സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ വര്‍ധന വേണം

സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ വര്‍ധന വേണം

അടുത്ത സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ പ്രഥമ മുന്‍ഗണന നല്‍കേണ്ടുന്ന വിഷയങ്ങളിലൊന്ന് സ്വകാര്യ നിക്ഷേപ പദ്ധതികളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ്

മൂലധന ചെലവിടലുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് പുതിയ സ്വകാര്യ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ കുറഞ്ഞുവരികയാണ്. അതിവേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് അത്ര ശുഭകരമല്ല ഇത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സര്‍ക്കാര്‍ പദ്ധതികളുടെ നടപ്പാക്കലിന് വേഗം കൂടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പുതിയ സ്വകാര്യ പദ്ധതികളുടെ പ്രഖ്യാപനങ്ങളില്‍ വലിയ കുറവുണ്ടാകുന്നുണ്ട്.

ഒരു സമ്പദ് വ്യവസ്ഥയില്‍ ബിസിനസ് ചക്രം പരുവപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് നിക്ഷേപമെന്ന ഘടകമാണ്. കാലങ്ങളായി നിക്ഷേപത്തിന്റെ അടിത്തറയിലാണ് സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടാകുന്നതും വിവിധ സാമൂഹ്യ, സാമ്പത്തിക സൂചകങ്ങളില്‍ പുരോഗതിയുണ്ടാകുന്നതും. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നിക്ഷേപാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്കും നിര്‍ണായകമാണ്. എന്നാല്‍ ഇന്ത്യയിലെ നിക്ഷേപ പ്രക്രിയ മന്ദതയിലാണെന്ന് സിഎംഐഇ ഡാറ്റബേസ് സൂചിപ്പിക്കുന്നു. പ്രഖ്യാപിക്കപ്പെട്ടതും നടപ്പാക്കലിലെ വിവിധഘട്ടങ്ങളിലുള്ളതുമായ പദ്ധതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.

സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല നിക്ഷേപവും സ്വകാര്യനിക്ഷേപവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വാദങ്ങളു യ രാറുണ്ട്. അതില്‍ കാര്യമുണ്ട് താനും. പ്രധാനമായും സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ വരുന്നത് അടിസ്ഥാനസൗകര്യ മേഖലകളിലാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്തുത അടിസ്ഥാനസൗകര്യ പദ്ധതി പൂര്‍ത്തിയാകുന്നത് വരെ മാത്രമേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. സ്വകാര്യ നിക്ഷേപ പദ്ധതികള്‍ തുടര്‍ച്ചയായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും ഒരു ഉല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള തൊഴിലവസരങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കുമ്പോള്‍ അത് വ്യക്തമാകും. പറഞ്ഞുവരുന്നത് ഏത് നിലയ്ക്കും സ്വാകാര്യ നിക്ഷേപ പദ്ധതികളുടെ വര്‍ധന അനിവാര്യമാണെന്നാണ്.

നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതിയുടെ നടപ്പാക്കല്‍, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി തുടങ്ങിയ നിരവധി കാരണങ്ങള്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തെ ബാധിച്ചിട്ടുണ്ടായേക്കാം എന്നത് വാസ്തവമാണ്. എന്നാല്‍ ഇത്തരം സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പ്രത്യാഘാതങ്ങളുടെ കാലം കഴിഞ്ഞു. ഇനിയും അതിന്റെ ഹാങ്ഓവറില്‍ നിക്ഷേപകാന്തരീക്ഷത്തില്‍ ഉണര്‍വില്ലാത്ത അവസ്ഥ വരരുത്. ഏത് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയാലും സ്വകാര്യ നിക്ഷേപ പദ്ധതികള്‍ തടസമിലാതെ നടപ്പിലാക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ മുന്‍കൈയെടുക്കണം. അല്ലെങ്കില്‍ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ചയെയും അത് ബാധിക്കും. 2011-12ന് ശേഷം നടപ്പാക്കല്‍ ഘട്ടത്തിലുള്ള സ്വകാര്യ പദ്ധതികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന വിലയിരുത്തലുകളെയും ഗൗരവത്തിലെടുക്കണം.

ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് അത്ര നല്ല കാലമല്ല വരാനിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കുകയുണ്ടായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ച്ഛിച്ചാല്‍ വിവിധ രാജ്യങ്ങളുടെ വികസനമുന്നേറ്റത്തേയും അത് ബാധിച്ചേക്കും. ഈ സാഹചര്യത്തില്‍ ആഭ്യന്തര തലത്തില്‍ തന്നെ ശക്തമായ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുകയെന്നതിനാണ് നയകര്‍ത്താക്കള്‍ ഊന്നല്‍ നല്‍കേണ്ടത്.

Categories: Editorial, Slider
Tags: investment