ചിറകുകളില്ലെങ്കിലും പറക്കാം; സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നേഹ അറോറ

ചിറകുകളില്ലെങ്കിലും പറക്കാം; സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നേഹ അറോറ

പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല, മനസിലൊരു ആകാശമുണ്ടായാല്‍ മതി. അംഗപരിമിതരായ ആളുകളുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകുന്ന ഈ വാചകത്തിലൂന്നിയാണ് നോയ്ഡ സ്വദേശിനിയായ നേഹ അറോറ പ്ലാനറ്റ് ഏബിള്‍ഡ് എന്ന സ്ഥാപനത്തിന് രൂപം നല്‍കുന്നത്. അംഗപരിനിതി നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നതിനും യാത്രകള്‍ ആസ്വദിക്കുന്നതിനും വിലങ്ങുതടിയാവരുത് എന്ന നേഹയുടെ ആഗ്രഹത്തില്‍ നിന്നുമാണ് ഈ സ്ഥാപനത്തിന്റെ പിറവി. അംഗപരിമിതരായ മാതാപിതാക്കള്‍ക്ക് വേണ്ടി ആരംഭിച്ച സംരംഭം ഇന്ന്, അംഗപരിമിതര്‍ക്കായുള്ള രാജ്യത്തെ തന്നെ ആദ്യത്തെ ടൂര്‍ ഓപ്പറേറ്റിങ് കമ്പനിയാണ്. അംഗപരിമിതരായ മാതാപിതാക്കള്‍ക്കൊപ്പം തന്റെ സഹപാഠികളെ പോലെ അവധിക്കാലയാത്രകള്‍ ആസ്വദിക്കാന്‍ കഴിയാതിരുന്ന ബാല്യത്തിന്റെ കയ്പുനീര് നിറഞ്ഞ ഓര്‍മകളില്‍ നിന്നുമാണ് നേഹ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.

ഈ ഭൂമിയും ഇവിടുത്തെ മനോഹരമായ കാഴ്ചകളും പൂര്‍ണ ആരോഗ്യവാന്മാരായ വ്യക്തികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ? ഒരിക്കലുമല്ല, ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഓരോ വ്യക്തിക്കും തുല്യ അര്‍ഹതയുണ്ട്. അംഗപരിമിതരായി ജനിച്ചു എന്ന കാരണം കൊണ്ടോ , ജീവിക്കുന്നു എന്ന കാരണം കൊണ്ടോ ഒരിക്കലും ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള അവസരം നിഷേധിക്കാനാവില്ല.ഇഇഇ ചിന്തയില്‍ നിന്നുമാണ് രാജ്യത്തെ, അംഗപരിമിതര്‍ക്കായുള്ള ആദ്യത്തെ പ്രൊഫഷണല്‍ ടൂര്‍ ഓപ്പറേറ്ററായ പ്ലാനറ്റ് ഏബിള്‍ഡ് എന്ന സ്ഥാപനത്തിന്റെ തുടക്കം. ഇന്ന് ലോകത്തെ മുഴുവന്‍ അംഗപരിമിതരായ ആളുകളുടേയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണ് പ്ലാനറ്റ് ഏബിള്‍ഡിലൂടെ സ്ഥാപക നേഹ അറോറ.

തികച്ചും വ്യക്തിപരമായ ചില വൈഷമ്യങ്ങളില്‍ നിന്നാണ് പല വ്യക്തികളും തന്റേതായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. ഡല്‍ഹി സ്വദേശിനിയായ നേഹ അറോറയും അത്തരത്തില്‍ ഒരു വ്യക്തിയായിരുന്നു. ചെറുപ്പം മുതല്‍ക്ക് യാത്രകള്‍ ചെയ്യാനും പുതിയ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാനും ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു നേഹ. എന്നാല്‍, . അന്ധനായ പിതാവും വീല്‍ചെയര്‍ ഉപയോഗിക്കുന്ന മാതാവുമുള്ള നേഹയ്ക്ക് കുടുംബവുമൊത്തുള്ള യാത്രകള്‍ എന്ന് ഒരു സ്വപ്നമായി മാറി. നേഹയുടെ ഓര്‍മയില്‍ തന്റെ ചെറുപ്പത്തില്‍ ആകെ യാത്ര നടത്തിയിരുന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് മാത്രമായിരുന്നു. അതും അവധിക്കാലത്ത്. അംഗപരിമിതരായ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനായി നേഹ ഏറെ ആഗ്രഹിച്ചിരുന്നു എങ്കിലും അത് കേവലം ആഗ്രഹം മാത്രമായി അവശേഷിച്ചു. ഈ ആഗ്രഹത്തിന്റെ പരിണിതഫലമായാണ് 2016 ല്‍ പ്ലാനറ്റ് ഏബിള്‍ഡ് പ്രവര്‍ത്തനക്ഷമമാകുന്നത്.

അച്ഛനമ്മമാര്‍ക്കൊപ്പം പറക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി

അംഗപരിമിതരായ അച്ഛനമ്മമാര്‍ തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് വിശ്വസിച്ച വ്യക്തിയാണ് നേഹ അറോറ. തങ്ങളുടെ മകള്‍ക്ക് നല്‍കേണ്ട എല്ലാവിധ സ്‌നേഹവും സംരക്ഷണവും നല്‍കിയാണ് അവര്‍ മകളെ വളര്‍ത്തിയത്. സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ് ചെറുപ്പം മുതല്‍ക്ക് നേഹക്കുണ്ടായിരുന്നു. അച്ഛന്‍ സതീഷ് ചന്ദ്രയും അമ്മ അച്‌ലയും എന്നും മകള്‍ക്ക് താങ്ങും തണലുമായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മകള്‍ക്കൊപ്പം അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ യാത്ര ചെയ്യണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. വൈകല്യത്തില്‍ ജീവിതം വഴിമുട്ടിയപ്പോഴും തന്നെ മിടുക്കിയായി വളര്‍ത്തിയ മാതാപിതാക്കള്‍ക്കുള്ള നേഹയുടെ സമ്മാനമായിരുന്നു പ്ലാനറ്റ് ഏബിള്‍ഡ്. പഠനശേഷം എച്ച്.സി.എല്‍, നോക്കിയ, അഡോബി തുടങ്ങിയ കമ്പനികളില്‍ ഒന്‍പത് വര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്നാണ് പ്ലാനെറ്റ് ഏബിള്‍ഡിന് തുടക്കമിട്ടത്.

തനിക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹം നേഹ പങ്കുവച്ചപ്പോള്‍, അത് ഭിന്നശേഷിയുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാകണമെന്നു മകളെ ഓര്‍മിപ്പിച്ചത് അച്ഛനും അമ്മയും തന്നെയാണ്. അങ്ങനെ തന്റെ മാതാപിതാക്കളുടെ ഹൃദയം കണ്ടറിഞ്ഞ സംരംഭമായി നേഹ പ്ലാനറ്റ് ഏബിള്‍ഡിന് തുടക്കം കുറിച്ചു. മകളുടെ ഇച്ഛാശക്തിയില്‍ ഏറെ വിശ്വാസമുണ്ടായിരുന്നു മാതാപിതാക്കള്‍ പുതിയ സംരംഭത്തിന്റെ ആശയത്തില്‍ ഏറെ സംതൃപ്തരായിരുന്നു.

”അംഗപരിമിതരായ ആളുകളുടെ വേദന പലപ്പോഴും ആരും കാണാറില്ല. അവര്‍ വീടിനുള്ളിലെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെടുന്നു. അവരെ ഒന്ന് പുറത്തേക്ക് കൊണ്ട് പോകുന്നതിനോ , കാഴ്ചകള്‍ കാണിക്കുന്നതിനോ തയ്യാറുള്ള ബന്ധുക്കള്‍ വളരെ കുറവാണ്. അതിനാല്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് ഞാന്‍ തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്കു നടത്തിയ യാത്രയില്‍ നിന്നുമാണ് പ്ലാനറ്റ് ഏബിള്‍ഡിന്റെ ആശയം ലഭിക്കുന്നത്. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ആ യാത്രയിലാണ് ഭിന്നശേഷിക്കാരുടെ യാത്രാ മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിക്കുന്നത്” നേഹയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ മുഴക്കം.

പ്ലാനറ്റ് ഏബിള്‍ഡിന് തുടക്കമിട്ട കേരള യാത്ര

2009ലായിരുന്നു തന്റെ ജീവിതത്തിലെ ചിന്തകളെ അപ്പാടെ മാറ്റി മറിച്ചതെന്ന് നേഹ പറയുന്ന കേരളത്തിലേക്കുള്ള യാത്ര നടന്നത്. യാത്രയ്ക്കിടെ പ്രസിദ്ധമായ ക്ഷേത്രത്തിലെത്തി. തൊഴാന്‍ ഏറെ ഉല്‍സാഹത്തോടെയെത്തിയ കുടുംബത്തിനു മുന്നില്‍ പക്ഷേ, ക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞു. ഇതിന് ഒരേ ഒരു കരണമേയുണ്ടായിരുന്നുള്ളൂ, ക്ഷേത്രത്തികത്തേക്ക് വീല്‍ചെയര്‍ കയറ്റുന്നതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഏറെ ആഗ്രഹിച്ച് ക്ഷേത്ര ദര്‍ശനത്തിന് എത്തുകയും എന്നാല്‍ അവിടെ വരെയെത്തിയ ശേഷം ദര്‍ശനം നടത്താനാവാതെ മടങ്ങുകയും ചെയ്യേണ്ടി വന്ന അവസ്ഥ നേഹയുടെ അമ്മയെ ഏറെ വേദനിപ്പിച്ചു. സഹിക്കാനാവാതെ അവര്‍ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളെ ഏറെ സ്‌നേഹിക്കുന്ന നെഹ്‌റക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനി ഭിന്നശേഷിക്കാരായ ഒരു വ്യക്തിക്കും ഇത്തരത്തില്‍ ഒരാവസ്ഥയുണ്ടാകരുത് എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് നേഹ അവിടെ നിന്നും മടങ്ങിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് നേഹ പിന്നീട് മനസിലാക്കി. രണ്ടായിരം കിലോമീറ്റര്‍ വരെ സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തെത്തുമ്പോഴാവും അറിയുക അവിടേക്കു വീല്‍ചെയര്‍ കയറില്ലെന്ന്.പലപ്പോഴും ഇത്തരത്തില്‍ നിരാശരായി മടങ്ങേണ്ടി വന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ ഒരു പരിഹാരം അനിവാര്യമാണെന്ന് നേഹകെ തോന്നി. തിരികെ വീട്ടിലെത്തിയ നേഹ, അംഗപരിമിതരായവര്‍ക്ക് വേണ്ടി യാത്രകള്‍ സംഘടിപ്പിക്കുന്ന ഏജന്‍സികള്‍ക്കായി തെരഞ്ഞു എങ്കിലും നിരാശയായിരുന്നു ഫലം. കേവലം യാത്രാസൗകര്യമായി ഒരു വാഹനം സംഘടിപ്പിച്ചു നല്‍കുകയല്ലാതെ, എല്ലാവിധ സുരക്ഷകളോടും കൂടി വീല്‍ ചെയറിലുള്ള ഒരു വ്യക്തിക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകുകവനുള്ള അവസരം ഒരുക്കുന്ന ഒരു സ്ഥാപനത്തിന് ഏറെ സാധ്യതകള്‍ ഉണ്ടെന്ന് നേഹ മനസിലാക്കി. എന്നാല്‍ ആ തിരിച്ചറിവ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി നേഹക്ക് വീണ്ടും ഏറെക്കാലം കാത്തിരിക്കേണ്ടതായി വന്നു.

പുതുവര്‍ഷത്തില്‍ പുതിയ സംരംഭം

പഠനശേഷം മുന്‍നിര സ്ഥാപനങ്ങളില്‍ ജോലി നോക്കി വരവെയാണ് ഭിന്നശേഷിക്കാര്‍ക്കായി യാത്രകള്‍ സംഘടിപ്പിക്കുന്ന സ്ഥാപനമെന്ന തന്റെ ഏറെ നാളത്തെ ആഗ്രഹത്തിന് പൂര്‍ണ രൂപം നല്‍കാമെന്ന് നേഹ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വന്തമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നേഹ ഓഫിസില്‍ നിന്നു കയ്യും വീശിയിറങ്ങി. എല്ലാം വളരെ പെട്ടന്ന് എടുത്ത തീരുമാനമായിരുന്നു. ഏറെ ചിന്തിച്ചാല്‍ ഒന്നും നടക്കില്ല എന്നതായിരുന്നു നേഹയുടെ രീതി. എന്നാല്‍ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ഏതെങ്കിലും ഒരിക്കലും ഒരു മോശം തീരുമാനമായിരുന്നില്ലെന്ന് നേഹ പറയുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനവുമായാണ് 2016 ജനുവരി 30 എന്ന ദിവസം പിറന്നത്. 2016 ലെ പുതുവര്‍ഷ തീരുമാനമായാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള യാത്രാ സ്റ്റാര്‍ട്ടപ്പ് നേഹ വിഭാവനം ചെയ്തത്. കൃത്യം ഒരുമാസത്തിനുള്ളില്‍ അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു. 2016 ജനുവരി 30 ന് ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളിലൊന്നായി നേഹ തന്റെ ഡയറിയില്‍ രേഖപ്പെടുത്തി. അന്നായിരുന്നു പ്ലാനറ്റ് ഏബിള്‍ഡ് എന്ന നേഹയുടെ സംരംഭത്തിന്റെ നേതൃത്വത്തില്‍ ആദ്യ യാത്രാ നടന്നത്.

ഭിന്നശേഷിക്കാരായ 20 പേരെ ഡല്‍ഹിയിലെ സ്മാരകങ്ങളിലേക്കാണ് നേഹ കൊണ്ടുപോയത്.യാത്രയില്‍ കൂട്ടായി ഓരോരുത്തര്‍ക്കും സഹായികളെ (ട്രാവല്‍ ബഡ്ഡി) ഏര്‍പ്പാടാക്കിയിരുന്നു. കാഴ്ചയില്ലാത്തവര്‍ക്കായി ഡല്‍ഹിയിലെ കാഴ്ചകള്‍ അവര്‍ വിവരിച്ചുകൊടുത്തു.

യാത്രാ പോയവരില്‍ സംസാരശേഷി ഇല്ലാത്തവരും, ചലനശേഷി ഇല്ലാത്തവരും , നടക്കാന്‍ കഴിയാത്തവരും, അന്ധരും ഒക്കെയുണ്ടായിരുന്നു. ചലനശേഷിയില്ലാത്തവരുടെ കൈകള്‍ ചരിത്ര സ്മാരകങ്ങളില്‍ സ്പര്ശിപ്പിച്ചു.ആ യാത്ര നെഹ്‌റക്ക് ഏറെ അനുഭവങ്ങള്‍ സമ്മാനിച്ചു. ജീവിതത്തില്‍ ആദ്യമായി ദീര്‍ഘദൂര യാത്ര നടത്തുന്നവരായിരുന്നു അവരില്‍ ഏറിയ പങ്കും. ഓരോരുത്തരും നേഹക്ക് തങ്ങളുടെ നന്ദി അറിയിച്ചു.കാഴ്ചകള്‍ കണ്ട് കണ്ണ് നിറഞ്ഞവരെ കണ്ട് നേഹയുടെ മനസ്സ് നിറഞ്ഞു എന്നതാണ് വാസ്തവം. നേഹയുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അത്. പിന്നീട് യാത്രകള്‍ പതിവായി.

ഇന്ന് അംഗപരിമിതര്‍ക്ക് പരിചിതമല്ലാത്ത സ്ഥലത്തേയ്ക്ക് പോകുവാന്‍ സഹായിക്കുകയാണ് പ്ലാനറ്റ് ഏബിള്‍ഡ് ചെയ്യുന്നത്. സങ്കോചമില്ലാതെ എങ്ങനെ അംഗപരിമിതര്‍ക്കായി യാത്രകള്‍ നടത്തം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഈ സ്റ്റാര്‍ട്ടപ്പ്. അംഗപരിമിതരായ ആളുകള്‍ക്ക് അംഗപരിമതിരല്ലാത്ത ആളുകളോടൊപ്പം സഞ്ചരിക്കുവാന്‍ ഇതിലൂടെ അവസരമൊരുക്കുന്നു. സഹജീവികളോടുള്ള കാരനായും സ്‌നേഹവും വളര്‍ത്തുന്നതിനുള്ള അവസരമൊരുക്കുക കൂടിയാണ് ഈ സ്ഥാപനത്തിലൂടെ നേഹ ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു സാമൂഹ്യ സേവനം ചെയ്യുന്ന ലോകത്തെ ഏക സ്ഥാപനവും ഒരു പക്ഷെ പ്ലാനെറ്റ് ഏബിള്‍ഡ് ആയിരിക്കും.

പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആളുകള്‍ പ്ലാനറ്റ് ഏബിള്‍ഡിന്റെ സേവനം അന്വേഷിച്ചെത്തി എന്നത് ഈ സംരംഭത്തിന്റെ വിജയമാണ്. സംരംഭകയെന്ന നിലയില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നപ്പോള്‍ നേഹക്ക് തുണയായത് തന്റെ മാതാപിതാക്കള്‍ നല്‍കിയ മനക്കരുത്തും ആത്മവിശ്വാസവുമാണ്. തന്റെ അനുഭവങ്ങളാണ് തന്റെ സംരംഭത്തിന്റെ കരുത്തെന്ന് നേഹ വിശ്വസിക്കുന്നു.

ബ്രസീലില്‍ നിന്നെത്തിയ അന്വേഷണം

ഇന്ത്യക്കകത്തും പുറത്തും വളരെ പെട്ടന്ന് സ്ഥാപനം പ്രീതി നേടി. ബ്രസീലില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറായ സെര്‍ജിയോ നേഹയെ ബന്ധപ്പെടുന്നത് ഇത്തരത്തിലാണ്. ‘എനിക്ക് ഇന്ത്യയും നേപ്പാളും കാണണം. ഞാന്‍ ഇന്നുവരെ ബ്രസീലിനു പുറത്തു പോയിട്ടില്ല. എനിക്ക് അരയ്ക്കുതാഴെ ചലനശേഷിയില്ല’. എന്ന് പറഞ്ഞെത്തിയ അദ്ദേഹത്തെ ഇന്ത്യ മുഴുവന്‍ കറക്കിക്കാണിക്കുവാന്‍ പ്ലാനറ്റ് എബില്‍ഡിനായി എന്നത് നേഹയുടെ പ്രവര്‍ത്തങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച അംഗീകാരമായി. 23 ദിവസം നീണ്ട യാത്രയില്‍ തന്റെ വീല്‍ചെയറിലിരുന്നു സെര്‍ജിയോ ഇന്ത്യയും നേപ്പാളും കണ്‍നിറയെ കണ്ടു. ഡല്‍ഹി, ജയ്പുര്‍, ആഗ്ര, അമൃത്‌സര്‍, ഖജുരാഹോ, ബോധ്ഗയ, വാരാണസി, ധര്‍മശാല, പട്‌ന, നളന്ദ, ലുംബിനി എന്നിവിടങ്ങള്‍ കണ്ടു ബ്രസീലിലേക്കു മടങ്ങുമ്പോള്‍ സെര്‍ജിയോ നേഹയോടു പറഞ്ഞത് താന്‍ ഇനിയും വരുമെന്നാണ്. വൈകല്യം ഒന്നിനും തടസ്സമാവില്ലെന്ന് അടിവരയിട്ടു പറയുന്നിടത്താണ് ഈ സംരംഭകയുടെ വിജയം

Categories: FK Special, Slider