ഓണ്‍ലൈനായി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിക്കൂട്ടി ഇടനിലക്കാര്‍

ഓണ്‍ലൈനായി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിക്കൂട്ടി ഇടനിലക്കാര്‍
  • ഓണ്‍ലൈനായി നടക്കുന്ന 40-45% സ്മാര്‍ട്ട്‌ഫോണ്‍ വ്യാപാരത്തിന് പിന്നിലും റീസെല്ലര്‍മാര്‍
  • യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്കെത്തുന്നത് 21-24% സ്മാര്‍ട്ട് ഫോണുകള്‍ മാത്രം
  • ജനപ്രിയ സ്മാര്‍ട്ട് ഫോണുകള്‍ ഒന്നടങ്കം വാങ്ങി മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നു

ന്യൂഡെല്‍ഹി: റീസെല്ലര്‍മാരുടെ തട്ടിപ്പുകള്‍ ഇ കൊമേഴ്‌സ് കമ്പനികളിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉപജീവന മാര്‍ഗമായി കണക്കാക്കുന്നത് മൊത്തം വില്‍പ്പനയുടെ 47 ശതമാനവും സംഭാവന ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളെയാണ്. എന്നാല്‍ ഈ വില്‍പ്പനയുടെ ഭൂരിഭാഗവും വരുന്നത് തട്ടിപ്പുകാരായ റീസെല്ലര്‍മാരില്‍ നിന്നാണെന്ന് വിപണി ഗവേഷണ സ്ഥാപനമായ ടെക്എആര്‍സി വ്യക്തമാക്കുന്നത്. ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന ഈ വ്യാജ ഇടനിലക്കാര്‍ ഫോണ്‍ മറിച്ചുവിറ്റും കൊള്ളലാഭമുണ്ടാക്കുന്നു. ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയുള്ള ഫോണ്‍ വില്‍പ്പനയുടെ വിശ്വാസ്യത തന്നെ ഇടിക്കുന്നതാണ് ഈ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഏകദേശം 40-45 ശതമാനം ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയും റീസെല്ലര്‍മാരില്‍ നിന്നുള്ള തട്ടിപ്പ് ഇടപാടുകളാണെന്ന് ടെക്എആര്‍സി ചൂണ്ടിക്കാട്ടുന്നു. റീട്ടെയ്‌ലര്‍മാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക് കമ്പനികള്‍, മൂല്യ ശൃംഖലയിലെ മറ്റുള്ളവര്‍ എന്നിവരുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് വിവരശേഖരണം നടത്തി ഈ റിപ്പോര്‍ട്ട് കമ്പനി തയാറാക്കിയത്. പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളെല്ലാം കൂടുതലായി ഓര്‍ഡര്‍ ചെയ്യുന്നതിന് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ പഴുതുകളാണ് റീസെല്ലര്‍മാര്‍ ഉപയോഗിക്കുന്നത്. പിന്നീട് സാധാരണ ഷോറൂമുകളിലൂടെയും കടകളിലൂടെയും ഈ ഡിവൈസുകള്‍ വില്‍പ്പന നടത്തുന്നു. ഇതിന്റെ ആനുകൂല്യം വന്‍തോതില്‍ കൈപ്പറ്റുന്നത് റീസെല്ലര്‍മാരാണ്. ഫഌഷ് സെയില്‍ വില്‍പ്പനക്ക് ശേഷം പ്രത്യേക മോഡലുകള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ലാതെ വരുമ്പോഴും ഇടനിലക്കാര്‍ക്ക് ചാകരയാണ്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം സ്മാര്‍ട്ട്‌ഫോണുകളുടെ വെറും 21-24 ശതമാനം മാത്രമാണ് യഥാര്‍ത്ഥ ഉപഭോക്താക്കള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഡിസ്‌കൗണ്ടുകള്‍, ബൈബാക്ക് ഓഫറുകള്‍, പണമടയ്ക്കുന്നതിനുള്ള എളുപ്പ സംവിധാനങ്ങള്‍ മുതലായവ മൂലമാണ് ഓണ്‍ലൈന്‍ വിഭാഗത്തിലേക്ക് ഉപഭോക്താക്കള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. ഉപഭോക്താക്കളുമായി മികച്ച ഇടപാടുകള്‍ നടത്തുന്നതിന് ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ ഫഌപ്കാര്‍ട്ടും, ആമസോണും എല്ലായ്‌പ്പോഴും ഫോണ്‍ നിര്‍മാതാക്കളുമായി മികച്ച സൗഹൃദമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് റീസെല്ലര്‍മാര്‍ വന്‍തോതില്‍ വാങ്ങല്‍ നടത്തുന്നത് കമ്പനികള്‍ക്ക് തിരിച്ചടിയാണ്. കൂടിയ വിലയ്ക്ക് പിന്നീട് കടകളിലൂടെ വിറ്റഴിക്കുന്ന ഡിവൈസുകള്‍ വാങ്ങുക മാത്രമാവും ഉപഭോക്താക്കള്‍ക്ക മുന്നിലുള്ള വഴി. ഇത് ഇ-കൊമേഴ്‌സ് സൈറ്റിനോടുള്ള താല്‍പര്യവും കുറയ്ക്കുന്നു. ചില സമയങ്ങളില്‍ ലിമിറ്റഡ് അല്ലെങ്കില്‍ ഔട്ട് ഓഫ് സ്‌റ്റോക്ക് ആയിട്ടുള്ള മോഡലുകള്‍ പോലും ഇപ്രകാരം വില്‍ക്കപ്പെടുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് പുറമെ, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും റീട്ടെയ്‌ലര്‍മാരും ശുഭാപ്തി വിശ്വാസമുള്ള വ്യാവസായ കണക്കുകളാല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. ചില ബ്രാന്‍ഡുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലെ വര്‍ധനവ് കണ്ട് ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ഒഴിവാക്കി ഓണ്‍ലൈനിലേക്ക് എത്താറുണ്ട്. ഇത്തരം തെറ്റായ കാഴ്ചപ്പാട് മൂലം വില്‍പ്പന ഇടിയുന്നു.

Categories: FK News

Related Articles