ഇന്ത്യയില്‍ യു ട്യൂബ് തീര്‍ക്കുന്ന വിപ്ലവം

ഇന്ത്യയില്‍ യു ട്യൂബ് തീര്‍ക്കുന്ന വിപ്ലവം

ഇന്ത്യ യു ട്യൂബ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഓരോ മാസവും 265 ദശലക്ഷം പേരാണു യു ട്യൂബ് ഉപയോഗിക്കുന്നത്. ഇത് 2020 ആകുമ്പോഴേക്കും 500 ദശലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. യു ട്യൂബ് ഇന്നു വിനോദത്തിനും വിജ്ഞാനത്തിനും മാത്രമുള്ള പ്ലാറ്റ്‌ഫോമല്ല, പകരം വരുമാന സമ്പാദനത്തിനും കൂടിയുള്ളതായി മാറിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമാണു യു ട്യൂബ്. ആഗോളതലത്തില്‍, യു ട്യൂബ് ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയെ കടത്തി വെട്ടി ഇന്ത്യ മുന്നിലെത്തിയിരിക്കുകയാണ്. ഈ മാസം ഒന്‍പതിനു യു ട്യൂബ് സിഇഒ സൂസന്‍ വോജ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ യു ട്യൂബ് ഉപയോക്താക്കളുടെ എണ്ണം 265 ദശലക്ഷമാണെന്നു സിഇഒ സൂസന്‍ വോജ്‌സ്‌കി അറിയിക്കുകയുണ്ടായി. യു ട്യൂബിന്റെ അതിവേഗം വളരുന്ന മാര്‍ക്കറ്റാണ് ഇന്ത്യയെന്നും സൂസന്‍ വോജ്‌സ്‌കി പറഞ്ഞു. ആഗോളതലത്തില്‍ 1.9 ബില്യന്‍ (190 കോടി) ഉപയോക്താക്കളാണു യു ട്യൂബിനുള്ളത്. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു യൂസര്‍മാരുടെ എണ്ണത്തില്‍ ഇപ്രാവിശ്യം 225 ദശലക്ഷം പേരുടെ വര്‍ധനയുണ്ടായതായും യു ട്യൂബ് അറിയിച്ചു. ഇതിലൂടെ ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. യു ട്യൂബ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സമയത്ത് 15 ദശലക്ഷം ഇന്റര്‍നെറ്റ് യൂസര്‍മാരാണ് ഇന്ത്യയിലുണ്ടായിരുന്നത്. സാധാരണക്കാര്‍ക്കു ചെലവ് താങ്ങാന്‍ സാധിക്കും വിധം ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാകുമെന്ന സാഹചര്യം കൈവന്നതോടെ, ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം വര്‍ധിച്ചു. ഇതിലൂടെ യു ട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.

മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് (85 ശതമാനം വര്‍ധന) ഇന്ത്യയെ യു ട്യൂബ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അതോടൊപ്പം ഇന്റര്‍നെറ്റ് ഡാറ്റാ നിരക്കിലുണ്ടായ ഇടിവും, ആര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന സാഹചര്യം കൈവന്നതുമൊക്കെ യു ട്യൂബ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. വിദ്യാഭ്യാസം, സംഗീതം, ആരോഗ്യം, പാചകം എന്നിവയെ കുറിച്ച് പ്രാദേശിക ഭാഷകളില്‍ വീഡിയോ ലഭ്യമായതും യു ട്യൂബ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയ ഘടകങ്ങള്‍ തന്നെയാണ്. ഇന്ത്യയില്‍ യു ട്യൂബ് ഉപയോഗിക്കുന്നവര്‍ 20 ശതമാനത്തിലും താഴെ മാത്രമാണ് ഇംഗ്ലീഷിലുള്ള വീഡിയോകള്‍ വീക്ഷിക്കുന്നത്. ഭൂരിഭാഗം പേരും പ്രാദേശിക ഭാഷയിലുള്ള വീഡിയോകളാണു വീക്ഷിക്കുന്നത്.

ഇന്ന് ഇന്റര്‍നെറ്റ് വീഡിയോ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഏതൊരാളുടെയും മനസില്‍ തെളിയുന്നത് യു ട്യൂബിന്റെ ചിത്രമായിരിക്കും. 2005-ഫെബ്രുവരിയിലാണു യു ട്യൂബ് സേവനമാരംഭിച്ചത്. മൂന്ന് മുന്‍ പേപ്പല്‍ ജീവനക്കാര്‍ ചേര്‍ന്നാണു യു ട്യൂബ് രൂപീകരിച്ചത്. എന്നാല്‍ 2006 നവംബറില്‍ ഗൂഗിള്‍ 1.65 ബില്യന്‍ ഡോളറിന് യു ട്യൂബിനെ ഏറ്റെടുക്കുകയായിരുന്നു. വീഡിയോ, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവ യു ട്യൂബിലൂടെ ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. യു ട്യൂബില്‍ അംഗമായാല്‍ ആര്‍ക്കും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം. 2013-വരെ യു ട്യൂബില്‍ നമ്മള്‍ പൊതുവേ കണ്ടുകൊണ്ടിരുന്നത് പ്രമുഖ മൂവി സ്റ്റുഡിയോകളും, ടിവി ന്യൂസ് ചാനലുകളും, മ്യൂസിക് കമ്പനികളും ഷെയര്‍ ചെയ്യുന്ന പരമ്പരാഗത കണ്ടന്റുകളായിരുന്നു. എന്നാല്‍ 2014-മുതല്‍ മാറ്റമുണ്ടായി. പുതിയ വീഡിയോ കണ്ടന്റുകളുമായി സൃഷ്ടാക്കള്‍ അഥവാ ക്രിയേറ്റര്‍മാര്‍ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. 2016-ാടെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകള്‍ക്കും നല്ല പ്രചാരം ലഭിച്ചു. 2016-ലാണ് ഇന്ത്യയില്‍ ടെലികോം ഡാറ്റ വിപ്ലവത്തിന് ഇന്ത്യ തുടക്കമിട്ടതും. ടെക്‌നോളജി, വെബ് സീരീസ് എന്നിവയ്ക്ക് യു ട്യൂബില്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന കാഴ്ചയും കാണുവാന്‍ സാധിച്ചു. എന്റര്‍ടെയ്ന്‍മെന്റ് മുതല്‍ എഡ്യുടെയ്ന്‍മെന്റ് (എഡ്യുക്കേഷന്‍ എന്റര്‍ടെയ്ന്‍മെന്റിലൂടെ അവതരിപ്പിക്കുന്നതിനെയാണ് എഡ്യുടെയ്ന്‍മെന്റ് എന്നു വിശേഷിപ്പിക്കുന്നത്) വരെയുള്ള കണ്ടന്റുകള്‍ക്കും, ഇന്‍ഫോടെയ്ന്‍മെന്റ് മുതല്‍ എഡ്യുക്കേഷന്‍ വരെയുള്ള കണ്ടന്റുകളും ഇന്നു യു ട്യൂബില്‍ ലഭ്യമാണ്.

ക്രിയേറ്റര്‍മാരാണ് ഇന്നു യു ട്യൂബിന്റെ നട്ടെല്ല് എന്നു വേണമെങ്കില്‍ പറയാം. ഒരു കണ്ടന്റ് അഥവാ ഉള്ളടക്കം ക്രിയേറ്റ് ചെയ്യുന്നവരെ, സൃഷ്ടിക്കുന്നവരെ ക്രിയേറ്റര്‍മാരെന്നു വിശേഷിപ്പിക്കാം. സംഗീതം, സാഹിത്യം, പാചക കുറിപ്പ്, യാത്രാ വിവരണം, സിനിമ, വെബ് പരമ്പര തുടങ്ങിയവ നിര്‍മിക്കുന്നവര്‍, സൃഷ്ടിക്കുന്നവരാണ് ക്രിയേറ്റര്‍മാര്‍. യു ട്യൂബില്‍ ഇന്ന് നല്ല ഡിമാന്‍ഡുള്ളത് കോമഡി, മ്യൂസിക്, കുക്കിംഗ്, ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാണ്. ഇന്നു ചുരുങ്ങിയത് 1000 വരിക്കാരോ (സബ്‌സ്‌ക്രൈബേഴ്‌സ്) 4,000 മണിക്കൂറില്‍ കുറയാതെ ഒരു കണ്ടന്റ് വീക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ യു ട്യൂബില്‍നിന്നും വരുമാനം ലഭിക്കും. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇതിനോടകം 500 ദശലക്ഷം കവിഞ്ഞു. ഏകദേശം പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള 1,200-ാളം ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ ഇന്നു യു ട്യൂബിലുള്ളതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് പത്ത് ലക്ഷം വരിക്കാരുള്ള രണ്ട് ക്രിയേറ്റര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. 2018 ഡിസംബറില്‍ 566 ദശലക്ഷം പേരായിരുന്നു ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും 627 ദശലക്ഷത്തിലെത്തുമെന്നാണു കണക്കാക്കുന്നതെന്നു സമീപകാലത്ത് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. 2020-ആകുമ്പോഴേക്കും ഏകദേശം 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ വീഡിയോ ഉപഭോഗം ചെയ്യുന്നവരായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ യു ട്യൂബിന്റെ വളര്‍ച്ചയ്ക്കു ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയും ഒരുപരിധി വരെ സഹായകരമായി തീര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കിലും, ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും വരുന്ന ചില പോസ്റ്റുകളുടെ ലിങ്കുകള്‍ യു ട്യൂബുമായി ബന്ധിപ്പിക്കുന്നവയാണ്. ഇതാകട്ടെ യു ട്യൂബിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകാന്‍ കാരണമായി. ആഗോളതലത്തില്‍, യു ട്യൂബ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയെ മറികടക്കാന്‍ ഇനി ചൈനയ്ക്കു മാത്രമായിരിക്കും സാധിക്കുക. പക്ഷേ, യു ട്യൂബ് ചൈനയില്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ആ സാധ്യതയും ഇല്ലാതായിരിക്കുകയാണ്.

ഇന്ന് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ജനസംഖ്യയുടെ 80-85 ശതമാനത്തിലേക്കും യു ട്യൂബ് എത്തിച്ചേരുന്നുണ്ട്. ഇന്ത്യയില്‍ 2014-ല്‍ പത്ത് ദശലക്ഷം വരിക്കാരുള്ള 16 യു ട്യൂബ് ചാനല്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഇത് 300-ലധികം ചാനലുകളായി മാറിയിരിക്കുന്നു. ഓരോ ആഴ്ചയിലും രണ്ട് ചാനലുകള്‍ യു ട്യൂബില്‍ ഇന്ന് പുതുതായി പ്രവേശിക്കുന്നു. യു ട്യൂബില്‍നിന്നും വരുമാനം കൊയ്യുന്നവരുടെ എണ്ണം ഇന്നു ചെറുതല്ല. യു ട്യൂബ് ചാനലില്‍ പ്രധാനമായും യുവാക്കളാണ് അവതാരകരായെത്തുന്നത്. മില്ലേനിയല്‍സ് (1980-കള്‍ക്കും 2000-നുമിടയില്‍ ജനിച്ചവര്‍) എന്നു വിളിക്കാവുന്ന ഇവര്‍ ആഴ്ചയില്‍ മൂന്നും നാലും വീഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. പരിപാടി അവതരിപ്പിക്കുന്നതിനു പുറമേ എഴുതുന്നതും, എഡിറ്റിങ്ങും സംവിധാനം നിര്‍വഹിക്കുന്നതും ഇവരായിരിക്കും. 2018-ല്‍ ലോകത്തെ ആദ്യ പത്ത് മികച്ച യു ട്യൂബ് അവതാരകര്‍ സമ്പാദിച്ചത് 180.5 മില്യന്‍ ഡോളറായിരുന്നെന്നു ഫോബ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Categories: Top Stories