല്യുഡബ്ല്യുഎഫിന്റെ ആഗോള ഹര്‍ജിയില്‍ 4,00,000 ആളുകള്‍ ഇതിനോടകം ഒപ്പുവച്ചിട്ടിമുണ്ട്.

സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പോരാടാന്‍ നിയമപരമായ ഉത്തരവാദിത്വങ്ങള്‍ രാജ്യങ്ങളില്‍ അര്‍പ്പിതമാകുന്ന തരത്തിലുള്ള ഉടമ്പടിക്ക് ഡബ്ല്യുഡബ്ല്യുഎഫ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഉടമ്പടിയില്‍ ഒപ്പിടുന്ന രാജ്യങ്ങള്‍ക്കു ദേശീയ ലക്ഷ്യങ്ങള്‍ നിര്‍വചിക്കും. അത് എത്രമാത്രം എത്തിപ്പിടിക്കുന്നുണ്ടെന്നു വ്യക്തമാകാന്‍ സുതാര്യമായ റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങളുമുണ്ടാകും. അതത് രാജ്യങ്ങളിലെ കമ്പനികളെയും ഉടമ്പടിക്കു കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അവരുടെ വേസ്റ്റ് മാനേജ്‌മെന്റ് ശേഷി ഉയര്‍ത്തുന്നതിനു സാമ്പത്തികവും, സാങ്കേതികവുമായ സഹായം ഉറപ്പാക്കുന്നതായിരിക്കും ഉടമ്പടി.

അന്തര്‍ദേശീയ പഠനങ്ങള്‍ പറയുന്നത്, നിലവിലുള്ളതിന്റെയും, ഭാവി തലമുറയുടെയും ജീവിത സാഹചര്യങ്ങള്‍ക്ക് ഭീഷണിയാവും വിധം വേഗത്തില്‍ പരിസ്ഥിതി സംവിധാനങ്ങള്‍ നശിക്കുകയും, ജീവി വര്‍ഗങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ടെന്നാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രകൃതിയെ സംരക്ഷിച്ചും പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന തലത്തിലേക്കു വ്യവസായങ്ങളെ മാറ്റിത്തീര്‍ക്കുവാനുമുള്ള ശ്രമങ്ങള്‍ യുഎന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.

നമ്മള്‍ ഓരോ ദിവസവും ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക് ഉണ്ട്. നമ്മളുടെ കുട്ടികള്‍ക്കു സമ്മാനിക്കുന്ന കളിപ്പാട്ടങ്ങളില്‍, നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍, നമ്മള്‍ പാനം ചെയ്യാനായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ കപ്പുകളില്‍, നമ്മള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അങ്ങനെ നിരവധി ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക്ക് ഉണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. ഈയൊരു പ്രത്യേകതയുള്ളതിനാല്‍ പ്ലാസ്റ്റിക് നിര്‍മാണ മേഖല സ്‌ഫോടനാത്മകമായ രീതിയില്‍ വളരുകയുണ്ടായി. പക്ഷേ, അതോടൊപ്പം സമുദ്രങ്ങളിലും തുറസായ ഇടങ്ങളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതും വളര്‍ന്നു. 91 ശതമാനം പ്ലാസ്റ്റിക് ഉത്പന്നങ്ങളും റീസൈക്കിള്‍ ചെയ്യുന്നില്ലെന്നതും പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു. ഇന്നു ഭൂരിഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് സമുദ്രങ്ങളിലാണ്. സമുദ്രത്തില്‍ അടിയുന്ന പ്ലാസ്റ്റിക് മാലിന്യം കുറേനാള്‍ കഴിയുമ്പോള്‍ അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങളായി മാറുന്നു. ഇത്തരം ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ ഭക്ഷണത്തോടൊപ്പം സമുദ്രത്തിലെ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും ഉള്ളിലെത്തുകയും ചെയ്യുന്നു. തിമിംഗലങ്ങളിലാണു പലപ്പോഴും പ്ലാസ്റ്റിക് മാലിന്യം ഭക്ഷണമായി ഉള്ളിലെത്തുന്നത്. സമീപകാലത്ത് പ്ലാസ്റ്റിക് മാലിന്യം ഉള്ളിലെത്തിയതിനെ തുടര്‍ന്നു നിരവധി തിമിംഗലങ്ങള്‍ ചത്ത് തീരത്ത് അടിഞ്ഞ വാര്‍ത്ത നമ്മള്‍ വായിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ തായ്‌ലാന്‍ഡിലെ കടല്‍ത്തീരത്ത് ചത്ത് അടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റില്‍നിന്നും 80 പ്ലാസ്റ്റിക് ബാഗുകളാണു കണ്ടെത്തിയത്. 700 ജീവിവര്‍ഗങ്ങളാണു പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷം അനുഭവിക്കുന്നതെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. 2050-ാടെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് മത്സ്യങ്ങളുടേതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം ഐസ്‌ലാന്‍ഡില്‍ നടന്ന നോര്‍ഡിക് രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനം പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാന്‍ ആഗോള ഉടമ്പടി വേണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Comments

comments

Categories: FK News, Slider