സുഭിക്ഷ ഭക്ഷണവുമായി സതീഷ്

സുഭിക്ഷ ഭക്ഷണവുമായി സതീഷ്

വ്യത്യസ്തമായ രീതിയില്‍ ഭക്ഷ്യ രംഗത്ത് ബ്രാന്‍ഡ് വളര്‍ത്തിയെടുത്ത കഥയാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ സതീഷ് ജോര്‍ജ് എന്ന സംരംഭകന് പറയാനുള്ളത്. സുഭിക്ഷം എന്ന ബ്രാന്‍ഡില്‍ കറിപ്പൊടികളും അച്ചാറുകളുമായി വിപണിയില്‍ സജീവമായിരിക്കുന്ന സതീഷ് ജോര്‍ജ് സംരംഭകരംഗത്തെ വേറിട്ട ആശയത്തിനുടമയാണ്. ഗള്‍ഫില്‍ മികച്ച വരുമാനം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് സമ്പാദ്യവും വായ്പയും ചേര്‍ത്ത് ഒന്നരക്കോടി രൂപയോളം നിക്ഷേപത്തിലാണ് സതീഷ് തന്റെ സ്ഥാപനം ആരംഭിച്ചത്. ബ്രാന്‍ഡിംഗിനായി സംരംഭകര്‍ കോടികള്‍ ചെലവിടുന്ന ഈ കാലഘട്ടത്തില്‍ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റെസ്റ്റോറന്റിലൂടെയാണ് സതീഷ് തന്റെ സ്ഥാപനത്തെ ബ്രാന്‍ഡ് ചെയ്തത്. നിലവില്‍ കോട്ടയം ജില്ലയില്‍ മാത്രമായി 15 ഭക്ഷ്യ ഔട്ട് ലെറ്റുകളാണ് സുഭിക്ഷത്തിനുള്ളത്

സംരംഭകത്വത്തില്‍ എന്നും വ്യത്യസ്തമായ സ്വപ്‌നങ്ങള്‍ കാണുകയും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് മാത്രമേ മികച്ച ഒരു സംരംഭകനാകാനായി സാധിക്കൂ. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ സതീഷ് ജോര്‍ജ് എന്ന ചെറുപ്പക്കാരന്‍ ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുകയും സംരംഭകനാകണം എന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു. വര്‍ഷങ്ങളായി വിദേശത്തെ ഒരു മുന്‍നിര സ്ഥാപനത്തില്‍ ക്വളിറ്റി കണ്‍ട്രോളര്‍ ആയി ജോലി ചെയ്തിരുന്ന സതീഷിന്, മികച്ച വരുമാനം എന്നതിനേക്കാള്‍ പ്രിയം സ്വന്തം നാട്ടിലെ ചെറുതെങ്കിലും ഒരു സംരംഭം തുടങ്ങുക എന്നതിലായിരുന്നു. ഹോട്ടല്‍ ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നു എങ്കിലും ഇതിന് വേണ്ടി വരുന്ന മുതല്‍മുടക്കിനെയും സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ഹോട്ടലുകളുടെ എണ്ണത്തേയും പറ്റി ചിന്തിച്ചപ്പോള്‍ വലിയൊരു നിക്ഷേപം ഈ രംഗത്ത് നടത്തുന്നതില്‍ കാര്യമില്ലെന്ന് മനസിലായി.
പിന്നെ താല്‍പര്യം കറിപ്പൊടികളുടെയും അച്ചാറുകളുടെയുമെല്ലാം നിര്‍മാണ വിതരണ ശൃംഖലയിലാണ്. എന്നാല്‍ ഈ രംഗത്തും മത്സരം രൂക്ഷമാണ്. ദിനം പ്രതി എന്ന കണക്കിലാണ് പുതിയ ബ്രാന്‍ഡുകള്‍ രൂപം കൊള്ളുന്നത്. ഈ ഒരവസ്ഥയില്‍ ബ്രാന്‍ഡിംഗിനായി കോടികള്‍ മുടക്കുക എന്നതും ആശാസ്യമല്ല. എങ്കില്‍പ്പിന്നെ കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം വിതരണം ചെയ്ത് , അതിലൂടെ ജന്മനസുകളിലേക്ക് കയറിക്കൂടാം എന്നായി സതീഷ്. അങ്ങനെയാണ് കോട്ടയം ആസ്ഥാനമായി സുഭിക്ഷം എന്ന ബ്രാന്‍ഡ് പിറക്കുന്നത്. നല്ല ശമ്പളമുള്ള വിദേശത്തെ ജോലി ഉപേക്ഷിച്ചുകൊണ്ടാണ് സതീഷ് ബിസിനസിലേക്ക് ഇറങ്ങുന്നത്.

എന്തിനേക്കാളും പ്രധാനം വിശപ്പ് തന്നെ

നീണ്ട 17 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സതീഷ് ജോര്‍ജ് വ്യത്യസ്തവും ആദായകരവുമായ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തിലാണ് സുഭിക്ഷം ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ സുഭിക്ഷ ഭക്ഷണം നല്‍കുന്ന ഒരു ഭക്ഷണശാല എന്നതായിരുന്നു ഇതിലൂടെ സതീഷ് അര്‍ത്ഥമാക്കിയത്. വളരെ ചുരുങ്ങിയ സംവിധാനത്തിലാണ് ഈ സംരംഭം 2015 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോട്ടയം തീക്കോയിലുള്ള തന്റെ വീടിനോട് ചേര്‍ന്ന് അടുക്കളയും മറ്റു സംവിധാനങ്ങളുമൊരുക്കി. ഭക്ഷണ വിതരണത്തിനായി ആദ്യം ഒരു വാഹനവും വാങ്ങി.തുടക്കം ലഘുവായിരുന്നു എങ്കിലും കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ആ ലാഘവം ഉണ്ടായിരുന്നില്ല.

നാല് ചപ്പാത്തിക്കും ചിക്കന്‍കറിക്കും കൂടി 40 രൂപ. കഴിക്കാന്‍ പ്ലേറ്റും തുടയ്ക്കാന്‍ ടിഷ്യൂവും അടക്കമുള്ള പാക്കറ്റിനാണ് ഈ വില. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഭക്ഷണമാണിതെന്ന തിരിച്ചറിവ് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോയി. പിന്നെ കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിലായിരുന്നു സ്ഥാപനത്തിന്റെ വളര്‍ച്ച. 2015ല്‍ ഒന്നര കോടിയോളം രൂപ നിക്ഷേപത്തില്‍ തുടങ്ങിയ സംരംഭം രണ്ട് വര്‍ഷം കൊണ്ട് കോട്ടയം ജില്ലയുടെ മുഖമുദ്രയായി മാറി.

പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ദിവസവും രാവിലെ 7 മുതല്‍ കോട്ടയം, പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കറുകച്ചാല്‍, തൊടുപുഴ, തിരുവല്ല, പുതിയകാവ് എന്നീ സ്ഥലങ്ങളിലായിരുന്നു സുഭിക്ഷത്തിന്‌റെ സേവനങ്ങള്‍. ഭക്ഷണം നിറച്ചെത്തിയ വാഹനം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. സഞ്ചരിക്കുന്ന ഭക്ഷണ വിതരണ യൂണിറ്റ് ആദ്യം കോട്ടയം സ്വദേശികള്‍ക്ക് ഒരു കൗതുകമായിരുന്നു.എന്നാല്‍ അധികം വൈകാതെ അത് ജീവിതത്തിന്റെ ഭാഗമായി മാറി. മറ്റു സ്ഥലങ്ങളില്‍ നിന്നും ആവശ്യക്കാര്‍ മുന്നോട്ട് വന്നതോടെ കൂടുതല്‍ ഔട്ട് ലെറ്റുകള്‍ ആരംഭിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഉറപ്പായി. അങ്ങനെ 35 ജീവനക്കാരുമായി ആരംഭിച്ച സ്ഥാപനം വൈകാതെ 15 ഡെലിവറി ഔട്ട് ലൈറ്റുകളും അറുപതോളം ജോലിക്കാരുമുള്ള സ്ഥാപനമായി മാറി. ഇന്ന് ദിവസേന 15000 ല്‍ പരം ആളുകള്‍ക്ക് സുഭിക്ഷം മികച്ച ഭക്ഷണം നല്‍കുന്നു.

പത്തോളം വാഹനങ്ങളാണ് ഇന്ന് സുഭിക്ഷത്തിനായി ഓടുന്നത്. വാഹനത്തില്‍ ഭക്ഷണം എത്തിക്കുന്നതിന് പുറമെ ഫോണ്‍വഴി മുന്‍കൂട്ടി ഓര്‍ഡറുകള്‍ എടുത്തും സുഭിക്ഷം ഭക്ഷണവിതരണം നടത്തിയിരുന്നതായി സതീഷ് പറയുന്നു. വില്‍പന കൂട്ടി ലാഭം നേടുകയെന്ന തന്ത്രമാണ് സതീഷ് മുറുകെ പിടിക്കുന്നത്.ഇരുപത് രൂപയ്ക്ക് പുറത്ത് ലഭിക്കുന്ന ഒരു ലിറ്റര്‍ വെള്ളത്തിന് 12 രൂപ മാത്രം ആണ് സതീഷ് ഈടാക്കുന്നത്. ഇതെല്ലം കൊണ്ട് തന്നെയാണ് ഈ സംരംഭകന്‍ തികസിച്ചും വ്യത്യസ്തനാണ് എന്ന് സംരംഭകലോകം വിധിയെഴുതിയതും

24 മണിക്കൂറും സജ്ജമായ അടുക്കള

എന്താണ് സുഭിക്ഷം എന്ന ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാല്‍ സതീഷിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ഗുണനിലവാരമുള്ള ഭക്ഷണം. ഹോട്ടലുകള്‍ കഴുത്തറക്കുന്ന നിരക്കില്‍ ഭക്ഷണം നല്‍കുമ്പോഴാണ് വയറുനിറയെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്നത്. തുടക്കം മുതല്‍ ഇന്ന് വരെ പലചരക്കിനും ഗ്യാസിനും ഒക്കെയായി വില പലതവണ കൂടി എങ്കിലും സുഭിക്ഷത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വില വ്യത്യാസം വന്നിട്ടില്ല. പുറത്ത് ഒരു ചിക്കന്‍ ബിരിയാണിക്ക് 120-250 രൂപ വരെയുള്ളപ്പോഴാണ് വെറും 75 രൂപയ്ക്ക് സുഭിക്ഷം, പ്ലേറ്റും ടിഷ്യുവുമടക്കം പാക്കറ്റില്‍ നല്‍കുന്നത്. എഗ്ഗ് ബിരിയാണിയാണെങ്കില്‍ 55 രൂപ മതി. വെജിറ്റബിളാണെങ്കില്‍ 50 രൂപയേ ഉള്ളൂ.രാവിലെ 7ന് തുടങ്ങുന്ന ഭക്ഷണ വിതരണം ഉച്ചയ്ക്ക് രണ്ടുമണിയോടെ തീരും.വൈകിട്ടത്തെ ഭക്ഷണ വിതരണം അഞ്ചരയോടെ ആരംഭിക്കും. രാത്രി 9 മണിയോടെ വാഹനങ്ങള്‍ വിതരണം കഴിഞ്ഞ് മടങ്ങും. ചുരുക്കിപ്പറഞ്ഞാല്‍ ഏത് സമയത്തും ഭക്ഷണം ഉണ്ടാക്കുന്നതിനായി സതീഷിന്റെ അടുക്കള സജ്ജമാണ്.

”മായം ചേര്‍ക്കാനോ, കൊള്ള ലാഭം നേടാനോ ഞാന്‍ തുടക്കം മുതലേ ഒരുക്കമല്ലായിരുന്നു. കേരളം ഒരിക്കലും സംരംഭകരെ ചതിക്കുന്ന മണ്ണല്ല എന്നാ ഉറപ്പ് എനിക്കുനടായിരുന്നു. ഇവിടെയെത്തി ആദ്യ കുറച്ചു ദിവസം കൊണ്ട് തന്നെ അക്കാര്യം എനിക്ക് ഉറപ്പായി. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച വരുമാനം ലഭിക്കുന്നതിനായി ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന വ്യക്തികള്‍ക്ക് മാത്രമാണ് ഇവിടെ പരാജയം നേരിടുക എന്നെനിക്ക് ഉറപ്പായിരുന്നു. അതിനാലാണ് കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കി, വില്‍പന വര്‍ധിപ്പിച്ചു വരുമാനം കൂട്ടുക എന്ന തന്ത്രം ഞാന്‍ പ്രയോഗിച്ചത്. ഇതിലൂടെ തുടക്കത്തില്‍ വലിയ വരുമാനമൊന്നും ലഭിച്ചില്ലെങ്കിലും ബ്രാന്‍ഡിംഗിന് സഹായിച്ചു” സതീഷ് ജോര്‍ജ് പറയുന്നു.

മാത്രമല്ല, ഫുഡ് ഓണ്‍ വീല്‍സ് എന്ന ആശയത്തിനൊപ്പം പാക്കിംഗിലെ വ്യത്യസ്തതയും വിഭവങ്ങളുടെ വിലക്കുറവും രുചിയും ഗുണമേന്മയുമാണ് സുഭിക്ഷം എന്നാ ഈ സംരംഭത്തിന് നെടുംതൂണായത്.സതീഷ് ചെയ്യുന്നത് മണ്ടത്തരമാണ് എന്ന് പറഞ്ഞുകൊണ്ട് പലരും തുടക്കത്തിലേ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഒന്നിനും പിടികൊടുക്കാന്‍ നിന്നില്ല സതീഷ്. തന്റെ ആശയം അടിയുറച്ചതാണെന്നും വിജയം ഒടുവില്‍ തന്നോടൊപ്പം തന്നെയായിരിക്കും എന്ന ഉറപ്പ് സതീഷിനുണ്ടായിരുന്നു. രണ്ടര വര്‍ഷം മുന്‍പ് നാല് ഉല്‍പ്പന്നങ്ങളുമായി സംരംഭം തുടങ്ങിയ സതീഷ് ഇന്ന് അറുപതിലേറേ വിഭവങ്ങള്‍ വിതരണം ചെയ്യുന്നു.

കറിപ്പൊടികളും അച്ചാറുകളും

സുഭിക്ഷം എന്ന പേരില്‍ ഭക്ഷ്യ ഔട്ട് ലെറ്റ് ആരംഭിച്ച ശേഷം മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സതീഷ് തന്റെ സ്വപ്‌ന പദ്ധതിയായ കറിപ്പൊടികളുടെയും വ്യത്യസ്തയിനം അച്ചാറുകളുടെയും നിര്‍മാണത്തിലേക്ക് കടന്നത്. സുഭിക്ഷം എന്ന ബ്രാന്‍ഡ് അപ്പോഴേക്കും ജനമനസുകളില്‍ ഇടം പിടിച്ചിരുന്നു. മാധ്യമങ്ങള്‍ നല്‍കിയ സജീവമായ പിന്തുണയും ഈ സംരംഭകന് തുണയായി. ‘ഊണുമേശയില്‍ നിന്നും അടുക്കളയിലേക്ക് ‘ എന്ന വാചകത്തോടെയാണ് സതീഷ് ജോര്‍ജ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചത്. കര്‍ഷകരില്‍ നിന്നും നേരിട്ടുവാങ്ങുന്ന മഞ്ഞള്‍, മല്ലി, മുളക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കെമിക്കലുകള്‍ ഒന്നും ചേര്‍ക്കാതെ കഴുകി ഉണക്കി പൊടിച്ചാണ് കറിപ്പൊടികളുടെ നിര്‍മാണം.

ചിക്കന്‍ മസാല, ഫിഷ് മസാല, ഇറച്ചി മസാല, മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് രണ്ടാം ഘട്ട വികസനത്തിന്റെ ആദ്യപടിയായി വിപണിയിലെത്തിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ കര്‍ഷകരില്‍ നിന്നും വാങ്ങിയ ശേഷം സ്വന്തം ഫാക്റ്ററിയില്‍ പല വിധ ക്വളിറ്റി പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍മ്മിക്കപ്പെടുന്നത്.തുടക്കത്തില്‍ കോട്ടയം ജില്ലയില്‍ മാത്രമായിരുന്നു ഡിസിട്രിബൂഷന്‍ നെറ്റ്‌വര്‍ക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് ഇടുക്കി ജില്ലയിലേക്കും വ്യാപിച്ചു. വരും നാളുകളില്‍ കേരളം മുഴുവന്‍ സുഭിക്ഷത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമെന്നാണ് സതീഷ് പറയുന്നത്.

മാങ്ങാ, നാരങ്ങാ, വെളുത്തുള്ളി, ഈന്തപ്പഴം, മിക്‌സഡ് അച്ചാര്‍ തുടങ്ങി വിവിധങ്ങളായ ആറുതരം അച്ചാറുകളും സുഭിക്ഷം വിപണിയിലെത്തിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരിക്കല്‍ വാങ്ങി ഉപയോഗിച്ചവര്‍ വീണ്ടും ആവശ്യക്കാരായി എത്തുന്നു എന്നത് തന്റെ സംരംഭത്തിന്റെ വിജയമാണെന്ന് സതീഷ് പറയുന്നു. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന തിയറിയിലാണ് സതീഷ് വിശ്വസിക്കുന്നത്. അതിനാല്‍ ഇനി തന്റെ വളര്‍ച്ചയുടെ അടുത്തഘട്ടം എന്താണ് എന്ന കാര്യത്തില്‍ സതീഷിന് വ്യക്തമായ ധാരണയുണ്ട്.

ബ്രാന്‍ഡിംഗിനായി ലക്ഷങ്ങളും കോടികളും മുടക്കാതെ ബ്രാന്‍ഡിനെ സ്വയം വളരാന്‍ അനുവദിച്ചതാണ് തന്റെ വിജയമെന്ന് സതീഷ് പറയുന്നു. ഭക്ഷണവിതരണത്തില്‍ കാണിച്ച കണിശ്ശതയും ഗുണനിലവാരവുമാണ് തന്റെ ബ്രാന്‍ഡിനെ വളര്‍ത്തിയത്. ജനങ്ങള്‍ നേരിട്ട് ഏറ്റെടുത്ത ബ്രാന്‍ഡായി സുഭിക്ഷം മാറിയതാണ് സംരംഭക വിജയത്തില്‍ നിര്‍ണായകമായത്. കേരളത്തിലെ മുന്‍നിര ഭക്ഷ്യബ്രാന്‍ഡുകളില്‍ ഒന്നായി മാറുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ സതീഷ് തന്റെ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.

സംരംഭരംഗത്ത് വ്യത്യസ്തമായ സമീപനം കൊണ്ട് ശ്രാദ്ധേയനായ ഈ കോട്ടയം കാരന്‍ വരുംകാല സംരംഭകര്‍ക്കായി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ഇന്ന് സജീവമാണ്.നിരവധി എന്‍ട്രപ്രണര്ഷിപ്പ് സമ്മിറ്റുകളിലായി ധാരാളം പ്രസംഗങ്ങള്‍ നടത്തുകയും കഌസുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട് സതീഷ് ജോര്‍ജ് .

Categories: FK Special, Slider