ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു: ഒയോ

ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു: ഒയോ

രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലും സംരംഭകത്വവും വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഒയോ ഇന്ത്യ-ദക്ഷിണേഷ്യ സിഇഒ ആദിത്യ ഘോഷ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോമായ ഒയോ. 2020ഓടെ തൊഴിലുകളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട നിരവധി ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രാദേശിക ബിസിനസുകളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഒയോ പറയുന്നു.
ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ ശൃംഖല ഇന്ത്യയില്‍ വിപുലീകരണത്തിന്റെ പാതയില്‍ തുടരുകയാണ്. ഇതിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലും സംരംഭകത്വവും വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഒയോ ഇന്ത്യ-ദക്ഷിണേഷ്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ആദിത്യ ഘോഷ് പറയുന്നു. തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള 1 ലക്ഷം ജോലികളില്‍ പകുതിയോളം ചെറു നഗരങ്ങളിലും പട്ടണങ്ങളിലുമാണ്.
ഒയോ പ്ലാറ്റ്‌ഫോമിലൂടെ മാത്രം ലഭ്യമാകുന്ന 1,73,000 റൂമുകള്‍ക്കായി 40 ലക്ഷം ടോയ്‌ലറ്ററി കിറ്റുകളാണ് ഒരു മാസം കമ്പനി ഉപയോഗിക്കുന്നത്. 40,000 യൂണിറ്റ് ലിനനും ഒരുമാസം ആവശ്യമായി വരുന്നുണ്ട്. 22 ഒയോ വൈദഗ്ധ്യ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും കമ്പനി തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യയിലെ ഹോട്ടല്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെയും സംബന്ധിച്ച് സമഗ്രമായ ജ്ഞാനം ജീവനക്കാരില്‍ സൃഷ്ടിച്ചെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യ, ചൈന, മലേഷ്യ, നേപ്പാള്‍, യുകെ, യുഎഇ, ഇന്തോനേഷ്യ, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ 500 നഗരങ്ങളിലാണ് കമ്പനിക്ക് ഇപ്പോള്‍ സാന്നിധ്യമുള്ളത്.

Comments

comments

Categories: FK News
Tags: Jobs, OYO