ശസ്ത്രക്രിയയിലൂടെ 130 കിലോ കുറച്ചു

ശസ്ത്രക്രിയയിലൂടെ 130 കിലോ കുറച്ചു

20 വയസ്സുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ 130 കിലോഗ്രാം ഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചു. രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ ചികില്‍സകളുടെ ഫലമായാണിത്. ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണു സംഭവം. 2017ല്‍ ആശുപത്രിയില്‍ ആദ്യമായി പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ 250 കിലോ ആയിരുന്നു ഇയാളുടെ ഭാരം. നടക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. അമിതഭാരം മൂലം കടുത്ത വിഷാദരോഗവും അനുഭവിച്ചിരുന്നു. തൂക്കം കുറയ്ക്കണമെന്നാവശ്യപ്പെട്ട് എയിംസിലെ ബാരിയാട്രിക് സര്‍ജനായ സന്ദീപ് അഗര്‍വാളിനെ സന്ദര്‍ശിച്ച യുവാവിനോട് പത്ത് കിലോ കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശ്രമിച്ചെങ്കിലും അയാള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10 കിലോ കുറയ്ക്കുകയും ചെയ്തു. ഗ്യാസ്‌ട്രെക്റ്റമി, ശസ്ത്രക്രിയയിലൂടെയാണ് ഭാരം കുറച്ചത്. ഇതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനായി. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞത് ശരീരഭാരം കുറയ്ക്കാനും ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും സഹായിച്ചു. ഡിസ്ചാര്‍ജ് ചെയ്യും മുമ്പ് യുവാവിന് രണ്ടാഴ്ചയോളം കുറഞ്ഞ കലോറിയും ഉയര്‍ന്ന പ്രോട്ടീനുമുള്ള ഭക്ഷണക്രമമാണ് നല്‍കിയത്. ചില വ്യായാമങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ആവശ്യപ്പെട്ടു. അതിനു ശേഷം മൂന്നു മാസം കൂടുമ്പോള്‍ തുടര്‍ ചികില്‍സയ്ക്ക് ആശുപത്രിയില്‍ എത്തി. രണ്ട് വര്‍ഷം കൊണ്ടാണ് 130 കിലോഗ്രാംകുറച്ചതെന്ന് ഡോ. സന്ദീപ് അറിയിച്ചു. മുമ്പ് ഗുഡ്ഗാവില്‍ നിന്നുള്ള 61കാരനും സമാന ചികില്‍സയിലൂടെ 72 കിലോ കുറച്ചിരുന്നു. 2016 ല്‍ മിനിഗ്യാസ്ട്രിക്ക് ബൈപാസ് ശസ്ത്രക്രിയയിലൂടെയായിരുന്നു അത്. ഇയാള്‍ക്ക് 133 കിലോ ഭാരമുണ്ടായിരുന്നു. ബാരിയാട്രിക് ശസ്ത്രക്രിയ, പിത്തസഞ്ചി ശസ്ത്രക്രിയ പോലെ അപകടരഹിതമാണെന്ന് ഡോ. സന്ദീപ് പറയുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ശരീരഭാരം കൂടാതെ നിലനിര്‍ത്താന്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യകരമായ ജീവിതവും ശരിയായ ഭക്ഷണക്രമവും പാലിക്കേണ്ടതുണ്ട്. പ്രമേഹ, ഫാറ്റിലിവര്‍ രോഗികള്‍ക്ക് ഈ ശസ്ത്രക്രിയ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Health
Tags: weight loss