ഷുഗര്‍ റഷ് മിഥ്യയോ

ഷുഗര്‍ റഷ് മിഥ്യയോ

അമിതമായി മധുരം കഴിച്ച ശേഷം വല്ലാത്ത ഊര്‍ജ്ജം തോന്നുമെന്നത് ഒരു തെറ്റിദ്ധാരണയെന്ന് പഠനം.

സത്യത്തില്‍ മധുരത്തിന്റെ ആധിക്യം മനുഷ്യരെ കൂടുതല്‍ ക്ഷീണിപ്പിക്കുമത്രെ. ബ്രിട്ടനിലെ വാര്‍വിക്, ലാന്‍സസ്റ്റര്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ 1,300പേരുടെ വിവരങ്ങളില്‍ നിന്ന് കോപം, ജാഗ്രത, വിഷാദം, ക്ഷീണം എന്നിവ ഉള്‍പ്പെടെയുള്ള മാനസികാവസ്ഥകളില്‍ പഞ്ചസാര എന്തു സ്വാധീനം ചെലുത്തുമെന്നാണ് പഠനവിധേയമാക്കിയത്. പഞ്ചസാരയുടെ അളവ് എങ്ങനെയാണ് മാനസികാവസ്ഥയെ സ്വാധീനിക്കുന്നതെന്നും, മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങളില്‍ എന്തു വ്യത്യാസമുണ്ടാക്കുമെന്നുമാണ് പരിഗണിച്ചത്. പഞ്ചസാരയുടെ ഉപഭോഗം മാനസികാവസ്ഥയെ ഒട്ടും മെച്ചപ്പെടുത്തുന്നില്ലെന്നാണ് തെളിഞ്ഞത്. കൂടുതല്‍ ഉപയോഗിച്ചവരില്‍ ഒരു സവിശേഷതയും കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അത്തരക്കാര്‍ കൂടുതല്‍ ക്ഷീണമനുഭവിക്കുന്നതായും അവരുടെ ജാഗ്രത കൈമോശം വന്നതായുമായാണ് ബോധ്യപ്പെട്ടത്. അമിതമായി മധുരം കഴിച്ച ശേഷം വല്ലാത്ത ഊര്‍ജ്ജം തോന്നുന്ന അവസ്ഥ ഷുഗര്‍റഷ് എന്നാണ് അറിയപ്പെടുന്നത്. ഇതൊരു മിഥ്യയാണെന്ന് പഠനം തെളിയിച്ചതായി വാര്‍വിക് യൂണിവേഴ്‌സിറ്റിയിലെ എലിസബത്ത് മേയ്‌ലര്‍ പറയുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. പഞ്ചസാര മെച്ചപ്പെട്ട മാനസികനില കൈവരുത്താന്‍ സഹായിക്കുമെന്ന ധാരണ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ രൂഢമൂലമാണ്. അതു കൊണ്ടു തന്നെ മധുരപാനീയങ്ങള്‍ ജനങ്ങളില്‍ വലിയ സ്വീകാര്യത നേടുന്നുവെന്ന് ബെര്‍ലിനിലെ ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ കോന്‍സ്റ്റന്റിനോസ് മാന്റാന്‍സിസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഉയര്‍ന്ന അളവിലുള്ള പഞ്ചസാര പാനീയങ്ങള്‍, പൊണ്ണത്തടി, ആമാശയ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വളര്‍ത്തുകയും ചെയ്യുന്നു. ഇത്തരം ധാരണകള്‍ക്ക്‌യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞങ്ങളുടെ കണ്ടെത്തല്‍ വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. പഞ്ചസാര ആളുകളുടെ ആരോഗ്യം കൂടുതല്‍ വഷളാക്കുകയാണു ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: Health
Tags: Sugar Rush