മസ്തിഷ്‌ക, ഗള അര്‍ബുദചികില്‍സയ്ക്ക് സംയുക്ത ക്ലിനിക്ക്

മസ്തിഷ്‌ക, ഗള അര്‍ബുദചികില്‍സയ്ക്ക് സംയുക്ത ക്ലിനിക്ക്

തലച്ചോറിലെയും കഴുത്തിലെയും അര്‍ബുദപരിശോധനയ്ക്കായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ആശുപത്രികളായ മുംബൈയിലെ ജെജെ ആശുപത്രിയും ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലും ഒരുമിക്കുന്നു. ജെജെ ഹോസ്പിറ്റലിന്റെ ഇഎന്‍ടി വിഭാഗവും ടാറ്റ മെമ്മോറിയലിലെ കാന്‍സര്‍ വിദഗ്ധരും സംയുക്തമായി നടത്തുന്ന ക്ലിനിക്കില്‍ ആദ്യദിനം തന്നെ 18 രോഗികളെ പരിശോധിച്ചു. ബുധനാഴ്ചയായിരുന്നു ക്ലിനിക്കിന്റെ ഉദ്ഘാടനം. ഇതു സംബന്ധിച്ച് ധാരണപത്രത്തില്‍ ഇരു ആശുപത്രികളും ഒപ്പുവെച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ ഒന്നാണ് തലയ്ക്കും കഴുത്തിനുമുണ്ടാകുന്നത്. രാജ്യത്തെ കാന്‍സര്‍ ഭീഷണിയില്‍ 40 ശതമാനവും ഈ രണ്ട് അവയങ്ങളിലുമുള്ള കാന്‍സര്‍ ബാധയാണ്. ഓരോ ബുധനാഴ്ചയും രണ്ട് ആശുപത്രികളില്‍ നിന്നുമുള്ള ഡോക്റ്റര്‍മാര്‍ ഓരോ രോഗിക്കും നല്‍കേണ്ട ചികില്‍സാരീതിയെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്നു ജെജെ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം തലവന്‍ ഡോ. ശ്രീനിവാസ് ചവാന്‍ പറഞ്ഞു. ജെജെ ഗ്രൂപ്പിനു കീഴിലുള്ള നാലു ആശുപത്രികളിലെ വായയില്‍ കാന്‍സര്‍ ബാധിച്ച രോഗികളെ ഒരുമിച്ച് ചികില്‍സിക്കുകയും ചെയ്യും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കാന്‍സര്‍ രോഗികള്‍ക്കായി ഇഎന്‍ടി വിഭാഗത്തിലെ മൂന്ന് ഓപ്പറേഷന്‍ ടേബിളുകള്‍ വിട്ടു നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. മുംബൈയിലെ അര്‍ബുദരോഗികളുടെ തിരക്ക് കുറയ്ക്കുകയാണ് സഹകരണത്തിന്റെ ഉദ്ദേശ്യം.

രാജ്യത്ത് കാന്‍സര്‍ ചികില്‍സാരംഗത്ത് ഏറ്റവും മികച്ച സേവനം ചെയ്തുവരുന്ന സ്ഥാപനമാണ് മുംബൈയിലെ പരേലിലുള്ള ടാറ്റാ മെമ്മോറിയില്‍ ആശുപത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള രോഗികള്‍ ഇവിടെ ചികില്‍സ തേടിയെത്തുന്നു. പ്രതിവര്‍ഷം ശരാശരി 60,000രോഗികളാണ് ചികില്‍സ തേടിയെത്തുന്നത്. 10,000 ശസ്ത്രക്രിയകള്‍ പ്രതിവര്‍ഷം ഇവിടെ നടത്തുന്നുണ്ട്. 700 കിടക്കകളുളള ആശുപത്രിയാണിത്. ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനമായ ജെജെ ആശുപത്രി നാസിക്കിലാണ് സ്ഥിതി ചെയ്യുന്നത്. 1845 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ഏഷ്യയിലെ ഏറ്റവും പ്രാചീനമായ മെഡിക്കല്‍ കോളെജുകളിലൊന്നാണ്. രാജ്യത്തെ ആദ്യത്തെ പത്ത് മെഡിക്കല്‍ കോളെജുകളുടെ പട്ടികയില്‍ ഇത് സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുണ്ട്.

Comments

comments

Categories: Health
Tags: Brain tumour