മാനസികത്തകര്‍ച്ച ഹൃദയത്തെയും തകര്‍ക്കും

മാനസികത്തകര്‍ച്ച ഹൃദയത്തെയും തകര്‍ക്കും

കടുത്ത മാനസികസമ്മര്‍ദ്ദം പലതരം ഹൃദ്രോഗങ്ങള്‍ക്കു കാരണമാകും

മാനസിക സമ്മര്‍ദ്ദങ്ങള്‍ പല തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കു സാധ്യതയേറ്റുമെന്ന് പൊതുവേ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മാനസികരോഗികള്‍ക്ക് ആറു മുതല്‍ ഒരു വര്‍ഷത്തിനകം ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് സ്വീഡിഷ് പഠനം. മനസിന്, ഹൃദയത്തില്‍ കേടുപാടു വരുത്താനുള്ള കഴിവിനെക്കുറിച്ച് ശക്തമായ വസ്തുതകള്‍ പഠനത്തില്‍ കണ്ടെത്തി. മാനസികാരോഗ്യം താറുമാറായ ശേഷമുള്ള ആറു മാസത്തിനകം ഹൃദയാഘാതവും ഹൃദ്രോഗങ്ങളും സംഭവിക്കാനിടയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. സാധാരണ ഹൃദയാഘാതം ഏറെ സമയമെടുത്താണ് വികസിക്കാറുള്ളത്. എന്നാല്‍ മാനസികരോഗനിര്‍ണയം നടന്നു കഴിഞ്ഞവരില്‍ പരമാവധി ഒരു വര്‍ഷത്തിനകം ഹൃദയസ്തംഭനം വരാറുണ്ടെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. മാനസികസമ്മര്‍ദ്ദത്തിന്റെ ഫലമായി രക്തം കട്ടപിടിക്കുമ്പോള്‍ ഉണ്ടാകുന്ന എംബോളിസവും ത്രോംബോസിസുമാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വേഗത്തിലാക്കുന്നത്.

ഇത്തരം രോഗങ്ങള്‍ സ്ത്രീപുരുഷഭേദമെന്യേ എല്ലാവര്‍ക്കും തുല്യമായി ബാധകമാണെന്നു പഠനം പറയുന്നു. പാരമ്പര്യം, കുടുംബ പശ്ചാത്തലം, മറ്റ് മാനസികരോഗങ്ങള്‍ എന്നിവയൊന്നുമില്ലാത്തവര്‍ക്കും ഇതു സംഭവിക്കാം. മുന്‍കാല പഠനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഗവേഷകര്‍ക്കു ബോധ്യമായി. എന്നാല്‍ പഴയ പഠനങ്ങള്‍ മിക്കവാറും വിരമിച്ചതും സര്‍വീസില്‍ തുടരുന്നവരുമായ സൈനികരിലാണ് നടന്നിട്ടുള്ളത്. യുദ്ധവും മറ്റും സൃഷ്ടിച്ച പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിലൂടെ (പിഎസ്ടിഡി)കടന്നു പോയിട്ടുള്ളവരാകുമിവര്‍. എന്താണ് പിഎസ്ടിഡിയെന്നു പരിശോധിക്കാം. യുദ്ധം, ബലാല്‍സംഗം, അക്രമം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്ക്ക് സാക്ഷിയായവരില്‍ ഒരുതരം മാനസിക സംഘര്‍ഷം ഉടലെടുക്കുന്നു. യുഎസ് പൗരന്മാരില്‍ 3.5 ശതമാനം പേര്‍ പിഎസ്ടിഡിയുടെ ഇരകളാണ്. എന്നാലിത് എല്ലാവരിലും ഉണ്ടാകണമെന്നുമില്ല. അമിതമായ കോപം, ദുഃഖം, ക്ഷോഭം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഒച്ചയോടും ബഹളത്തോടുമുള്ള അസഹിഷ്ണുത, ഓര്‍മ്മകള്‍, ദുസ്വപ്‌നങ്ങള്‍, അന്യവല്‍ക്കരണം, ഘനീഭവിച്ച ദുഃഖം, അസ്വസ്ഥത എന്നിവയാണ് ഇവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും.

കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള മാനസികാഘാതം പിഎസ്ടിഡിക്കു സമാനമായ അവസ്ഥയാണ്. ദുരന്തങ്ങള്‍ക്കു സാക്ഷിയാകുന്നവരില്‍ മൂന്നു മുതല്‍ 30 ദിവസത്തിനകം ഇതിന്റെ ലക്ഷണങ്ങള്‍ കാണാനാകും. യുഎസില്‍ കാറപകടത്തില്‍ നിന്നു രക്ഷപെടുന്ന 13-21 ശതമാനം പേരില്‍ ഇത്തരം മാനസികസമ്മര്‍ദ്ദമുണ്ടാകുന്നുവെന്നാണ് കണക്ക്. ബലാല്‍സംഗം, ആക്രമണം, വെടിവെപ്പ് എന്നിവയെ അതിജീവിച്ചവരില്‍ പകുതിയോളം പേര്‍ക്ക് ഗുരുതരമായ മാനസികാഘാതം ഉണ്ടാകുന്നു. ഇവരില്‍ പകുതിയിലേറെ പേരിലും പിഎസ്ടിഡി വികസിക്കാനുള്ള സാധ്യതയുണ്ട്.

1987-2013 കാലഘട്ടത്തില്‍ സ്വീഡിഷ് പേഷ്യന്റ് രജിസ്റ്ററില്‍ പേരു നല്‍കിയ 136,637 രോഗികളുടെ വിവരങ്ങളാണ് ഗവേഷണസംഘം പഠനവിധേയമാക്കിയത്. പിഎസ്ടിഡി അടക്കമുള്ള മാനസികപ്രശ്‌നങ്ങള്‍ ഇവരില്‍ ഉണ്ടോയെന്നാണു പരിശോധിച്ചത്. വന്‍ദുരന്തങ്ങള്‍ നേരിട്ടവരോ വലിയ മാനസികസമ്മര്‍ദ്ദമനുഭവപ്പെട്ടവരോ ആയവരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനായി. മാനസിക രോഗനിര്‍ണയത്തിനു ശേഷമുള്ള 12 മാസങ്ങളില്‍ ഇത്തരക്കാരുടെ മേല്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞു.

മാനസിക രോഗനിര്‍ണയത്തിനു ശേഷം 12 മാസത്തിനുള്ളില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരുടെ നിരക്കില്‍ 64%ല്‍ കൂടുതല്‍ വര്‍ധനവുണ്ടായെന്ന് പഠനത്തില്‍ തെളിഞ്ഞു. 50 വയസില്‍ താഴെയുള്ളവരില്‍ ഹൃദ്രോഗങ്ങളുണ്ടാക്കുന്നതില്‍ മാനസികസമ്മര്‍ദ്ദത്തിനു വലിയ പങ്കുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖമുള്ളവരില്‍ മാനസികസമ്മര്‍ദ്ദം ഉണ്ടാകുന്ന വിപരീത സാഹചര്യവുമുണ്ട്. ഇത് പഠനഫലങ്ങളെ പൂര്‍ണമായി ശരിവെക്കാന്‍ അനുവദിക്കുന്നില്ല. ഹൃദയാഘാതം വളരെ നീണ്ട കാലം കൊണ്ട് വികസിക്കപ്പെടുന്ന രോഗമാണ്. മാനസികരോഗം നിര്‍ണയിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗമുണ്ടാകുമെന്നത് മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നു വിമര്‍ശകര്‍ പറയുന്നു.

Comments

comments

Categories: Health