അലസാലാ: സുഡാനിലെ പ്രതിഷേധത്തിന്റെ പ്രതീകം

അലസാലാ: സുഡാനിലെ പ്രതിഷേധത്തിന്റെ പ്രതീകം

സുഡാനില്‍ ഭരണകൂടത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. അവിടെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഏകദേശം 70 ശതമാനം വരും. തിങ്കളാഴ്ച ഭരണകൂടത്തിനെതിരേ ശബ്ദമുയര്‍ത്തിയ 22 കാരിയുടെ ചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സുഡാനില്‍ ഏകാധിപത്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഓരോ സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും പ്രതീക്ഷയായി ഈ 22 കാരി മാറിയിരിക്കുന്നു.

ആഫ്രിക്കയിലെ ഒരു ദരിദ്ര രാജ്യമാണ് സുഡാന്‍. അവിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടക്കുകയാണ്. ഭക്ഷണങ്ങള്‍ക്കു വില വര്‍ധിക്കുന്നതും, ബാങ്ക് എടിഎമ്മുകളില്‍ പണം ഇല്ലാത്തതുമാണു ജനങ്ങളെ സര്‍ക്കാരിനെതിരേ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സുഡാനില്‍ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് ബ്രഡ്. ബ്രഡിന്റെ വില മൂന്നിരട്ടിയായിട്ടാണ് വര്‍ധിപ്പിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലാണ് ബ്രഡിന്റെ വില വര്‍ധിപ്പിച്ചത്. അത് ജനങ്ങളെ രോഷാകുലരാക്കി. പ്രസിഡന്റ് ഒമര്‍ അല്‍-ബാഷിറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രില്‍ 8) സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലുള്ള പ്രസിഡന്റിന്റെ വസതിയിരിക്കുന്ന വളപ്പിലും, സൈനിക കാര്യാലയത്തിനു മുന്‍പിലുമായി പതിനായിരക്കണക്കിനു പേര്‍ പ്രതിഷേധിക്കാനായെത്തിയിരുന്നു. ഈ ജനസമുദ്രത്തിനു നടുവില്‍ നീളമുള്ള വെള്ള കുപ്പായമണിഞ്ഞ്, ചന്ദ്രാകൃതിയിലുള്ള സ്വര്‍ണ നിറമുള്ള കമ്മല്‍ അണിഞ്ഞ് ഒരു കാറിനു മുകളില്‍ കയറിനിന്നു കൊണ്ട് ആര്‍ജ്ജവത്തോടെ കൈ ഉയര്‍ത്തി സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. അല സാലാ എന്ന 22-കാരിയാണ് ഈ യുവതിയെന്നു പിന്നീട് സ്ഥിരീകരിച്ചു. പ്രാദേശിക ഫോട്ടോഗ്രാഫര്‍ ലാന ഹാറൂണ്‍ എന്ന യുവതിയാണ് ഈ ചിത്രമെടുത്തത്. ഫോട്ടോഗ്രാഫറാണെങ്കിലും ഹാറൂണ്‍ ഈ ചിത്രം ഒപ്പിയെടുത്തത് പ്രഫഷണല്‍ കാമറയിലായിരുന്നില്ല, പകരം സ്മാര്‍ട്ട്‌ഫോണിലായിരുന്നു. പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നതിനാല്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയ്ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അല സാലായുടെ ഈ ഐതിഹാസികമായി മാറിയ ചിത്രം നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അല സാലായുടെ ഈ ചിത്രത്തെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോടാണ് ചിലര്‍ ഉപമിച്ചത്. ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭങ്ങളില്‍ സ്ത്രീകളുടെ പങ്ക് ഉയര്‍ത്തിക്കാട്ടുന്ന ചിത്രമെന്ന നിലയില്‍ കൂടിയാണ് ഈ ചിത്രത്തിന് ഇപ്പോള്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ചരിത്രപരമെന്നാണു സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഈ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. അല സാലാ എന്ന 22-കാരി സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സുഡാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയിറിംഗ് & ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിയാണ്. അവള്‍ ഇപ്പോള്‍ സുഡാനിലെ ഓരോരുത്തരുടെയും പ്രതീക്ഷയും ഊര്‍ജ്ജവുമായി മാറിയിരിക്കുകയാണ്. അവള്‍ സുഡാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന ഓരോ സ്ത്രീക്കും ഓരോ പെണ്‍കുട്ടിക്കും ഊര്‍ജ്ജമായി മാറിക്കഴിഞ്ഞു. പ്രതിഷേധിക്കാനെത്തിയപ്പോള്‍ അല സാലാ അണിഞ്ഞ വെള്ള നിറത്തിലുള്ള നീളമുള്ള കുപ്പായം സുഡാനിലെ തൊഴിലാളി സ്ത്രീകള്‍ അണിയുന്ന വേഷമാണെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 60-കള്‍ മുതല്‍ 90-കള്‍ വരെയുള്ള കാലഘട്ടത്തില്‍ സുഡാനിലെ സ്ത്രീകള്‍ ധരിച്ചിരുന്നതാണ് ഈ വേഷം. യാഥാസ്ഥിതികര്‍ ഏറെയുള്ള സുഡാനില്‍ സ്ത്രീകള്‍ ധരിക്കുന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സുഡാനില്‍ ഇന്നും സ്ത്രീകള്‍ക്കു സ്വന്തം ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ പരമ്പരാഗത വേഷമായ നീളമുള്ള കുപ്പായം ധരിച്ചെത്തിയ അല സാലാ, തൊഴിലാളി വര്‍ഗ സ്ത്രീകള്‍ക്ക് ആദരം പ്രകടിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല സാലായുടെ വേഷം സ്ത്രീകള്‍ക്ക് പ്രചോദനമായി തീര്‍ന്നിരിക്കുകയാണ്. സുഡാനി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിപ്ലവകരമായ പ്രചോദനമാണ് അല സാലാ ഈ വേഷത്തിലൂടെ നല്‍കിയിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. സുഡാനില്‍ ഭരണകൂടം സ്ത്രീകള്‍ക്കു പരിമിതമായ സ്വാതന്ത്ര്യമാണു നല്‍കിയിട്ടുള്ളത്. പക്ഷേ, അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്.

1989 മുതല്‍ സുഡാനില്‍, ഒമര്‍ അല്‍-ബാഷിറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണുള്ളത്. ദരിദ്രരാജ്യമായ സുഡാനില്‍ ഓരോ ദിവസം പിന്നിടുമ്പോഴും ജനങ്ങളുടെ ദുരിതം ഏറിവരികയാണ്. ഭക്ഷണസാധനങ്ങള്‍ക്കു വില വര്‍ധിക്കുകയാണ്. എടിഎമ്മുകളില്‍ പണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതിനെതിരേയാണ് അവിടെ രോഷമുയര്‍ന്നിരിക്കുന്നത്. 2018 ഡിസംബര്‍ മുതല്‍ ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി മുന്നേറുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവരും അതിനു നേതൃത്വം നല്‍കുന്നതും ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഭരണകൂടം ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ മാസം ആറിനും എട്ടിനും ഇടയിലുള്ള ദിവസങ്ങളില്‍ എട്ട് പ്രക്ഷോഭകരാണു കൊല്ലപ്പെട്ടത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമരക്കാരും സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്.

1985-ലെ കലാപം

വടക്ക് കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമാണു സുഡാന്‍. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യം കൂടിയാണു സുഡാന്‍. ഒമര്‍ അല്‍-ബാഷിര്‍ സുഡാന്റെ ഭരണാധികാരിയായി അധികാരമേറ്റത് 1989-ലായിരുന്നു. ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കി കൊണ്ടായിരുന്നു ബാഷിര്‍ അധികാരമേറ്റത്. മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന ബാഷിറിനെ പുറത്താക്കാനാണ് ഇപ്പോള്‍ ജനം തെരുവിലേക്കിറങ്ങിയിരിക്കുന്നത്. 1985 ഏപ്രില്‍ ആറിന് അന്നത്തെ ഭരണാധികാരിയായിരുന്ന ജാഫര്‍ നിമെയ്‌റിയെ പുറത്താക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. തുടര്‍ന്നു നിമെയ്‌റിക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ ചരിത്രം സംഭവത്തിന്റെ ഓര്‍മ രേഖപ്പെടുത്താന്‍ കൂടിയാണ് ഏപ്രില്‍ ആറിന് ബാഷിര്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒത്തുചേര്‍ന്നത്. പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരെല്ലാം ബാഷിറിനെ അധികാരത്തില്‍നിന്നും ‘മറിച്ചിടൂ’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിലുണ്ടായ സംഘര്‍ഷത്തില്‍പ്പെട്ട് ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്ക് 51 പേര്‍ കൊല്ലപ്പെട്ടെന്നാണ്. കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ ബാഷിറിനെതിരേ പ്രതിഷേധം നടക്കുന്നുണ്ട്. ഇതേ തുടര്‍ന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാഷിര്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. എങ്കിലും പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ബാഷിര്‍ ഭരണകൂടത്തിനു സാധിച്ചില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്നാണ്.

Comments

comments

Categories: Top Stories