വാഹനപ്പുക: കുട്ടികളില്‍ ആസ്ത്മ കൂടുന്നു

വാഹനപ്പുക: കുട്ടികളില്‍ ആസ്ത്മ കൂടുന്നു

വാഹനഗതാഗതം മൂലമുള്ള അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ പ്രതിവര്‍ഷം നാലു മില്യണോളം കുട്ടികളെ ആസ്ത്മാരോഗികളാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശ്വാസത്തില്‍ വായുവിലടങ്ങിയ നൈട്രജന്‍ ഡൈ ഓക്‌സൈഡ് കലരുന്നതാണ് ഇതിനു കാരണമെന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മില്‍ക്കെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ കണ്ടെത്തി. 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ അനുസരിച്ച്, ആസ്ത്മാരോഗികളില്‍ 64 ശതമാനവും നഗരപ്രദേശങ്ങളിലാണു ജീവിക്കുന്നത്. തിരക്കേറിയ റോഡുകളിലുണ്ടാകുന്ന മലിനീകരണം കുട്ടികളില്‍ ആസ്ത്മ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് നിര്‍ണയിക്കുന്ന രാജ്യാന്തരതലത്തിലുള്ള ആദ്യപഠനമാണിത്. മില്‍ക്കെനിലെ അസോസിയേറ്റ് പ്രൊഫസര്‍ സൂസന്‍ സി. ആനെന്‍ബര്‍ഗാണ് ഗവേഷണം നയിക്കുന്നത്. ഗതാഗതത്തിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം കുറച്ചുകൊണ്ട് ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ ദശലക്ഷക്കണക്കിന് കുട്ടികള്‍ ആസ്ത്മ രോഗത്തിലേക്കു വീഴുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. പൊതു ഗതാഗതമേഖയിലെ വൈദ്യുതീകരണം, സൈക്ലിംഗ്, കാല്‍നടയാത്ര തുടങ്ങിയവയുടെ പ്രോല്‍സാഹനം, ചരക്ക് ഗതാഗത രൂപങ്ങളുടെ മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ നൈട്രജന്‍ ഡൈ ഓക്‌സൈഡ് നില കുറയ്ക്കുകയാണ് ഏക പോംവഴിയെന്ന് അവര്‍ പറയുന്നു. ഇത് കുട്ടികളെ ആസ്ത്മയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുകയും കായികശേഷി വര്‍ദ്ധിപ്പിക്കുകയും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുകയും ചെയ്യും. ഗവേഷണവുമായി ബന്ധപ്പെട്ട് നൈട്രജന്‍ ഡൈ ഓക്‌സൈഡ് സാന്ദ്രീകരണം സംബന്ധിച്ച ആഗോള വിവരശേഖരം, കുട്ടികളുടെ ജനസംഖ്യാവിതരണം, വാഹനപ്പുകയില്‍ നിന്നു കുട്ടികള്‍ക്കു പകര്‍ന്നു കിട്ടിയ ആസ്ത്മാരോഗം വിതരണം എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഗവേഷകര്‍ വിശദീകരിച്ചു. ശ്വാസകോശത്തില്‍ അണുബാധയുണ്ടാകുമ്പോള്‍ ശ്വാസോഛ്വാസം തടയപ്പെടുന്ന ഒരു രോഗമാണ് ആസ്ത്മ. ലോകമെമ്പാടുമുള്ള 235 മില്യണ്‍ ജനങ്ങള്‍ ആസ്ത്മയുടെ ദോഷഫലങ്ങളനുഭവിക്കുന്നു. ശ്വാസതടസമുണ്ടാക്കുന്നതിലൂടെ ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്ന രോഗമാണിത്. വായുമലിനീകരണത്തെ ഒരു പ്രധാന പരിസ്ഥിതി അപകടമായാണു ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

Comments

comments

Categories: Health
Tags: Asthma