കോല്‍ക്കൊത്തയില്‍ അഞ്ച് മാസക്കാരിയുടെ കരള്‍ മാറ്റി

കോല്‍ക്കൊത്തയില്‍ അഞ്ച് മാസക്കാരിയുടെ കരള്‍ മാറ്റി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവ് കോല്‍ക്കൊത്തയിലെ പിഞ്ചു കുഞ്ഞ്. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കരള്‍മാറ്റി വെക്കേണ്ടി വന്നത്. 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കരള്‍ മാറ്റിവെച്ചതെന്ന് മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഇന്ത്യയിലെ അവയവമാറ്റ ശസ്ത്രക്രിയയില്‍ ചരിത്രനേട്ടമാണിത്.ആറുമാസം പ്രായമായ അരിയാന ഡേ, ആരോഗ്യത്തോടെ ജനിച്ചെങ്കിലും അഞ്ചുമാസം പ്രായമായപ്പോള്‍ ബാധിച്ച മഞ്ഞപ്പിത്തം അവളുടെ കരളിനെ തകരാറിലാക്കി. കടുത്ത രക്തസ്രാവം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കരള്‍ അടിയന്തരമായി മാറ്റിവെക്കാനാണ് ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിച്ചത്. കുട്ടിയുടെ അമ്മ തന്റെ കരള്‍ പകുത്തു നല്‍കാന്‍ സന്നദ്ധയായി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ വളരെ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍, അടിയന്തിരമായി കരള്‍മാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്ന് ആശുപത്രിയിലെ സെന്റര്‍ ഫോര്‍ ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വിഭാഗം മേധാവി സുഭാഷ് ഗുപ്ത പറഞ്ഞു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം. അവളുടെ ഭാവിജീവിതത്തില്‍ കുഴപ്പമൊന്നും സംഭവിക്കരുതെന്ന പരിഗണന കൂടി കണക്കിലെടുത്തായിരുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അവള്‍ ഒരു സാധാരണ ജീവിതം നയിക്കും, വിജയകരമയി കരള്‍ മാറ്റിവെച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയണവളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 കിലോഗ്രാം മാത്രം തൂക്കമുള്ള ഒരു കുഞ്ഞില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തുന്നതും ഒരു വര്‍ഷം കുഴപ്പങ്ങളില്ലാതെ പിന്നിടുന്നതും വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. പൊതുവെ ശിശുക്കളിലെ ശസ്ത്രക്രിയാ സങ്കീര്‍ണ്ണത വളരെ വലുതാണ്. ശസ്ത്രക്രിയ കഴിഞ്ഞു രോഗം ഭേദപ്പെട്ടതും നല്ല രീതിയിലാണ്, 22 ദിവസത്തിനകം ആശുപത്രിയില്‍ നിന്നു പേരുവെട്ടാനായെന്നും ഡോ. ശരത് വര്‍മ്മ അറിയിച്ചു.

Comments

comments

Categories: Health