യുഎസിന്റെ വ്യാജ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍

യുഎസിന്റെ വ്യാജ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍

യുഎസിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റ്‌സും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്ന് ഒരു വ്യാജ സര്‍വകലാശാല സൃഷ്ടിക്കുകയും അതിലേക്ക് പ്രവേശനം നേടിയ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവം ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ കല്ലുകടിയായി. ഒരു തരത്തിലും യുഎസിന് സുരക്ഷാ ഭീഷണി ഉയര്‍ത്താത്ത, പ്രതിരോധ പങ്കാളി കൂടിയായ ഇന്ത്യയെ ലക്ഷ്യമാക്കി ഇത്തരമൊരു പ്രവര്‍ത്തനം നടന്നത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇറാന്‍-ബ്രിട്ടീഷ് വംശജനായ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി തലവന്‍ അലി മിലാനിയുടെ പ്രവര്‍ത്തനങ്ങളെ സംശയ ദൃഷ്ടിയോടെ കാണാന്‍ ഇന്ത്യക്ക് എല്ലാ അവകാശങ്ങളുമുണ്ട്

ഡി സി പതക്

ഇന്ത്യയുടേത് പോലെ ഒരു ദേശീയ ഇന്റലിജന്‍സ് സംഘടന രാജ്യത്തെ പൗരന്‍മാരില്‍ നിന്ന് വലിയ തോതില്‍ ബഹുമാനം ആര്‍ജിക്കുന്നതിന് കാരണമുണ്ട്. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളില്‍ കാര്യമായ സഹായങ്ങള്‍ നല്‍കുന്നതും പക്ഷപാതമില്ലാതെ, രഹസ്യ സ്വഭാവമുള്ള, എന്നാല്‍ വക്രതയില്ലാത്ത പ്രവര്‍ത്തന രീതി അവലംബിക്കുന്നതുമാണ് ഈ ആദരവിന് കാരണം. കൗശലക്കാരനായ ശത്രുവില്‍ നിന്നുള്ള ഗൂഢമായ ആക്രമണം തടഞ്ഞുകൊണ്ട് രാജ്യത്തിന് സംരക്ഷണം നല്‍കുകയെന്നതാണ് സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജാഗ്രതയോടെയുള്ള നിരീക്ഷണം, ശത്രു ക്യാമ്പിലേക്കുള്ള നുഴഞ്ഞുകയറ്റം, ആശയവിനിമയങ്ങള്‍ നിരീക്ഷിക്കല്‍, വിവര ദായകരായ മനുഷ്യ സ്രോതസുകളുടെ സൃഷ്ടി തുടങ്ങിയവയ്ക്കുള്ള പ്രൊഫഷണല്‍ പരിശീലനം നല്‍കിയും സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുമാണ് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ നിലകൊള്ളുന്നത്. സുരക്ഷ എന്നാല്‍ ശത്രുവിന്റെ ആക്രമണത്തെ തടയുക എന്നത് കൂടിയായതിനാല്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ള ശത്രുംവിധാനത്തെ കണ്ടെത്തുകയും അതിനെ ലക്ഷ്യമിടുകയും ചെയ്യുകയാണ് വേണ്ടത്. രാജ്യത്തേക്ക് ശത്രു നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെങ്കില്‍ അവരെ പ്രവേശന മുഖത്ത് നിന്നു തന്നെ തടയുന്നതാണ് ഏറ്റവും നല്ലത്.

ശത്രു ഏജന്റുമാരെ തിരിച്ചറിയുന്നതിനും അവര്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശം കണ്ടെത്തുന്നതിനും രഹസ്യാന്വേഷണ സംഘത്തിന് രാത്രിയും പകലുമെന്നില്ലാതെ ഒട്ടേറെ പരിശ്രമിക്കേണ്ടി വരും. ശത്രുപക്ഷത്തെ അംഗത്തെ വരുതിയിലാക്കാനോ അല്ലെങ്കില്‍ തങ്ങളുടെ സ്വന്തക്കാരനും അവരുടെ വിശ്വാസത്തിലുമുള്ള ഏതെങ്കിലുമൊരു വ്യക്തിയെ എതിര്‍ പാളയത്തില്‍ സ്ഥാപിക്കാനോ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ശ്രമിക്കും. ഇതിന് എളുപ്പത്തില്‍ ഫലം ലഭിക്കണമെന്നില്ല. എന്നാല്‍ ഇന്റലിജന്‍സ് ഏജന്‍സി അശ്രാന്ത പരിശ്രമത്തിലൂടെ ശത്രുവിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും അറിയാന്‍ സന്നദ്ധമായിരിക്കും. പ്രൊഫഷണലും സത്യസന്ധവുമായ രീതിയില്‍ പ്രവര്‍ത്തിക്കുപന്ന ഒരു ഇന്റലിജന്‍സ് സംഘടന കഠിനമായ ലക്ഷ്യങ്ങള്‍ നേടാനാവും ശ്രമിക്കുക. ശത്രുവിന്റെ സാമീപ്യത്തെക്കുറിച്ച് ബോധ്യമില്ലാതെ തന്നെ വ്യാജമായ ഒരു ഭീഷണിയും അതെത്തുടര്‍ന്ന് വിജയാന്തരീക്ഷവും സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ യജമാനന്‍മാരായ രാഷ്ട്രീയ നേതാക്കളുടെ കണ്ണില്‍ പൊടിയിടാന്‍ അവര്‍ മുതിരില്ല.

ഒരു വ്യാജ സര്‍വകലാശാല സൃഷ്ടിച്ച് പരസ്യം നല്‍കുകയും അതില്‍ ചേരാന്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ ‘വ്യാജ സര്‍വകലാശാലയില്‍ ചേരാനെത്തിയ നിയമ വിരുദ്ധരായ വ്യക്തികള്‍’ എന്ന് ആരോപിച്ച് കെണയില്‍ വീഴ്ത്തി പിടിച്ചു വെക്കുകയും ചെയ്യുന്നത് ഇന്റലിജന്‍സ് പ്രവര്‍ത്തനമേയല്ല; വഞ്ചനയാണ്. ശത്രു രാജ്യത്തിന്റെ ചാരന്‍മാരെന്ന് ഒരിക്കലും ആരോപിക്കാന്‍ സാധിക്കാത്ത വ്യക്തികളായിരിക്കും ഒരുപക്ഷേ അവര്‍. കെണിയൊരുക്കിയ വ്യാജ ഏജന്‍സിക്കും അതിലെ ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും ഇത്തരമൊരു സാഹചര്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.

യുഎസിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാരും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്ന് ഇത്തരത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുവെക്കുകയും അമേരിക്കയിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റം തടഞ്ഞെന്ന് അവകാശപ്പെടുകയും ചെയ്തത്, ലോകത്തെ ജനാധിപത്യ രാജ്യങ്ങളിലെയെല്ലാം ഞെട്ടിച്ചു. ഈ നടപടി ചോദ്യം ചെയ്ത് ഡെല്‍ഹിയിലെ യുഎസ് എംബസിയിലേക്ക് ഇന്ത്യ ഒരു നയതന്ത്ര കുറിപ്പ് അയക്കുകയും അപായത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും ചെയ്തു. എങ്കിലും, ഇന്റലിജന്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില മുന്‍നിര സംഘടനകളുടെ വ്യാജ നടപടികളെക്കുറിച്ചും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗൗഗവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിവിടുന്നതാണ് ഇത്തരം സംഭവങ്ങള്‍.

രാജ്യ സുരക്ഷയ്ക്ക് പരമ്പരാഗതമായി ഭീഷണിയുയര്ഡത്തുന്ന രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തോട് ട്രംപ് ഭരണകൂടത്തിന് ഗൗരവമാര്‍ന്ന സമീപനമാണുള്ളതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്ത്യയും യുഎസും തമ്മില്‍ സുരക്ഷാ കാര്യങ്ങളില്‍ അടുത്ത ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചാണ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. പ്രസിഡന്റ് ട്രംപുമായി തങ്ങളുടെ മേധാവികളുടെ ഇരിപ്പുവശം അത്ര സുഖകരമല്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംശയാസ്പദമായ നടപടികളിലൂടെ തങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതിച്ഛായ സൃഷ്ടിക്കാനായിരുന്നോ അവരുടെ ശ്രമം?

ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ രഹസ്യ ഏജന്റുമാരാണ് രണ്ടു വര്‍ഷം മുമ്പ് മിഷിഗണ്‍ ആസ്ഥാനമായി ‘ഫാര്‍മിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി’ എന്ന വ്യാജ സര്‍വകലാശാല രൂപീകരിച്ചത്. സെക്യൂരിറ്റിയുടെ തലവനായ അലി മിലാനിയുടെ വക വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിനെ പിന്‍പറ്റി റിക്രൂട്ടര്‍മാരുടെ സഹായത്തോടെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടേക്ക് പ്രവേശനം നേടിയത്. നിയമവിരുദ്ധമായ കുടിയേറ്റത്തിനെതിരെയുള്ള തങ്ങളുടെ മഹത്തായ പ്രതിപ്രവര്‍ത്തനം തെളിയിക്കുന്നതിനു ലഭിച്ച ഒരു പുരസ്‌കാരമായിട്ടാണ് ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെ ഇമിഗ്രേഷന്‍ & കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി (ഐസിഇ) അവതരിപ്പിക്കുന്നത്. അതേസമയം വഞ്ചകരായ ഇടനിലക്കാരെ കുടുക്കാന്‍ ഏജന്‍സി താല്‍പ്പര്യപ്പെട്ടതേയില്ല. തങ്ങളെ സഹായിച്ചവരെന്ന പേരിലാണ് അവര്‍ ഒഴിവാക്കപ്പെട്ടത്.

തെളിവുകളൊന്നുമില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിന്‍തുടരുന്നത് കേസിന്റെ വസ്തുതകളോട് പൊതുത്തമില്ലാത്ത പ്രവൃത്തിയാണ്. ആദ്യത്തെ കാര്യം, ശത്രുതയുള്ള അയല്‍രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദികളും ചെയ്യുന്നതുപോലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസിലേക്ക് ചാരന്‍മാരെ അയച്ചേക്കാവുന്ന ഒരു ശത്രുവായാണോ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സി ഇന്ത്യയെ കണക്കാക്കിയിരുന്നതെന്നതാണ് ചോദ്യം. രണ്ടാമതായി, അമേരിക്കന്‍ സര്‍വകലാശാലകളില്‍ പോയി ഉന്നത വിദ്യാഭ്യാസം നേടാനും ജോലി കരസ്ഥമാക്കാനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവേശം കണക്കിലെടുക്കണം. ഇത് സാധുവായ ഒരു ലക്ഷ്യമാണ്. പ്രവേശകര്‍ വ്യാജ സര്‍വകലാശാലയുടെ ക്ഷണത്തോട് പ്രതികരിച്ചത് ഈ ആവേശത്തോടെയായിരിക്കാം. നിയമപരമായ യാത്രാ രേഖകളോടെയാണ് അവര്‍ ഇതിനായി യുഎസിലെത്തുന്നതും.

സര്‍ക്കാരിനു പുറത്തുള്ള ഒരു തട്ടിപ്പു സംഘം വ്യാജ സര്‍വകലാശാല രൂപീകരിക്കുകയും ഈ കെണിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയും ചെയ്യുന്നതിനു മുന്‍പ് തന്നെ അവരുടെ വ്യാജപ്രവര്‍ത്തനം കണ്ടെത്തേണ്ട ഉത്തരവാദിത്തം യുഎസിലെ ഔദ്യോഗിക കുറ്റാന്വേഷണ സംഘമായ എഫ്ബിഐക്കാണുള്ളത്. എന്നാല്‍ ഇവിടെ വ്യാജ സ്ഥാപനം രൂപീകരിച്ചതും നിയമ ലംഘകരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുവെന്ന് സമര്‍ത്ഥിക്കുന്നതിനായി ധാരാളം സമയവും ഊര്‍ജവും പണവും ഒരു യുഎസ് ഏജന്‍സി തന്നെയാണ്. സര്‍വകലാശാലയുടെ വിശ്വസനീയത ഒരു പക്ഷേ സംശയിച്ചിരിക്കാമെങ്കില്‍ തന്നെ, തങ്ങള്‍ പ്രവേശനം നേടിയ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതൊരു തരം ക്രമകേടുകളും യുഎസ് ഭരണകൂടം ഇടപ്പെട്ട് പരിഹരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍ ഈ കേസില്‍ യുഎസ് രഹസ്യ ഏജന്റുമാര്‍ തന്നെയായിരുന്നു വ്യാജ സര്‍വകലാശാലയ്ക്കു പിന്നില്‍ നിന്ന് കെണിയൊരുക്കലിന് നേതൃത്വം നല്‍കിയത്. ഇത് ഒരിക്കലും ഒരു നല്ല ഇന്റലിജന്‍സ് ശ്രമമോ, ദേശീയ സുരക്ഷാ ദൗത്യമോ അല്ല.

എങ്ങനെയായാലും യുഎസ് ഏജന്‍സികളുടെ ഇത്തരം നീക്കത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും രാജ്യത്തോടുള്ള അനാദരവായി അതിനെ കണക്കാക്കുകയും ചെയ്തു. ഇത് ഇന്ത്യയെ പ്രസിഡന്റ് ട്രംപിന്റെ എതിരാളി രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇന്തോ-യുഎസ് ബന്ധം വഷളാക്കാനുമുള്ള അലി മിലാനിയുടെ കരുതിക്കൂട്ടിയുള്ള നീക്കമാകാനും സാധ്യതയുണ്ട്. രാജ്യത്തെ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഏജന്‍സികളുടെ ഫലങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നതിന് യുഎസ് നയതന്ത്രജ്ഞര്‍ താല്‍പ്പര്യമെടുക്കേണ്ടതാണ്. അമേരിക്കന്‍ മണ്ണില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാജ സ്ഥാപനങ്ങളുടെ കാര്യത്തില്‍ എഫ്ബിഐയും ശ്രദ്ധ ചെലുത്തണം.

‘ഭീകരക്കെതിരായ യുദ്ധം’ ഇതുവരെ വിജയിക്കാത്ത സാഹചര്യത്തില്‍ യുഎസിന് കൂടുതല്‍ സുരക്ഷാ ഭീഷണിയുയര്‍ത്തി രാജ്യത്ത് ഉറങ്ങിക്കിടക്കുന്ന ഭീകര സംഘടനകളുടെ വിത്തുകോശങ്ങളെ കണ്ടെത്തുന്നതിനാവണം എഫ്ബിഐയും മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും ശ്രദ്ധ പുലര്‍ത്തേണ്ടത്. ശത്രുക്കള്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനായി സാമൂഹ്യ മാധ്യങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ അപകടം പിന്നെയും വര്‍ധിച്ചു. 9/11 ചാവേറാക്രമണം അന്വേഷിച്ച കമ്മീഷന്‍, അമേരിക്കന്‍ മണ്ണിലെ തീവ്രവാദ സംഘങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച പല സൂചനകളും കൈകാര്യം ചെയ്യുന്നതിലെ കൃത്യതയില്ലായ്മ അടക്കം യുഎസ് ഇന്റലിജന്‍സിന്റെ പല പോരായ്മകളും എടുത്തുകാണിക്കുകയുണ്ടായി. അമേരിക്കന്‍ ഏജന്‍സികള്‍ അവരുടെ മുഴുവന്‍ പണവും കഴിവുകളും തീവ്രവാദത്തില്‍ നിന്നും രഹസ്യ കുടിയേറ്റക്കാരില്‍ നിന്നും യുഎസ് നേരിടുന്ന സുരക്ഷാ ഭീക്ഷണികള്‍ ഇല്ലാതാക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് വാസ്തവം. കുടിലമായ കെണിയൊരുക്കിക്കൊണ്ടുള്ള പരിശ്രമങ്ങളെ ആശ്രയിക്കാതെ പ്രൊഫഷണല്‍ ഇന്റലിജന്‍സ് മികവിലൂടെ കുടിയേറ്റ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനം കണ്ടെത്താവുന്നതാണ്.

(ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്റ്ററാണ് ലേഖകന്‍)

Categories: FK Special, Slider