ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി ടികെഎം

ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി ടികെഎം

ക്വാളിസ് പുറത്തിറക്കി 1999 ലാണ് ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്

ന്യൂഡെല്‍ഹി : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യയില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി. ക്വാളിസ് എന്ന മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) പുറത്തിറക്കി 1999 ലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ എട്ട് സികെഡി മോഡലുകളും മൂന്ന് സിബിയു മോഡലുകളും ഇന്ത്യയില്‍ വില്‍ക്കുന്നു. ഇന്ത്യയില്‍ കിര്‍ലോസ്‌കര്‍ മോട്ടോറുമായി 1997 ലാണ് ടൊയോട്ട സഹകരിച്ചുതുടങ്ങിയത്. ഇതേതുടര്‍ന്ന് കര്‍ണ്ണാടകയിലെ ബിഡദിയില്‍ ആദ്യ പ്ലാന്റ് സ്ഥാപിച്ചു.

ബിഡദി പ്ലാന്റില്‍ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളാണ് നിര്‍മ്മിക്കുന്നത്. ഒരു ലക്ഷം യൂണിറ്റാണ് വാര്‍ഷിക ഉല്‍പ്പാദന ശേഷി. 2010 ല്‍ ബിഡദിയില്‍ രണ്ടാമതൊരു പ്ലാന്റ് കൂടി തുറന്നു. കൊറോള ആള്‍ട്ടിസ്, എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്, കാമ്‌റി മോഡലുകള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. യാരിസ്, 2018 കാമ്‌റി ഹൈബ്രിഡ് എന്നിവ നിര്‍മ്മിക്കുന്നതും രണ്ടാമത്തെ പ്ലാന്റില്‍ തന്നെ. പ്രതിവര്‍ഷം 2.10 ലക്ഷം യൂണിറ്റാണ് ഉല്‍പ്പാദന ശേഷി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ 15 ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍ക്കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് കഴിഞ്ഞു. നിലവില്‍ ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറുമാണ് ഇന്ത്യയില്‍ ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍. എംപിവി സെഗ്‌മെന്റില്‍ നാല്‍പ്പത് ശതമാനമാണ് ഇന്നോവ ക്രിസ്റ്റയുടെ വിപണി വിഹിതം. അതേസമയം സ്വന്തം സെഗ്‌മെന്റില്‍ 70 ശതമാനമാണ് ഫോര്‍ച്യൂണറിന്റെ വിപണി വിഹിതം.

Comments

comments

Categories: Auto
Tags: Toyota