വനിതാ ആശുപത്രി തുറന്നു

വനിതാ ആശുപത്രി തുറന്നു

വനിതകള്‍ മാത്രം ഔദ്യോഗിക പദവികളില്‍ ഇരിക്കുന്ന രാജ്യത്തെ ആദ്യ ആശുപത്രി ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെംസിറ്റി വിമെന്‍സ് ഹോസ്പിറ്റല്‍ എന്നാണിതിന്റെ പേര്. 60 കിടക്കകളുള്ള വനിതകള്‍ക്കും കുട്ടികള്‍ക്കുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 33 വിഭാഗങ്ങളാണുള്ളത്. ഇവയുടെ മേധാവികളും സ്ത്രീകള്‍ തന്നെ. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സ്ത്രീകളിലെ രോഗകാരണങ്ങളും ലക്ഷണങ്ങളും അവര്‍ക്കു വേണ്ട ചികില്‍സാരീതികളും പുരുഷന്മാരില്‍ നിന്നു തികച്ചും വ്യത്യസ്തമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതിനാലാണ് അതിനുള്ള സൗകര്യങ്ങള്‍ ഇവിടെ താറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെന്ന് സിഇഒ ഡോ. നസീം മാജിദ് ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയുടെ വരവോടെ ഷെയ്ക്ക്‌പേട്ട്, ടോലിചൗക്കി, മെഹ്ദിപട്ടണം, മസബ് ടാങ്ക്, മാണിക്കൊന്‍ഡ, ജൂബിലി ഹില്‍സ്, മാധാപൂര്‍, ഗച്ചിബൗളി തുടങ്ങിയ സമീപപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും വനിതാ ഡോക്റ്റര്‍മാരുടെ സേവനം ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. നാലു പ്രധാന വിഭാഗങ്ങളായാണ് ആശുപത്രിയില്‍ വൈദ്യസേവനരംഗം വിഭജിച്ചിരിക്കുന്നത്. ഫിസിയോതെറാപ്പി, പൈലേറ്റ് ചികില്‍സ, യോഗ, ദന്തല്‍, ത്വക്ക് രോഗം, സിസ്‌മോളജി, ഹെല്‍ത്ത് ചെക്ക്-അപ് എന്നിവയടങ്ങിയ വെല്‍നെസ് വിഭാഗമാണ് ആദ്യത്തേത്. ജനറല്‍ മെഡിസിന്‍, എന്‍ഡോക്രൈനോളജി, ന്യൂറോളജി, പ്രമേഹം, ജനറല്‍ സര്‍ജറി, സൈക്യാട്രി, സൈക്കോളജി, ലാപ്രോസ്‌കോപ്പി, ബ്രെസ്റ്റ് സര്‍ജറി, തൂക്കക്കുറവ്, ഇഎന്‍ടി, ഹൃദയശസ്ത്രക്രിയ, ശ്വാസകോശരോഗ ശസ്ത്രക്രിയ, യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, ഗാസ്‌ട്രോഎന്ററോളജി, റേഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഓങ്കോളജി എന്നിവ ഉള്‍പ്പെടുന്ന വൈദ്യസേവന-ശസ്ത്രക്രിയാവിഭാഗമാണ് അടുത്തത്. ഗൈനക്കോളജി, വന്ധ്യതനിവാരണം, ഗര്‍ഭസ്ഥശിശു പരിപാലനം എന്നിവയടങ്ങിയ മാതൃ- പ്രസവശുശ്രൂഷ വിഭാഗവും നിയോനാറ്റോളജി, ശിശുരോഗ ചികില്‍സ, പീഡിയാട്രിക് ശസ്ത്രക്രിയ എന്നിവയടങ്ങിയ ശിശു രോഗ വിഭാഗവുമാണിവ. ഇതിനു പുറമെ നവജാതശിശുക്കള്‍ മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രത്യേക വിഭാഗവും ഫെംസിറ്റിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്ലേ തെറാപ്പി പോലുള്ള വേഗവും ഫലപ്രദവുമായ ചികില്‍സാരീതികള്‍ കുട്ടികള്‍ക്ക് ഇവിടെ ലഭ്യമാണ്.

Comments

comments

Categories: Health