എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഗൂര്‍ഖ എക്‌സ്ട്രീം

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഗൂര്‍ഖ എക്‌സ്ട്രീം

എബിഎസ് വേര്‍ഷനുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിതരണം ചെയ്തുതുടങ്ങും

ന്യൂഡെല്‍ഹി : ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം എസ്‌യുവികളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി. ഇരു മോഡലുകളുടെയും എബിഎസ് പതിപ്പുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിതരണം ചെയ്തുതുടങ്ങും. അതേസമയം, ഗൂര്‍ഖ എക്‌സ്‌പെഡിഷന്റെ 3 ഡോര്‍, 5 ഡോര്‍ വേരിയന്റുകളില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ഇപ്പോഴും എബിഎസ് നല്‍കിയില്ല.

ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ എസ്‌യുവിയുടെ 3 ഡോര്‍, 5 ഡോര്‍ വേരിയന്റുകളുടെ വില യഥാക്രമം 11.05 ലക്ഷം രൂപയും 12.55 ലക്ഷം രൂപയുമാണ്. അതേസമയം ടോപ് സ്‌പെക് മോഡലായ 3 ഡോര്‍ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം എസ്‌യുവിയുടെ വില 13.30 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേഡ് വേര്‍ഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഗൂര്‍ഖ എക്‌സ്ട്രീം മോഡലുകളുടെ എബിഎസ് പതിപ്പുകള്‍ക്ക് 30,000 രൂപ വില കൂടുതലാണ്.

അതേസമയം ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും വൈകാതെ നല്‍കും. ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ യാത്രാ വാഹനങ്ങളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാണ്.

മെഴ്‌സേഡസില്‍നിന്ന് വാങ്ങിയ 2.2 ലിറ്റര്‍ ഒഎം611 എന്‍ജിനാണ് അടുത്തിടെ വിപണിയിലെത്തിച്ച ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീമിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 138 ബിഎച്ച്പി കരുത്തും 321 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മറ്റ് ഗൂര്‍ഖ വേരിയന്റുകള്‍ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനേക്കാള്‍ 54 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും കൂടുതല്‍. പുതിയ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് 2.2 ലിറ്റര്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

ഗൂര്‍ഖ എക്‌സ്ട്രീം എസ്‌യുവിയുടെ അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ യഥാക്രമം 44 ഡിഗ്രി, 40 ഡിഗ്രിയാണെങ്കില്‍ ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ നല്‍കുന്നത് യഥാക്രമം 39 ഡിഗ്രി, 27 ഡിഗ്രിയാണ്.

Comments

comments

Categories: Auto